1 GBP = 113.67

മാർപാപ്പക്ക് ലോകത്തിന്‍റെ യാത്രാമൊഴി

മാർപാപ്പക്ക് ലോകത്തിന്‍റെ യാത്രാമൊഴി

വത്തിക്കാൻ സിറ്റി: ജനകീയനായ ഫ്രാൻസിസ് മാർപാപ്പക്ക് സെന്റ് മേരി മേജർ ബസിലിക്കയിൽ നിത്യവിശ്രമം. വിശുദ്ധിയുടെ തൂവെള്ളയിൽ പൊതിഞ്ഞ് മരമഞ്ചലിലാണ് അംഗരക്ഷകർ പാപ്പയുടെ ഭൗതികദേഹം എത്തിച്ചത്. രാഷ്ട്രത്തലവൻമാർ ഉൾപ്പെടെയുള്ള പതിനായിരങ്ങൾ സംസ്കാര ചടങ്ങിന് സാക്ഷികളായി.

കർദിനാൾ സംഘത്തിന്റെ തലവൻ ജിയോവാനി ബാറ്റിസ്റ്റ റെയാണ് സംസ്കാര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി തുടങ്ങിയവർ സഹകാർമികരായി.

ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് ഒന്നരക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിയോടെയാണ് സംസ്കാരച്ചടങ്ങുകൾ തുടങ്ങിയത്. ശേഷം വിലാപയാത്രയായി സെന്റ് മേരി മേജർ ബസിലിക്കയിലേക്ക്. പ്രദേശത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. മരണാനന്തര നടപടികളും ശുശ്രൂഷകളും നേരത്തേ മാർപാപ്പ താൽപര്യമെടുത്ത് പരിഷ്കരിച്ചതിനാൽ, ചടങ്ങുകൾ കൂടുതൽ ലളിതമായി. തന്നെ അടക്കം ചെയ്യാൻ സാധാരണ തടിപ്പെട്ടി മതിയെന്ന നിർദേശം പാലിക്കപ്പെട്ടു. അന്ത്യ ചടങ്ങുകളിൽ സംബന്ധിക്കാൻ 170 രാജ്യങ്ങളുടെ പ്രതിനിധികൾ വത്തിക്കാനിലെത്തിയിരുന്നു.

രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്രമന്ത്രി കിരൺ റിജിജു, കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ, കേരള സർക്കാറിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും എത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ, വില്യം രാജകുമാരൻ, ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി, അർജന്റീന പ്രസിഡന്റ് ഹവിയർ മിലൈ, ഫിലിപ്പീൻസ് പ്രസി‍ഡന്റ് ഫെർഡിനൻഡ് മാർകസ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങി ലോക നേതാക്കളുടെ നിര നീണ്ടതായിരുന്നു.

ആളൊഴുക്ക് നിലച്ചില്ലെങ്കിലും മാർപാപ്പയുടെ ശവപേടകം വെള്ളിയാഴ്ച അർധരാത്രി അടച്ചിരുന്നു. രണ്ടരലക്ഷത്തിലേറെ പേർ നേരിട്ട് പാപ്പക്ക് അന്ത്യാഭിവാദ്യം നേർന്നിരുന്നു. ഏപ്രിൽ 21ന് ഇന്ത്യൻ സമയം, പകൽ 11.05നാണ് 88കാരനായ പാപ്പ മരിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more