ലണ്ടൻ: ബ്രിട്ടീഷ് സ്റ്റീൽ സ്കന്തോർപ്പിലെ രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ അടച്ചുപൂട്ടാൻ സാധ്യതയുള്ള ഒരു കൺസൾട്ടേഷൻ ആരംഭിക്കുകയാണ്, 3,500 തൊഴിലാളികളിൽ 2,700 പേർക്ക് വരെ ജോലി നഷ്ടപ്പെടമെന്നാണ് റിപ്പോർട്ടുകൾ. കഠിനമായ വിപണി സാഹചര്യങ്ങൾ, താരിഫ് ചുമത്തൽ, ഉയർന്ന പാരിസ്ഥിതിക ചെലവുകൾ എന്നിവ കാരണം ബ്ലാസ്റ്റ് ഫർണസുകൾ ഇനി സാമ്പത്തികമായി സുസ്ഥിരമല്ല എന്ന് കമ്പനി പറഞ്ഞു.
ബിസിനസ്സ് നിലനിർത്താൻ ബ്രിട്ടീഷ് സ്റ്റീൽ 1 ബില്യൺ പൗണ്ട് സർക്കാർ പണം ഇഞ്ചക്ഷൻ പ്രതീക്ഷിച്ചിരുന്നെങ്കിലും 500 മില്യൺ പൗണ്ട് മാത്രമാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്.
എന്നാൽ ബ്രിട്ടീഷ് സ്റ്റീലിന് സർക്കാർ ഉദാരമായ ഓഫർ നൽകിയിട്ടുണ്ടെന്നും അതിന്റെ ഭാവി സുരക്ഷിതമാക്കാൻ കമ്പനിയുമായും അതിന്റെ ചൈനീസ് ഉടമയായ ജിൻഗെയുമായും സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു. ബിസിനസ്സ് നേരിടുന്ന വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അടച്ചുപൂട്ടൽ സംബന്ധിച്ച കൂടിയാലോചനകൾ ആവശ്യമായ തീരുമാനമാണെന്ന് ബ്രിട്ടീഷ് സ്റ്റീൽ ചീഫ് എക്സിക്യൂട്ടീവ് സെങ്വെയ് ആൻ പറഞ്ഞു.
ബ്രിട്ടീഷ് സ്റ്റീലിന്റെ പ്രഖ്യാപനം ഈ മേഖലയ്ക്ക് ഒരു നിർണ്ണായക നിമിഷമാണെന്നും സ്റ്റീൽ വ്യവസായം പ്രതിസന്ധിയിലാണെന്നും സെങ്വെയ് ആൻ കൂട്ടിച്ചേർത്തു.
അതേസമയം കമ്മ്യൂണിറ്റി യൂണിയൻ ജനറൽ സെക്രട്ടറി റോയ് റിഖസ് അടച്ചുപൂട്ടലിനെ ഒരു ഇരുണ്ട ദിനം എന്ന് വിശേഷിപ്പിക്കുകയും വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കാൻ ജിൻജിയെയും യുകെ സർക്കാരിനെയും പ്രേരിപ്പിക്കുകയും ചെയ്തു. ജിഎംബി യൂണിയൻ ഇതിനെ വിനാശകരമായ വാർത്ത എന്ന് വിശേഷിപ്പിച്ചു, അതേസമയം തൊഴിൽ നഷ്ട സാധ്യത അപമാനകരമാണെന്ന് യുണൈറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞു.
2020 മുതൽ ബ്രിട്ടീഷ് സ്റ്റീൽ ജിൻയെയുടെ ഉടമസ്ഥതയിലാണ്. പ്രവർത്തനം നിലനിർത്തുന്നതിനായി ബ്രിട്ടീഷ് സ്റ്റീലിൽ 1.2 ബില്യൺ പൗണ്ടിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രതിദിനം ഏകദേശം 700,000 പൗണ്ട് സാമ്പത്തിക നഷ്ടം നേരിട്ടതായും ചൈനീസ് സ്ഥാപനം പറയുന്നു.
കമ്പനി 2 ബില്യൺ പൗണ്ടിന്റെ ബിസിനസ് പ്ലാൻ മുന്നോട്ടുവച്ചിട്ടുണ്ട്, ഇത് ബുധനാഴ്ച കമ്പനിയുടെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ അലൻ ബെൽ ബിസിനസ് & ട്രേഡ് സെലക്ട് കമ്മിറ്റിയോട് സംസാരിച്ചുകൊണ്ട് വ്യക്തമാക്കിയിരുന്നു. ബ്രിട്ടീഷ് സ്റ്റീൽ ഡീകാർബണൈസ് ചെയ്യുന്നതിനുള്ള ഏക പ്രായോഗിക ഓപ്ഷൻ 100% ഇലക്ട്രിക് ആർക്ക് ഫർണസ് സ്റ്റീൽ നിർമ്മാണത്തിലേക്ക് മാറുക എന്നതാണെന്ന് കമ്പനി പറയുന്നു. ഇതിനായി 2 ബില്യൺ പൗണ്ടിന്റെ പദ്ധതിയാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്. സർക്കാർ പിന്തുണയില്ലാതെ സ്വകാര്യ മേഖലയ്ക്ക് നടപ്പിലാക്കാൻ കഴിയുന്ന ഒരു പദ്ധതിയല്ല ഇതെന്നും കമ്പനി വ്യക്തമാക്കുന്നു.
50/50 അടിസ്ഥാനത്തിൽ സർക്കാർ ഈ നിക്ഷേപം നടത്തുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നു, എന്നാൽ സർക്കാർ 500 മില്യൺ പൗണ്ട് മാത്രമാണ് വാഗ്ദാനം ചെയ്തത്, ഇത് ബ്രിട്ടീഷ് സ്റ്റീൽ നിരസിച്ചു. തുടർന്നാണ് അടച്ചുപൂട്ടൽ മാത്രമാണ് ഏക മാർഗ്ഗമെന്ന് കമ്പനി പറയുന്നത്.
click on malayalam character to switch languages