മലപ്പുറം: പ്ലസ് ടൂ പരീക്ഷക്കിടെ വിദ്യാര്‍ത്ഥിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അനുമതി. തീരുമാനം വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മലപ്പുറം ആര്‍ഡിഡി നേരിട്ടറിയിച്ചു. റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലും സംഘവുമാണ് വീട്ടിലെത്തി കാര്യം അറിയിച്ചത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം നേരിട്ടെത്തി അറിയിച്ചത്. റിപ്പോര്‍ട്ടര്‍ വാര്‍ത്തക്ക് പിന്നാലെയായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. സേ പരീക്ഷക്ക് ഒപ്പമായിരിക്കും വിദ്യാര്‍ത്ഥിക്ക് പരീക്ഷാ എഴുതാന്‍ അവസരം ലഭിക്കുക. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ പരീക്ഷ സേ ക്ക് പകരം പൊതു പരീക്ഷയായി പരിഗണിക്കും. പ്രത്യേക സര്‍ട്ടിഫിക്കറ്റും നല്‍കും.
സംഭവത്തില്‍ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്‍വിജിലേറ്റര്‍ ഹബീബ് റഹ്മാനെതിരെയാണ് നടപടിയെടുത്തത്. മലപ്പുറം ഡിഡിഇ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്. ഇന്‍വിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും ഇന്‍വിജിലേറ്റര്‍ പരീക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും വിദ്യാര്‍ത്ഥിയുടെ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.
മലപ്പുറം കെഎംഎച്ച്എസ്എസ് കുറ്റൂര്‍ സ്കൂളിലെ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനി അനാമികക്കാണ് ഇക്ണോമിക്സ് പരീക്ഷക്കിടെ ഇത്തരത്തില്‍ ദുരനുഭവം ഉണ്ടായത്. മറ്റൊരു വിദ്യാര്‍ത്ഥിനി സംസാരിച്ചതിനാണ് ഇന്‍വിജിലേറ്റര്‍ അനാമികയുടെ ഉത്തരപേപ്പര്‍ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാര്‍ത്ഥിനി പരീക്ഷാ ഹാളില്‍ ഇരുന്ന് കരഞ്ഞതോടെയാണ് ഇന്‍വിജിലേറ്റര്‍ ഉത്തരക്കടലാസ് തിരിച്ച് നല്‍കിയത്.
എന്നാല്‍ സമയം നഷ്ടമായതോടെ വിദ്യാര്‍ത്ഥിനിക്ക് ഉത്തരങ്ങള്‍ മുഴുവന്‍ എഴുതാന്‍ സാധിക്കാതെ വന്നു. ഉത്തരങ്ങള്‍ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥിനി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക.
click on malayalam character to switch languages