1 GBP = 109.65
breaking news

യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ

യുക്മ ദേശീയ സമിതിക്ക് നവ നേതൃത്വം… അഡ്വ.എബി സെബാസ്റ്റ്യൻ നയിക്കും…. ജയകുമാർ നായർ ജനറൽ സെക്രട്ടറി….ഷീജോ വർഗീസ് ട്രഷറർ

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

എട്ടാമത് യുക്മ ദേശീയ സമിതിയുടെ അവസാനയോഗം പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ രാവിലെ 10ന് ആരംഭിച്ച് ഭരണഘടനാപ്രകാരമുള്ള ചുമതലകൾ നിറവേറ്റി. റിപ്പോർട്ട്, വരവ് ചിലവ് കണക്കുകൾ വായിച്ച് പാസാക്കി. തുടർന്ന് അത്യാവശ്യമായ ചർച്ചകളും തീരുമാനങ്ങളുമെടുത്ത് യോഗം പിരിഞ്ഞു. 

ഉച്ചക്ക് 12 മണി മുതൽ നിലവിലെ ജനറൽ കൗൺസിൽ അംഗങ്ങളുടെ യോഗം ആരംഭിച്ചു. യുക്മ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വൈസ് പ്രസിഡൻറ് ഷിജോ വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ.ബിജു കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനത്തിൽ കമ്മിറ്റിയെ സഹായിച്ച എല്ലാവരോടും നന്ദി പറഞ്ഞു.  റിപ്പോർട്ട് അവതരിപ്പിച്ച് ജനറൽ സെക്രട്ടറി കുര്യൻ ജോർജ് കഴിഞ്ഞ വർഷങ്ങളിൽ വളരെ സൗഹാർദ്ദപരവും ഉചിതവുമായ തീരുമാനങ്ങളിലൂടെ എല്ലാ ഭാരവാഹികൾ തമ്മിലും അംഗ അസോസിയേഷനുകൾ തമ്മിലും വളരെ മികച്ച ബന്ധമാണ് സ്ഥാനമൊഴിയുന്ന കമ്മിറ്റി പിൻതുടർന്ന് വന്നിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് പൊതുയോഗം ഐകകണ്ഡേന അംഗീകരിച്ചു. തുടർന്ന് ട്രഷറർ ഡിക്സ് ജോർജ് കണക്ക് അവതരിപ്പിച്ചു സംസാരിച്ചു. പ്രസിഡൻറ്, സെക്രട്ടറി മറ്റ് ഭാരവാഹികൾ എന്നിവരിൽ നിന്നും ലഭിച്ച വലിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

തുടർന്ന് യോഗം അടിയന്തിരമായി തീരുമാനമെടുക്കേണ്ട  മറ്റ് വിഷയങ്ങൾ ചർച്ച ചെയ്തു തീരുമാനമെടുത്തു. ദേശീയ സമിതിയിലെ ഭാരവാഹികൾക്കും അംഗങ്ങൾക്കും യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ മെമൻ്റോകൾ സമ്മാനിച്ചു. വൈസ് പ്രസിഡൻ്റ്  ലീനുമോൾ ചാക്കോയുടെ നന്ദി പ്രസംഗത്തോടെ എട്ടാമത് ദേശീയ സമിതിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു യോഗം ഉച്ചഭക്ഷണത്തിനായി പിരിച്ചുവിട്ടു.

ഉച്ചഭക്ഷണശേഷം നടന്ന തിരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയർമാൻ കുര്യൻ ജോർജ്, അംഗങ്ങളായ മനോജ് കുമാർ പിള്ള, അലക്സ് വർഗീസ് എന്നിവർ നേതൃത്വം നൽകി സംസാരിച്ചു. തുടർന്ന് പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അഭിപ്രായ സമന്വയത്തിലൂടെ തീരുമാനിച്ച ദേശീയ ഭാരവാഹികളുടെ ലിസ്റ്റ് ജനറൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു.തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നും മത്സരിക്കാൻ താല്പര്യമുള്ളവർക്ക് അവസരവും, നോമിനേഷൻ സമർപ്പിക്കുവാനുള്ള സമയവും അനുവദിച്ചു. സമയപരിധി അവസാനിച്ചപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒഴികെ മറ്റാരും പത്രിക നൽകാതിരുന്നതിനാൽ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ കുര്യൻ ജോർജ് ഭാരവാഹികളെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.  ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത ജനറൽ കൗൺസിൽ അംഗങ്ങൾക്ക് കുര്യൻ ജോർജ് നന്ദി പ്രകാശിപ്പിച്ചു. 

2025 – 2027 വർഷത്തേക്കുള്ള യുക്മയുടെ പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ (ഡാർട്ട്ഫോർഡ്, സൗത്ത് ഈസ്റ്റ്) ജനറൽ സെക്രട്ടറിയായി ജയകുമാർ നായർ (വെനെസ്ഫീൽഡ്, മിഡ്ലാൻഡ്സ്), ട്രഷററായി ഷിജോ വർഗീസ് (വാറിംഗ്ടൺ, നോർത്ത് വെസ്റ്റ്), വൈസ് പ്രസിഡൻറ് വർഗീസ് ഡാനിയേൽ ( ഷെഫീൽഡ്, യോർക് ഷെയർ & ഹംമ്പർ) സ്മിതാ തോട്ടം (സട്ടൻ കോൾഫീൽഡ്, മിഡ്ലാൻഡ്സ്), ജോയിൻ്റ് സെക്രട്ടറി സണ്ണിമോൻ മത്തായി (വാറ്റ്ഫോർഡ്, ഈസ്റ്റ് ആംഗ്ലിയ), റെയ്മോൾ നിധിരി (സ്വിൻഡൻ, സൗത്ത് വെസ്റ്റ് ), ജോയിൻറ് ട്രഷറർ പീറ്റർ താണോലിൽ (അബർസ്വിത്ത്, വെയിൽസ്) എന്നിവരെയാണ് ജനറൽ കൗൺസിൽ യോഗം ഐകകണ്ഡേന തിരഞ്ഞെടുത്തത്.

തുടർന്ന് സ്ഥാനമേറ്റ പുതിയ കമ്മിറ്റി പ്രസിഡൻറ് അഡ്വ.എബി സെബാസ്റ്റ്യൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദേശീയ  സമിതിയുടെ  യോഗം  അടിയന്തര പ്രധാനപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുത്തു. പുതിയ കമ്മിറ്റിക്ക് സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ, ബേസിംഗ്സ്റ്റോക് സിറ്റി കൗൺസിലറും മുൻ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, യുക്മ അഡ്വൈസറി ബോർഡ് മെംബർ തമ്പി ജോസ് തുടങ്ങിയവർ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. മുൻ ജനറൽ സെക്രട്ടറിയും ഇലക്ഷൻ കമ്മീഷണറുമായ അലക്സ് വർഗീസിൻ്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more