1 GBP = 111.78

ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്‌ ബർമിംഗ്ഹാമിൽ

ചരിത്ര നേട്ടങ്ങളുമായി യുക്മ നേതൃത്വം പടിയിറങ്ങുന്നു……ഒൻപതാമത് ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്‌ ബർമിംഗ്ഹാമിൽ

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

സൗമ്യത  മുഖമുദ്രയാക്കിയ രണ്ട് ആളുകള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്‍കാതെ ഒരു ഭരണസമിതിയുടെ കാലയിളവില്‍ ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന്‍ ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള എട്ടാമത് യുക്മ ദേശീയ കമ്മറ്റി. ഇരുവര്‍ക്കുമൊപ്പം ഊര്‍ജ്ജ്വസ്വലനായ ട്രഷറര്‍ ഡിക്സ് ജോര്‍ജ് കൂടി ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ഭരണസമിതി ആദ്യമായി അഞ്ചക്ക സംഖ്യ നീക്കിയിരുപ്പോടെയാണ് സ്ഥാനമൊഴിയുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂര്‍ത്തീകരിച്ചുവെങ്കിലും  കോവിഡ് മൂലം തെരഞ്ഞെടുപ്പ് നടന്നത് 2022 ജൂണ്‍ 22നാണ്. രണ്ട് വര്‍ഷക്കാലം കൂടുമ്പോള്‍ നടക്കേണ്ട യുക്മ തെരഞ്ഞെടുപ്പ്, പുതിയതായി നിലവില്‍ വന്ന ഭരണഘടന നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നടത്തുന്നതിനായി 2024 മെയ് മാസം ചേര്‍ന്ന ആനുവല്‍ ജനറല്‍ ബോഡിയുടെ പ്രത്യേക അനുമതിയോടെയാണ് കാലാവധി രണ്ടര വര്‍ഷമായി മാറ്റിയെടുത്തത്. ഷീജോ വര്‍ഗ്ഗീസ്, ലീനുമോള്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം (ജോ. സെക്രട്ടറിമാര്‍) അബ്രാഹം പൊന്നുംപുരയിടം (ജോ. ട്രഷറര്‍ എന്നിവരായിരുന്നു മറ്റ് ഭാരവാഹികളും  റീജണല്‍ പ്രസിഡന്റുമാരും നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും കമ്മറ്റികളില്ലാത്ത റീജണുകളിലെ കോര്‍ഡിനേറ്റേഴ്സുമടങ്ങുന്ന 27 അംഗ ദേശീയ ഭരണസമിതിയാണ് നേതൃത്വത്തിന് കരുത്ത് പകര്‍ന്നത്.  

യുക്മയുടെ ചരിത്രത്തില്‍ ഏറ്റവും ചലനാത്മകവും വിജയകരവുമായി പ്രവര്‍ത്തിച്ച ഈ കമ്മിറ്റി ശ്രദ്ധേയമായ പല പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. യു.കെ മലയാളി സമൂഹത്തിലെ കഴിവുറ്റ കലാകാരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സമൂഹത്തിനുള്ളില്‍ ഐക്യബോധം വളര്‍ത്തുന്നതിനും വേദിയൊരുക്കി കേരളീയ കലകളുടെയും സാഹിത്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ഉജ്ജ്വലമായ ആഘോഷമായ യുക്മ ദേശീയ കലാമേള 2022, 2023, 2024 വര്‍ഷങ്ങളില്‍ ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിക്കപ്പെട്ടതിന് യു.കെയിലുടനീളമുള്ള മലയാളികളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്തെ രണ്ട് ഓണ്‍ലൈന്‍ കലാമേള ഉള്‍പ്പെടെ തുടര്‍ച്ചയായ പതിനഞ്ച് കലാമേളകളാണ് ഇതിനോടകം യുക്മ സംഘടിപ്പിച്ചത്.  കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയുടെ ചൈതന്യം ബ്രിട്ടണിലേയ്ക്ക് കൊണ്ടുവന്ന കേരളാ പൂരം എന്ന പേരില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരം ഈ ഭരണസമിതിയുടെ മൂന്ന് വര്‍ഷവും ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുകയുണ്ടായി. യൂറോപ്പിലെ മലയാളികള്‍ക്കിടയില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പരിപാടി എന്ന നിലയില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്ന കേരളാ പൂരം കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ സത്തയെ ഉള്‍ക്കൊള്ളിച്ചു നടത്തപ്പെടുന്നതായി. 

മൂന്ന് തവണയും നടന്ന കേരളാപൂരം വള്ളംകളി പരിപാടികള്‍ക്ക് മുന്‍നിര സിനിമാതാരങ്ങളെയാണ് അതിഥികളായെത്തിച്ചത്. 2022 ആഗസ്റ്റ്‌ 27 ന് നടന്ന നാലാമത് യുക്‌മ കേരളപൂരം വള്ളംകളിയ്ക്ക് സുപ്രസിദ്ധ സിനിമ താരം ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനില്‍കുമാര്‍, മാസ്റ്റര്‍ ഷെഫ് സുരേഷ്‌ പിള്ള എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി. 2023ലെ അഞ്ചാമത്  വള്ളംകളിയ്ക്ക് മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ജോജു, ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരോടൊപ്പം പ്രശസ്ത യുട്യൂബര്‍ സുജിത് ഭക്തന്‍, ഗായകന്‍ അഭിജിത് കൊല്ലം എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. 2024ലെ ആറാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു. 

യുക്മ കലാമേളകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയാണ് ചെല്‍ട്ടന്‍ഹാം മൂന്ന് തവണയും വേദിയായത്.  2022 നവംബര്‍ 5 ന് നടന്ന ദേശീയ കലാമേളയില്‍ പ്രശസ്ത സിനിമ താരം നരെയ്ന്‍, ലണ്ടന്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സുഭാഷ് പിള്ള എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 2 വര്‍ഷത്തെ ഓണ്‍ലൈന്‍ കലാമേളകള്‍ക്ക് ശേഷം നടന്ന കലാമേളയെ യുകെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് വരവേറ്റത്. 2023 നവംബര്‍ 4ന് നടന്ന ദേശീയ കലാമേള മത്സരാര്‍ത്ഥികളുടെ ബാഹുല്യം കാരണം വെളുപ്പിന് 3 മണി വരെ നീണ്ടപ്പോള്‍ ഫല പ്രഖ്യാപനവും സമ്മാന വിതരണവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 05/11/2023 ല്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനം നടത്തുകയും ഒരു മാസത്തിനകം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്യുമെന്നും അറിയിച്ചു. കലാമേളയുടെ സമ്മാന വിതരണം 25/11/2023 ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തി മുഖ്യാതിഥിയായി ശ്രീ.തോമസ് ചാഴിക്കാടന്‍ എം.പിയെ പങ്കെടുപ്പിച്ച് ഗംഭീരമാക്കി. 2024 നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമിലെ ക്ളീവ് സ്കൂളില്‍ വെച്ച് നടന്ന പതിനഞ്ചാമത് ദേശീയ കലാമേള ഒരു ചരിത്ര വിജയമായി. യു.കെ മലയാളികളുടെ അഭിമാനമായി മാറിയ സോജന്‍ ജോസഫ് എം.പി കലാമേളയുടെ മുഖ്യാതിഥിയായി എത്തിയപ്പോള്‍ പ്രശസ്ത നടി ദുര്‍ഗ കൃഷ്ണ സെലിബ്രിറ്റി ഗസ്റ്റായി എത്തി. റീജിയണല്‍ കലാമേളകളില്‍ വിജയികളായ അറുന്നൂറോളം കലാകാരന്‍മാരും കലാകാരികളും ആറ് സ്റ്റേജുകളിലായി അരങ്ങേറിയപ്പോള്‍ അതൊരു ചരിത്ര വിജയമായി മാറുകയായിരുന്നു.

2022 സെപ്‌റ്റംബര്‍ 8ന് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 15 ന് യുക്മ ഭാരവാഹികള്‍ ബക്കിംങ്ഹാം പാലസിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.  

2022 ഒക്‌ടോബര്‍ 9 ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പങ്കെടുത്ത ലോക കേരള സഭ – ലണ്ടന്‍ റീജിയണല്‍ സമ്മേളനത്തിലും പൊതുയോഗത്തിലും പരിപാടിയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ യുക്മ ദേശീയ സമിതിയിലെ അംഗങ്ങള്‍ പങ്കെടുത്തു. 2024 ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയില്‍ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് യുക്മ യു കെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എ   ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവരും നാലാം ലോക കേരള സഭയില്‍ പങ്കെടുത്തിരുന്നു. 

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം കൂട്ടിക്കലില്‍ നിര്‍മ്മിച്ച് നല്‍കിയ 2 വീടുകളുടെ താക്കോല്‍ ദാനം 2023ല്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വി.എന്‍. വാസവന്‍ നിര്‍വ്വഹിച്ചു. പ്രസ്‌തുത ചടങ്ങില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റികളായ അഡ്വ. എബി  സെബാസ്റ്റ്യന്‍, ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു. 

2023 ജനുവരി 8 മുതല്‍ 10 വരെ ഇന്‍ഡോറില്‍ വെച്ച് നടന്ന പ്രവാസി ഭാരതീയ ദിവസില്‍ യുക്മ പ്രതിനിധിയായി അഡ്വ. എബി സെബാസ്റ്റ്യന്‍ പങ്കെടുത്തു. 

കോവിഡ് കാലഘട്ടത്തില്‍ പ്രധാനമായും യുക്മയുടെ ശ്രമഫലമായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍ – കൊച്ചി റൂട്ടിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നതിനുള്ള തീരുമാനമെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് യുക്മ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 2023ല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്നുള്ള യുക്മയുടെ നിവേദനം കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ വഴി പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. 2025ല്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിനെതിരെയുള്ള യു കെ മലയാളികളുടെ പ്രതിഷേധം എയര്‍ ഇന്ത്യയേയും വ്യോമയാന മന്ത്രാലയത്തേയും അറിയിക്കുകയുണ്ടായി. യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ ശ്രീ. സോജന്‍ ജോസഫ് എം.പിയോടൊപ്പം ബ്രിട്ടീഷ് വ്യോമയാന മന്ത്രി മൈക്ക് കെയ്നെ നേരില്‍ കണ്ട് ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങേണ്ടതിന്‍റെ ആവശ്യകത അറിയിക്കുകയുണ്ടായി.

ഈ ഭരണസമിതിയുടെ കാലയളവിനുള്ളില്‍ യുകെ മലയാളി സമൂഹത്തില്‍ നിന്നും ഒട്ടനവധിയാളുകള്‍ നമ്മളെ വേര്‍ പിരിഞ്ഞു. ഇതില്‍ പല മരണങ്ങളും  പ്രസ്തുത കുടുംബങ്ങളെ നിരാലംബരാക്കിയെന്നതാണ് സത്യം. ഈ കുടുംബാംഗങ്ങളുടെയും പ്രാദേശിക അസ്സോസ്സിയേഷനുകളുടെയും അഭ്യര്‍ത്ഥന അനുസരിച്ച്  യുക്മ നടത്തിയ ചാരിറ്റി അപ്പീലിലൂടെ 22 കുടുംബങ്ങളെയാണ് ഇതുവരെയും യു.കെയിലെ സുമനസ്സുകളുടെ പിന്തുണയോടെ സഹായിക്കുവാന്‍ സാധിച്ചത്. യുക്മ ചാരിറ്റി അപ്പീലുകള്‍ക്ക് യുകെ മലയാളി സമൂഹം നല്‍കി വരുന്ന നിര്‍ലോഭമായ സഹകരണത്തിലൂടെ ഏകദേശം രണ്ടര ലക്ഷത്തോളും പൗണ്ടിന്റെ സഹായമാണ് ഈ അവസരത്തില്‍ ചെയ്തത്. 

യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മെഡിക്കല്‍, ഡന്‍റല്‍, ഗ്രാമര്‍ സ്കൂള്‍, എഞ്ചിനീയറിംഗ്  & ഐ.ടി എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറുകള്‍ വളരെയധികം ആളുകളുടെ പ്രശംസകള്‍ നേടിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സിന്റെ സെഷന്‍ ഫെയ്സ്ബുക്ക്, സൂം എന്നിവയിലാണ് നടത്തപ്പെട്ടത്. യുക്മയുടെ സഹകരണത്തോടെ ട്യൂട്ടര്‍ വേവ്സ്, ട്യൂട്ടേഴ്സ് വാലി എന്നിവര്‍ നടത്തിയ വിദ്യാഭ്യാസ അവബോധ സെമിനാറുകള്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറ, ജോ. സെക്രട്ടറി സ്മിത തോട്ടം, റെയ്മോള്‍ നിധീരി, നോര്‍ഡി ജേക്കബ്ബ് എന്നിവര്‍ ഈ വെബ്ബിനാറുകള്‍ക്ക് നേതൃത്വം നല്‍കി.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള യുക്മയുടെ ആദരം അറിയിക്കുന്നതിനായി 05/08/2023 ല്‍ ഷീജോ വര്‍ഗ്ഗീസ്, അബ്രാഹം പൊന്നുംപുരയിടം, അഡ്വ. എബി സെബാസ്റ്റ്യന്‍, ജിജോ മാധവപ്പള്ളി, ബൈജു തിട്ടാല, ഷൈമോന്‍ തോട്ടുങ്കല്‍, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവര്‍ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു. 

ചാള്‍സ് രാജാവ് 14/11/2023 ല്‍ ബക്കിംഗ്ഹം പാലസില്‍ നടത്തിയ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ യുക്മ നഴ്സസ് ഫോറത്തെ പ്രതിനിധീകരിച്ച് യുക്മ ജോയിന്‍റ് സെക്രട്ടറി സ്മിത തോട്ടം, മുന്‍ ജോയിന്‍റ് സെക്രട്ടറിയും യു.എന്‍.എഫ് അഡ്വൈസറുമായ സാജന്‍ സത്യന്‍ എന്നിവര്‍ പങ്കെടുത്തു. 11/05/2024 യു.എന്‍.എഫ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷച്ചടങ്ങ് നോട്ടിങ്ഹാമില്‍ വച്ച് അതിമനോഹരമായി നടത്തപ്പെട്ടു. ഒ.ഇ.ടി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒ.ഇ.ടി എക്സാം ബോര്‍ഡ്, എന്‍.എച്ച്. എസ് ഇംഗ്ളണ്ട് എന്നിവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും യുക്മയുടെ സഹകരണം തേടുകയുണ്ടായി. ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും യുക്മ നല്‍കിയിരുന്നു. യുക്മ നഴ്സസ് ഫോറം നഴ്സിങ് മേഖലയിലെ വിദഗ്ദരുടെ സഹകരണത്തോടെ നഴ്‌സിങ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ വെബിനാറുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ക്ക് പ്രയോജനകരമായിരുന്നു. സോണിയാ ലൂബി, മിനിജ ജോസഫ്, ഷൈനി ബിജോയ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. 

അഞ്ചര ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍സി.എന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജോയ് സെബാസ്റ്റ്യന്‍റെ പ്രചരണത്തില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, യുക്മ ക്രിയാത്മകമായ നേതൃത്വം നല്‍കി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ബിജോയ് സെബാസ്റ്റ്യന്‍ മുഴുവന്‍ യു.കെ മലയാളികളുടെയും അഭിമാനമായി. ആര്‍സി.എന്‍ മിഡ്ലാന്റ്സ്  ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയംഗം ബ്ലെസ്സി ജോണിന്‍റെ തിരഞ്ഞെടുപ്പ് ക്യാംപയിനും യുക്മ പിന്തുണ നല്‍കി. ബ്ലെസിയും തിരഞ്ഞെടുപ്പില്‍  തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. 

ദേശീയ കായികമേളകള്‍ 2023ല്‍ നൈനീറ്റണിലും 2024ല്‍ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.

ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്‍റെ സഹകരണത്തോടെ യുക്മ സംഘടിപ്പിച്ച ബംബര്‍ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബര്‍ 2 ന് ദേശീയ കലാമേള വേദിയില്‍ വെച്ച് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത് തോമസിനും രണ്ടാം സമ്മാനമായ ഒരു പവന്‍ സ്വര്‍ണ്ണം ബ്രിസ്റ്റോളിലെ കെവിന്‍ എബ്രഹാമിനും ലഭിച്ചു. കൂടാതെ എട്ട് റീജിയണുകളിലും ഒരു ഗ്രാം സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി.സമ്മാനാര്‍ഹര്‍ക്ക് നവംബര്‍ 16 ന് ഡര്‍ബിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

2024 ജൂലൈ 30 ന് സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ യുക്മയുടെയും യുക്മ ചാരിറ്റിയുടെയും അഭ്യര്‍ത്ഥനകള്‍ മാനിച്ച് യുകെ മലയാളികള്‍ നല്‍കിയത് 10567.76 പൗണ്ടാണ്. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇനിയും കൃത്യമായ രൂപരേഖ തായ്യാറാകാത്തതിനാല്‍ ഈ തുക യുക്മ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ക്ളബ്ബ് മില്യണയര്‍ കൊച്ചിയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ അവസാന വാരം യു കെയിലെ 6 പ്രധാന നഗരങ്ങളില്‍ ബിസിനസ്സ് മീറ്റുകള്‍ സംഘടിപ്പിച്ചു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കവന്‍ട്രി, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റര്‍, മില്‍ട്ടന്‍ കെയ്ന്‍സ് എന്നിവിടങ്ങളില്‍ നടന്ന മീറ്റുകള്‍ വിജയകരമായിരുന്നു. സഞ്ജീവനി ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിച്ച മീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

വളരെ മനോഹരമായി തയ്യാറാക്കിയ മള്‍ട്ടി കളര്‍  യുക്മ കലണ്ടര്‍ – 2025 വിതരണത്തിനായി 2024 ഡിസംബര്‍ പകുതിയോട് കൂടി റീജിയണുകളുടെ നേതൃത്വത്തില്‍ അംഗ അസ്സോസ്സിയേഷനുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പോസ്റ്റല്‍ വഴി അയച്ച് നല്‍കുകയും ചെയ്തു. 

പെരുമാറ്റത്തിലെ വിനയവും ലാളിത്യവും സൗമ്യതയും കൊണ്ട് ഏവരുടേയും അംഗീകാരവും പിന്തുണയും ആര്‍ജ്ജിച്ച പ്രവര്‍ത്തനശൈലിയായിരുന്നു ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന്‍ ജോര്‍ജും പിന്തുടര്‍ന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇരുവരുടേയും സമീപനത്തിന് യു.കെ മലയാളി സമൂഹത്തിലും അംഗഅസോസിയേഷനുകള്‍ക്കിടയിലും വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ ഭരണസമിതിയുടെ കാലത്തുടനീളം, എല്ലാ വിഭാഗങ്ങളില്‍ പെടുന്നവരെ കേള്‍ക്കുകയും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയും ചെയ്യുന്നുവെന്ന് അവര്‍ ഉറപ്പാക്കി. ഈ കമ്മറ്റിയുടെ ഭരണകാലത്ത്  സംഘടനയ്ക്കുള്ളില്‍ ഐക്യം വളര്‍ത്തുകയും വ്യാപകമായ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തത്, യുക്മയെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വീകാര്യവുമാക്കി. പരസ്പര സഹകരണം, ഐക്യം, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനയുള്ള അവരുടെ പ്രതിബദ്ധത ഈ ഭരണസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. ഇതേ സമയം തന്നെ യുക്മയുടെ  മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള  ദൃഢനിശ്ചയത്താല്‍ അവരുടെ നേതൃത്വ ശൈലി അടയാളപ്പെടുത്തിയിരിക്കുന്നു.

യുക്മ എന്ന സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും  യു.കെയിലെ മലയാളി സമൂഹത്തിനായുള്ള അശ്രാന്ത സേവനത്തിനും സംഘടിപ്പിച്ച പരിപാടികളിലെ തകര്‍പ്പന്‍ നേട്ടങ്ങള്‍ക്കും ഈ ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാരോടും അവരുടെ ടീമിനോടും  യുക്മ ഏറെ കടപ്പെട്ടിരിക്കുന്നു. ഭാവിപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമ്പോള്‍, ഈ വിജയകരമായ ഭരണസമിതിയുടെ പാരമ്പര്യം സംഘടനയ്ക്ക് ഏറെ പ്രചോദനവും മാതൃകയുമാവും. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍, ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന്‍ ജോര്‍ജും ശ്രീ ഡിക്സ് ജോര്‍ജ്ജും ഒപ്പം അവരുടെ ടീമും സ്ഥാപിച്ച സുശക്തമായ ഒരു സംഘടനാ സംവിധാനം പുതിയ അധ്യായത്തിന്റെ തുടക്കം കുറിയ്ക്കുന്ന അടുത്ത ഭരണസമിതിയ്ക്ക് ശക്തമായ കരുത്ത് പകരും. ഇന്ന് സ്ഥാനമൊഴിയുന്ന ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് യുകെ മലയാളി സമൂഹത്തിൻ്റെ പേരിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more