1 GBP = 109.38
breaking news

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനാവില്ലെന്ന് യു.എസ് കോടതി

ട്രംപിന് വീണ്ടും തിരിച്ചടി; ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനാവില്ലെന്ന് യു.എസ് കോടതി

വാഷിങ്ടൺ: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനാവില്ലെന്ന് യു.എസ് കോടതി. ചില കുടിയേറ്റക്കാരുടെ മക്കൾക്ക് മാത്രം ജന്മാവകാശപൗരത്വം നൽകുന്നത് നിർത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ജന്മാവകാശ പൗരത്വം സംബന്ധിച്ച നിയമപോരാട്ടം യു.എസ് സുപ്രീംകോടതിയിലേക്ക് നീളുമെന്ന് ഉറപ്പായി.

യു.എസ് ഒമ്പതാം സർക്യൂട്ട് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട യു.എസ് ഭരണകൂടത്തിന്റെ അപ്പീൽ തള്ളിയത്. ജന്മാവകാശ പൗരത്വം തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവിന് സിയാറ്റിൽ ജഡ്ജി നേരത്തെ സ്റ്റേ നൽകിയിരുന്നു. ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് യു.എസ് ഭരണകൂടം അപ്പീൽ കോടതിയെ സമീപിച്ചത്.

ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് ​ട്രംപിന്റെ കുടിയേറ്റ നയത്തെ ബാധിക്കുന്ന നിർണായക ഉത്തരവാണ്. യു.എസിലെ ഇമിഗ്രേഷൻ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും യു.എസ് നീതിവകുപ്പ് കോടതിയിൽ വാദിച്ചു.

എന്നാൽ, നീതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട് നിയമപരമായ വാദങ്ങളൊന്നും മുന്നോട്ടുവെക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ അടിയന്തരമായി ഇടപ്പെടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കീഴ്കോടതിയുടെ സ്റ്റേ നീക്കുന്നതിൽ നിന്നും അപ്പീൽ കോടതി വിട്ടുനിന്നത്.

അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ യുഎസ്സിലെ വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തിൽ വരാനിരിക്കുകയായിരുന്നു. ഇതിനിടെ വിവിധ സംസ്ഥാനങ്ങൾ നിയമനടപടിയുമായി രംഗത്തെത്തുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more