നോട്ടിംഗ്ഹാം: ലിങ്കൺഷെയറിലെ ബോസ്റ്റണിൽ മലയാളി യുവാവിന് ദാരുണാന്ത്യം. പാലക്കാട് ഇരട്ടക്കുളം സ്വദേശി ലിബിൻ എം ലിജോയെന്ന 27 കാരനാണ് നോട്ടിംഗ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്ററിൽ മരണമടഞ്ഞത്.
തുടർച്ചയായുള്ള തലവേദനയെത്തുടർന്ന് ജിപിയെ കണ്ടിരുന്നു, എന്നാൽ ചെവിവേദനയും അപസ്മാരവും പിന്നാലെയെത്തിയതോടെ നോട്ടിംഗ്ഹാമിലെ ക്യുൻസ് മെഡിക്കൽ സെന്ററിലേക്ക് റഫർ ചെയ്യുകയായിരുന്നു. രണ്ടാഴ്ചയിലേറെയായി ക്യുൻസ് മെഡിക്കൽ സെന്ററിൽ കഴിഞ്ഞ ലിബിന് സ്ഥിതി മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിറുത്തിയിരുന്നത്. എന്നാൽ ഇന്നലെ കൂടുതൽ ഗുരുതരാവസ്ഥയിലാകുകയും മരണം സംഭവിക്കുകയുമായിരുന്നു. അതേസമയം ഡോക്ടർമാർക്ക് ഇതുവരെയും മരണകാരണം കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതും വസ്തുതയായി തുടരുകയാണ്. ആശുപത്രി മെഡിക്കൽ വിഭാഗം അന്വേഷണം തുടരുകയാണ്.
വിദ്യാർത്ഥി വിസയിലെത്തിയ ലിബിൻ പഠനശേഷം വർക്ക് പെർമിറ്റ് കരസ്ഥമാക്കുകയും കെയററായി ജോലി നോക്കുകയുമായിരുന്നു. ഇതിനിടെ ലിബിന്റെ പ്രതിശ്രുത വധുവിനെയും യുകെയിൽ കൊണ്ടുവന്നിരുന്നു. രണ്ടു മാസം കഴിഞ്ഞു നാട്ടിലെത്തി വിവാഹം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തവേയാണ് വിധി ലിബിന്റെ ജീവനെടുത്തത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്കാരം നടത്തുന്നതിനാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നത്.
ലിബിന്റെ ആകസ്മിക വേർപാടിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോ, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം സാജൻ സത്യൻ, യോർക് ഷെയർ & ഹമ്പർ റീജിയൻ പ്രസിഡൻ്റ് വർഗീസ് ഡാനിയേൽ, സെക്രട്ടറി അമ്പിളി സെബാസ്റ്റ്യൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages