1 GBP = 105.36
breaking news

ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്ത വർഷം ജനുവരി മുതലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്; അടുത്ത വർഷം ജനുവരി മുതലെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പിൽ വരുത്താനൊരുങ്ങി ബിജെപി സർക്കാർ. അടുത്ത വർഷം ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ഉത്തരാഖണ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ബോർഡ് യോഗത്തിൽ പങ്കെടുക്കവെയാണ് എല്ലാ ‘ഹോംവർക്കു’കളും തീർന്നെന്നും ജനുവരി മുതൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്നും ധാമി അറിയിച്ചത്. ഇതോടെ രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയിരുന്നു. തുടർന്ന് മാർച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. റിട്ട. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബിൽ നിർദേശങ്ങൾ തയ്യാറാക്കിയത്.

ഏക സിവിൽ കോഡ് നടപ്പാകുന്നതോടെ ഉത്തരാഖണ്ഡിൽ എല്ലാ മതവിശ്വാസികളുടെയും വിവാഹപ്രായം ഏകീകരിക്കപ്പെടും. നിലവിലെ വ്യവസ്ഥകളോട് ചേർന്ന്, എല്ലാ മതവിശ്വാസങ്ങളിലുംപെട്ട പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസും ആൺകുട്ടികളുടെ വിവാഹപ്രായം 21 ഉം തന്നെ ആയിരിക്കും. വിവാഹത്തിന് കൃത്യമായ രജിസ്ട്രേഷൻ, വിവാഹമോചനത്തിന് ഭാര്യക്കും ഭർത്താവിനും തുല്യ കാരണങ്ങൾ, ഭർത്താവിന് ബാധകമായ അതേ വിവാഹമോചന കാരണങ്ങൾ ഭാര്യയ്ക്കും ബാധകമായിരിക്കും, ഒരു ഭാര്യ ജീവിച്ചിരിക്കുന്നിടത്തോളം രണ്ടാം വിവാഹം സാധ്യമല്ല, അതായത് ബഹുഭാര്യത്വത്തിന് നിരോധനം തുടങ്ങിയവയാണ് മറ്റ് നിയമങ്ങൾ. അനന്തരാവകാശത്തിൽ ആൺകുട്ടികളെപ്പോലെ പെൺകുട്ടികൾക്കും തുല്യാവകാശം, ലിവ്-ഇൻ ബന്ധത്തിന് അനുമതി വേണം തുടങ്ങിയവയാണ് മറ്റ് ചില നിയമങ്ങൾ. പട്ടികവർഗ വിഭാഗത്തെ ഏക സിവിൽ കോഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more