ഒത്തിണക്കമില്ലാത്ത നീക്കങ്ങള്‍ക്കും റഫറിയുടെ തെറ്റായ തീരുമാനത്തിനും ഒടുവില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന കേരള ടീം പോയിന്റ് പട്ടികയില്‍ 11-ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് പരാജയപ്പെട്ടത്. രണ്ട് പകുതികളിലും നിരവധി അവസരങ്ങള്‍ തുറന്നെടുത്തിട്ടും ഗോള്‍ മാത്രം പിറക്കാത്ത മത്സരത്തില്‍ അലസമായ നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളില്‍ നിന്ന് കണ്ടു. നോഹ സദോയ്, അഡ്രിയാന്‍ ലൂണ, കെ.പി രാഹുല്‍ എന്നിവര്‍ മോശമില്ലാത്ത പ്രകടനം കാഴ്ച്ച വെച്ചപ്പോള്‍ ആദ്യപകുതിയുടെ 13-ാം മിനിറ്റില്‍ ജീസസ് ജിമിനസ് ആണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോള്‍ നേടിയത്.
എന്നാല്‍ 43-ാം മിനിറ്റില്‍ ഗോളിലേക്ക് എത്തുമെന്ന് പോലും തോന്നിക്കാത്ത നീക്കത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങുകയായിരുന്നു. ഹൈദരാബാദിന്റെ ആന്‍ഡ്രെ ആല്‍ബയായിരുന്നു സ്‌കോറര്‍. സമനിലയില്‍ പിരിഞ്ഞ ഇരുടീമുകളും രണ്ടാം പകുതിയില്‍ വിജയഗോളിനായി ശ്രമിച്ചു കൊണ്ടിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു ഏറെ അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ 70-ാം മിനിറ്റില്‍ കേരളത്തിന്റെ വിജയ സ്വപ്‌നങ്ങള്‍ക്ക് മേല്‍ റഫറിയുടെ തെറ്റായ തീരുമാനം പെനാല്‍റ്റി രൂപത്തില്‍ ഇടിത്തീയായി പതിച്ചു. ഹൈദരാബാദ് താരങ്ങളുടെ ഗോളിനുള്ള നീക്കങ്ങള്‍ കേരള ഗോള്‍മുഖത്ത് വെച്ച് തടയാന്‍ ശ്രമിക്കുന്നതിനിടെ പന്ത് പ്രതിരോധനിരതാരം ഹോര്‍മിപാമിന്റെ കൈയ്യില്‍ തട്ടിയെന്നായിരുന്നു റഫറിയുടെ വാദം. എന്നാല്‍ റീപ്ലെയില്‍ തീരുമാനം തെറ്റാണെന്ന് മനസിലാകുകയായിരുന്നു. വിജയഗോള്‍ കണ്ടെത്താനുള്ള ഹൈദരാബാദിന്റെ ശ്രമം വിജയം കണ്ടു. പെനാല്‍റ്റിയെടുത്ത ആല്‍ബക്ക് പിഴച്ചില്ല. സ്‌കോര്‍ 2-1. പിന്നാലെ അത്ര ഒത്തിണക്കമില്ലായിരുന്നെങ്കിലും സമനില ഗോളിനായി എല്ലാം മറന്നുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമമായിരുന്നു പിന്നീട് കണ്ടത്.
തുടര്‍ച്ചയായ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങള്‍ക്കിടെ ചില കൗണ്ടര്‍ അറ്റാക്കുകള്‍ ഹൈദരാബാദിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. പലതും വളരെ പണിപ്പെട്ടാണ് കേരള പ്രതിരോധം നിഷ്പ്രഭമാക്കിയത്. മുന്‍ മത്സരങ്ങിലെ പോലെ പ്രഫഷനല്‍ നീക്കങ്ങള്‍ ഉണ്ടായില്ലെന്നത് ഒഴിച്ചാല്‍ മത്സരത്തിലുടനീളം പന്ത് കൈവശം വെക്കുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുമ്പില്‍. ഈ സീസണില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് കളികളില്‍ മാത്രമാണ് കേരളത്തിന് വിജയിക്കാനായിരിക്കുന്നത്. ടേബിളില്‍ പത്താം സ്ഥാനത്തുള്ള മഞ്ഞപ്പടയുടെ അടുത്ത മത്സരം 24ന് ചെന്നൈയിന്‍ എഫ്‌സിയോടാണ്. ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ കണ്ടെത്തിയ ഹൈദരാബാദിന്റെ അടുത്ത മത്സരം 25ന് ആണ്. ഒഡീഷയാണ് എതിരാളികള്‍.
click on malayalam character to switch languages