എഡിഎം നവീൻ ബാബുവിന് വീഴ്ച പറ്റിയിട്ടില്ലെന്ന് കളക്ടറുടെ റിപ്പോർട്ട് പുറത്ത്. ഫയൽ നീക്കത്തിന്റെ നാൾവഴികൾ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. NOC നൽകുന്നതിൽ നവീൻ കാലതാമസം വരുത്തിയിട്ടില്ല.
വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായത്.സർക്കാർ ഉത്തരവ് പ്രകാരമാണ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട്.
കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ അനുമതിക്കായി എഡിഎമ്മിനെ സമീപിച്ചത്. പെട്രോൾ പമ്പിന് NOC വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അതിന് അനുമതി നൽകുന്നതിന് പ്രയാസമുണ്ടായിരുന്നു. എന്നാൽ സ്ഥലംമാറ്റമായി കണ്ണൂർ വിടുന്നതിന് രണ്ട് ദിവസം മുൻപ് നവീൻ ബാബു പമ്പിന് NOC നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് പിപി ദിവ്യ യാത്രയയപ്പ് പരിപാടിയിൽ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യംചെയ്യും. നവീനിന്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കാനാണ് നിലവിൽ സംഘത്തിന്റെ തീരുമാനം.
അതേസമയം, പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റമാണ് പി പി ദിവ്യക്കെതിരെ ചുമത്തിയിരിക്കുന്നത്.
click on malayalam character to switch languages