1 GBP = 106.80
breaking news

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ അമ്മ മുഖം

കവിയൂർ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങിയത് മലയാള സിനിമയിലെ അമ്മ മുഖം

കൊച്ചി: ​അമ്മ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ സിനിമ, നാടക നടി കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ്​ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു അവർ​. കുറച്ചുകാലമായി അഭിനയത്തിൽ നിന്ന്​ വിട്ടുനിൽക്കുന്ന കവിയൂർ പൊന്നമ്മ വടക്കൻ പറവൂർ കരുമാല്ലൂരിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു.

ആറു പതിറ്റാണ്ട് കലാരംഗത്ത് സജീവമായിരുന്ന കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനയലോകത്ത് എത്തിയത്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. മേഘതീർഥം എന്ന സിനിമയും നിർമിച്ചിട്ടുണ്ട്. എട്ട് സിനിമകളിൽ പാടിയ പൊന്നമ്മ, 25ലേറെ ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു.

പത്തനംതിട്ടയിലെ കവിയൂരിൽ ടി.പി ദാമോദരന്‍റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി 6നാണ് പൊന്നമ്മയുടെ ജനനം. കവിയൂർ പൊന്നമ്മക്ക് ഒരു വയസ്സുള്ളപ്പോൾ സ്വദേശമായ കവിയൂരിൽ നിന്ന് കോട്ടയത്തെ പൊൻകുന്നത്തേക്ക് താമസം മാറി. അച്ഛനിൽ നിന്ന് പകർന്നുകിട്ടിയ സംഗീത താൽപര്യത്താൽ കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിച്ചു.

എം.എസ്. സുബ്ബലക്ഷ്മിയെ പോലെ വലിയ പാട്ടുകാരിയാകണമെന്നായിരുന്നു പൊന്നമ്മയുടെ ആഗ്രഹം. 12 വയസുള്ളപ്പോൾ സംഗീത സംവിധായകൻ ജി. ദേവരാജൻ നാടകത്തിൽ പാടാനായി ക്ഷണിച്ചു. തോപ്പിൽ ഭാസിയുടെ ‘മൂലധന’ത്തിലാണ് ആദ്യം പാടിയത്. ‘മൂലധന’ത്തിൽ നായികയെ കിട്ടാതെ വന്നപ്പോൾ ഭാസിയുടെ നിർബന്ധത്തെ തുടർന്ന് നാടകത്തിലെ നായികയായി.

പിന്നെ കെ.പി.എ.സിയിലെ പ്രധാന നടിയായി മാറി. പൊന്നമ്മ പ്രതിഭാ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകസമിതികളിലും പ്രവർത്തിച്ചു. പുതിയ ആകാശം പുതിയ ഭൂമി, ഡോക്ടർ, അൾത്താര, ജനനി ജന്മഭൂമി തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടി. 14ാം വയസിൽ കാളിദാസ കലാകേന്ദ്രത്തിലെ നൃത്താധ്യാപകൻ തങ്കപ്പൻ മാസ്റ്ററുടെ നിർബന്ധത്തെ തുടർന്നാണ് സിനിമയിൽ അഭിനയിച്ചത്. മെറിലാൻഡിന്‍റെ ‘ശ്രീരാമപട്ടാഭിഷേകം’ എന്ന സിനിമയിൽ മണ്ഡോദരിയുടെ വേഷമായിരുന്നു ഇത്.

പി.എൻ. മേനോൻ, വിൻസെന്റ്, എം.ടി.വാസുദേവൻ നായർ, രാമു കാര്യാട്ട്, കെ.എസ്. സേതുമാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ജോൺ എബ്രഹാം, പത്മരാജൻ, മോഹൻ തുടങ്ങി മലയാളത്തിലെ ഒന്നാംനിര സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചു. കുടുംബിനി എന്ന ചിത്രത്തിലാണ് ആദ്യമായി അമ്മ വേഷത്തിൽ അഭിനിയിച്ചത്. സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം അമ്മയായി വെള്ളിത്തിരയിലെത്തി.

അമ്മയായും നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമാർന്ന വേഷങ്ങളിൽ ആയിരത്തോളം സിനിമകളിൽ അഭിനയിച്ചു. തൊമ്മന്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ, മധു എന്നിവരുടെ അമ്മയായത്. തീർഥയാത്ര, നിർമാല്യം, നെല്ല്, അസുരവിത്ത്, വെളുത്ത കത്രീന, ക്രോസ് ബെൽറ്റ്, അവളുടെ രാവുകൾ, കൊടിയേറ്റം, കരിമ്പന, തിങ്കളാഴ്ച നല്ല ദിവസം, നിഴലാട്ടം, തനിയാവർത്തനം, നഖക്ഷതങ്ങൾ, ഹിസ് ഹൈനസ് അബ്ദുള്ള, കിരീടം, ചെങ്കോൽ, ഭരതം, സുകൃതം തുടങ്ങി

അന്തരിച്ച നടി കവിയൂർ രേണുക അടക്കം ആറു സഹോദരങ്ങളുണ്ട്. സിനിമ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു. മരുമകൻ വെങ്കട്ടറാം (അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് മിഷിഗനിൽ പ്രഫസർ).

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more