1 GBP = 109.78

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടരുത്, കൂടുതല്‍നിയന്ത്രണങ്ങള്‍

മലപ്പുറത്ത് നിപ ജാഗ്രത; മാസ്‌ക് നിര്‍ബന്ധം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂട്ടംകൂടരുത്, കൂടുതല്‍നിയന്ത്രണങ്ങള്‍

മലപ്പുറം: മലപ്പുറത്ത് നിപ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശം. മലപ്പുറത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും നിര്‍ദേശമുണ്ട്. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, അഞ്ച്, ആറ്, ഏഴ്, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ് എന്നീ വാര്‍ഡ് പരിധികളിലാണ് പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പു വരുത്തണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 1987ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, 2005ലെ ദുരന്തനിവാരണ നിയമം, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 223 എന്നിവ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ കളക്ടറും പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.

കണ്ടെയ്ന്‍മെന്റ് സോണുകളിലേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല.

2 വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

3 സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല.

4 സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്‍ പാടുള്ളതല്ല.

മലപ്പുറം ജില്ലയിലെ പൊതു നിന്ത്രണങ്ങള്‍

1 പൊതുജനങ്ങള്‍ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.

2 പൊതുജനങ്ങള്‍ പുറത്തിറങ്ങുന്ന സമയത്തും, യാത്രകളിലും, മറ്റ് കൂടിച്ചേരലുകളിലും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

3 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കേണ്ടതാണ്.

4 കല്യാണം/മരണം/മറ്റ് ആഘോഷങ്ങള്‍ എന്നിവയിലും കൂടിച്ചേരലുകള്‍ പരമാവധി കുറക്കേണ്ടതും, സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

5 പനി മുതലായ രോഗ ലക്ഷണങ്ങള്‍ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാന്‍ പാടില്ലാത്തതും, ഒരു രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതുമാണ്.

6 പക്ഷികള്‍, വവ്വാലുകള്‍. മറ്റ് ജീവികള്‍ കടിച്ചതോ, ഫലവൃക്ഷങ്ങളില്‍ നിന്നും താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ യാതൊരു കാരണവശാലും കഴിക്കാന്‍ പാടുള്ളതല്ല. പഴം, പച്ചക്കറികള്‍ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more