1 GBP = 105.70

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 12) ഇരുട്ടിലെ കൈത്തിരി

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 12) ഇരുട്ടിലെ കൈത്തിരി

12 – ഇരുട്ടിലെ കൈത്തിരി

അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ടു അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ടു പിന്നോക്കം തിരിയുന്നു. അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പില്‍ കാണുന്നു; അവള്‍ ഭാവികാലം ഓര്‍ത്തില്ല; അവള്‍ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്‍റെ സങ്കടം നോക്കേണമേ. അവളുടെ സകലമനോഹരവസ്തുക്കളിന്മേലും വൈരി കൈവെച്ചിരിക്കുന്നു; നിന്‍റെ സഭയില്‍ പ്രവേശിക്കരുതെന്നു നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തില്‍ കടന്നതു അവള്‍ കണ്ടുവല്ലോ.
-വിലാപങ്ങള്‍, അധ്യായം 1

ആകാശം വെള്ള വിരിച്ചു കിടന്നു.
പ്രാവുകള്‍ കൂട്ടമായി പറക്കുന്നു.
ആരാധനയ്ക്ക് വന്നവര്‍ കത്തനാരുമായി കുശലാന്വേഷണങ്ങള്‍ നടത്തി യാത്രയായി.
കമ്മിറ്റി മുറിയിലേയ്ക്ക് ഓരോരുത്തരായെത്തി. എല്ലാവരും അക്ഷമയോടെ കത്തനാരെ കാത്തിരുന്നു.
ആ കൂട്ടത്തില്‍ കൈസറിന്‍റെ രണ്ട് ആളുകളുമുണ്ടായിരുന്നു.
പിന്നില്‍ നിന്നൊരു വിളി കേട്ടപ്പോള്‍ കത്തനാര്‍ തിരിഞ്ഞുനോക്കി. ചെറുപുഞ്ചിരിയോടെ ചോദിച്ചു.
“ചാര്‍ളി പോയില്ലേ?”
“ഞാനും കമ്മിറ്റിയിലുണ്ടച്ചോ. പള്ളിയുടെ വൈസ് പ്രസിഡന്‍റാണ്.”
പള്ളിയില്‍ വെച്ച് രണ്ട് പ്രാവശ്യം പരിചയപ്പെട്ടു. എന്നിട്ടും ഈ കാര്യം പറയാഞ്ഞത് എന്താണ്?
“അല്ല, ഇതൊരു പുതിയ അറിവാണല്ലോ. എന്നിട്ടെന്തേ പറയാഞ്ഞത്?”
“പറഞ്ഞിട്ടും കാര്യമൊന്നുമില്ല. വെറുതേ ഒരു പോസ്റ്റ്. ഈ പള്ളിയില്‍ നടക്കുന്ന ഒരു കാര്യങ്ങളും അവര്‍ എന്നോടു പറയാറില്ല. അവര്‍ രണ്ട് പേര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നു. വരുന്ന അച്ചന്മാരൊക്കെ അവരെ പിണക്കാതെ പോകുന്നു. പിന്നെ ഈ വിവരദോഷികളോട് മല്ലടിക്കാനും അവന്മാരുടെ ദാസ്യപ്പണി ചെയ്യാനും എന്നെ കിട്ടില്ല.”
ചാര്‍ളിയുടെ ഉള്ളിലെ വെറുപ്പ് കത്തനാര്‍ മനസ്സിലാക്കി.
“എനിക്ക് പല കാര്യങ്ങളിലും എതിര്‍പ്പുണ്ട്. ഉള്ളത് ഞാന്‍ പറയും. അതവര്‍ക്ക് ഇഷ്ടപ്പെടില്ലെന്നുമറിയാം. സാറ് വന്നാട്ട്.”
അവര്‍ മുറിക്കുള്ളിലേക്ക് കടന്നു. എല്ലാവരും എഴുന്നേറ്റ് പരിചയപ്പെടുത്തി. കത്തനാര്‍ സ്നേഹപുരസ്സരം പറഞ്ഞു. “നിങ്ങളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാനിവിടെ കണ്ട ഒരു കാര്യം ഇടവക സാമ്പത്തികമായി നല്ല വളര്‍ച്ചയാണ്. എന്നാല്‍, ആത്മാവ് മുരടിക്കുന്നു. സമ്പത്ത് മാത്രമല്ല ക്രിസ്തീയ ജീവിതത്തിന്‍റെ അടിത്തറ. ഞാന്‍ പറയുന്നത്, നാം ആത്മാവില്‍ വളരണം. ജഡത്തില്‍ മാത്രമല്ല വളരേണ്ടത്. നമ്മുടെ ഹൃദയത്തിന്‍റെ ഇരുട്ടുവാതിലുകളെ നാം തുറന്നിടുക. നല്ല ശുദ്ധവായുവും വെളിച്ചവും അവിടങ്ങ് പ്രവേശിക്കട്ടെ. മറിച്ചായാല്‍ ആത്മാവ് ആത്മാവിന്‍റെ ലോകത്തേയ്ക്കും നമ്മള്‍ ജഡിക ലോകത്തേയ്ക്കും ഓടിപ്പോകും. ഞാനീ കമ്മിറ്റി കൂടാന്‍ പറഞ്ഞതിന്‍റെ പ്രധാന കാരണം പള്ളിക്കുള്ളില്‍ പല പേരുകളില്‍ കവറുകള്‍ കൊടുത്ത് പണം വാങ്ങുന്നത് നാം അവസാനിപ്പിക്കണം.”
ഉടനടി കൈസര്‍ എഴുന്നേറ്റിട്ട് പറഞ്ഞു.
“കത്തനാര്‍ എന്താണീ പറയുന്നത്. ഇതിന് ആര്‍ക്കും എതിരില്ല. പിന്നെ എന്താ പ്രശ്നം?”
ചാര്‍ളിക്ക് അമര്‍ഷം തോന്നി. ഇങ്ങനെ പിരിച്ചെടുക്കുന്ന പണത്തിന് എന്തെങ്കിലും രേഖകളുണ്ടോ? നിങ്ങള്‍ പറയുന്നതല്ലേ കണക്ക്. വേണ്ട അതൊന്നും ചോദിക്കേണ്ട. പള്ളിയിലെ മൃഗങ്ങള്‍ക്ക് അതൊന്നും അറിയണമെന്നുമില്ലല്ലോ. ചാര്‍ളി എഴുന്നേറ്റ് പറഞ്ഞു.
“ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.”
ആ പറഞ്ഞത് കൈസര്‍ക്കും സീസ്സര്‍ക്കും ഇഷ്ടപ്പെട്ടില്ല.
കത്തനാര്‍ അറിയിച്ചു.
“കഴിഞ്ഞത് കഴിഞ്ഞു. ഞാനിവിടുത്തെ വികാരിയായിരിക്കുമ്പോള്‍ ഇനിയുമുള്ള കവറുകള്‍ കൊടുക്കുന്നത് എന്‍റെ അനുവാദം വാങ്ങിയായിരിക്കണം. മറ്റ് വിഷയങ്ങളില്‍ എല്ലാം കമ്മിറ്റി അംഗങ്ങളുമായി കൂടിയാലോചിക്കണം.”
ആ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു. സീസ്സറും കൈസറും പരസ്പരം നോക്കി. സീസ്സര്‍ എഴുന്നേറ്റു.
“ഇനീം ഹാര്‍വെസ്റ്റ് ഫെസ്റ്റിവെല്‍ നടത്താന്‍ കത്തനാരുടെ അനുവാദം വേണോ? അടുത്ത മാസമാണ്.”
അതു തീരുമാനിച്ച കാര്യമാകയാല്‍ അനുവാദത്തിന്‍റെ ആവശ്യമില്ലെന്ന് കത്തനാര്‍ അറിയിച്ചു. ചാര്‍ളിക്ക് ലോട്ടറി ടിക്കറ്റിനെപ്പറ്റി പറയണമെന്നുണ്ടായിരുന്നു. അതും എത്രയാണ് അച്ചടിച്ച് വില്ക്കുന്തെന്ന് ആര്‍ക്കും ഒരു വിവരവുമില്ല. അതിന്‍റെ കണ്‍വീനറും കൈസറല്ലേ. ആരാണ് ചോദിക്കാന്‍. ലോട്ടറി സമ്മാനം നറുക്കുപോലും പലവട്ടം കണ്‍വീനര്‍ക്കാണ് കിട്ടുന്നത്. എല്ലാവര്‍ഷവും കണ്‍വീനറായി ഇയാള്‍ എന്താണ് നില്‍ക്കുന്നത്. കത്തനാര്‍ അടുത്തതായി അറിയിച്ചത് നമ്മുടെ അഭിവന്ദ്യ യൂറോപ്പ് അമേരിക്കന്‍ സഭാപിതാവ് കേരളത്തിലേക്ക് സ്ഥലം മാറിപ്പോകുന്നു. സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ചാണ് യൂറോപ്പുകാരുടെ യാത്രയയപ്പ്. മറ്റ് ഇടവകകള്‍ പങ്കെടുക്കുമ്പോള്‍ ഇവിടെനിന്ന് പോകുന്നത് ആരാണ്?
സീസ്സറിന്‍റെയും കൈസറിന്‍റെയും പേര് നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. എല്ലാകാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്നവര്‍ ഈ കാര്യത്തില്‍ എന്താണ് പിറകോട്ട് പോകുന്നത്. അതുമല്ല പിതാവിന് ഇവരൊക്കെയുമായി നല്ല ബന്ധങ്ങള്‍ ഉള്ളതുമാണ്. എന്തോ പന്തികേടുണ്ടെന്ന് അച്ചനു തന്നെ തോന്നി.
“ഉത്തരവാദിത്വമുള്ളവര്‍ ഒഴിഞ്ഞുമാറിയാല്‍ പിന്നെ ആരെയാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്?”
അച്ചന്‍റെ ചോദ്യമുയര്‍ന്നപ്പോള്‍ അടുത്തിരുന്ന റോജറിന്‍റെ പേര് നിര്‍ദ്ദേശിച്ചു. റോജര്‍ സന്ദേഹത്തോടെ നോക്കി. അത് നിരസ്സിക്കുമോ എന്ന് സീസ്സറിനും കൂട്ടര്‍ക്കും തോന്നി. അങ്ങനെ സംഭവിച്ചില്ല. സീസ്സറും കൂട്ടരും പരസ്പരം നോക്കി. അവരുടെ മനസ്സ് അസ്വസ്ഥമായിരുന്നു. കാരണം ആ പള്ളിയില്‍ നിന്ന് ഒരിക്കല്‍ അപഹാസ്യരായി ഇറങ്ങിപ്പോന്നതാണ്.
പള്ളിയുടെ തെരഞ്ഞെടുപ്പു സമയം അച്ചന്‍റെ ശിങ്കിടികളും വമ്പന്മാരും പ്രധാന പദവികള്‍ സ്വന്തമാക്കിയപ്പോള്‍ വെറുമൊരു കമ്മറ്റിയംഗംപോലും ആകാന്‍ കഴിയാഞ്ഞതില്‍ നിരാശയും ദുഃഖവും തോന്നി. എത്രയോ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയാണ് പള്ളിയുമായി സഹകരിച്ചത്. ഒടുവിലവര്‍ കറിവേപ്പില പോലെ വലിച്ചെറിയുകയായിരുന്നു.
ആ സംഭവം മനസ്സില്‍ കിടന്ന് പുകഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു സ്ഥലത്ത് വസ്തു വാങ്ങാനും വലിയൊരു പള്ളി പണിയാനും കമ്മിറ്റിയില്‍ ചര്‍ച്ച നടന്നത് അവരുടെ ചെവിയില്‍ എത്തുന്നത്. സീസ്സറും കൈസറും അതില്‍ ആശ്വാസം കണ്ടെത്തി. അവര്‍ തീന്‍മേശയ്ക്ക് മുന്നിലിരുന്ന് മദ്യവും കോഴിക്കാലും കുടിച്ചും കടിച്ചും തലപുകഞ്ഞാലോചിച്ചു. ഒരു ഫലവും ഉണ്ടായില്ല.
അതിന് ഫലമുണ്ടാക്കാന്‍ ചാര്‍ളി ബെഞ്ചമിന്‍ താഴ്വര, ബാബു പള്ളിപ്പുറം തുടങ്ങിയവരെ ബന്ധപ്പെട്ടു. നാം പോകുന്ന പള്ളി മറ്റ് ഏതോ സ്ഥലത്തേക്ക് മാറ്റുവാന്‍ കമ്മിറ്റിക്കാര്‍ തീരുമാനിച്ചതായി ഫോണിലൂടെ അറിയിച്ചു. അവര്‍ ആശയങ്ങള്‍ കൈമാറി. ഈസ്റ്റ് ലണ്ടനിലുള്ളവര്‍ക്ക് അങ്ങോട്ട് പോകാനാവില്ല. ഇത്രയും ദൂരം യാത്ര ചെയ്ത് നാം എന്തിന് പോകണം. എന്തുകൊണ്ട് നമുക്കായി ഒരു പള്ളി ഉണ്ടാക്കിക്കൂടാ?
പുതിയ പള്ളി എല്ലാവരുടെയും മനസ്സിന്‍റെ ആഴങ്ങളിലേയ്ക്ക് തുളഞ്ഞിറങ്ങി. പലരും ആശയങ്ങള്‍ ഫോണിലൂടെ കൈമാറി സീസ്സറുടെ വീട്ടിലും കൈസറുടെ വീട്ടിലും ചാര്‍ളിക്കും കൂട്ടുകാര്‍ക്കുമായി സമൃദ്ധമായ ഭക്ഷണങ്ങള്‍ മേശപ്പുറത്ത് നിറഞ്ഞു. പുതിയ പള്ളി ഒരു വ്യര്‍ത്ഥമായ ആഗ്രഹമല്ലെന്ന് എല്ലാവര്‍ക്കും തോന്നി. അവര്‍ ആ ലക്ഷ്യത്തിലേയ്ക്ക് നീങ്ങി. സഭാപിതാവിനും അതൊരു വലിയ കാര്യമായി തോന്നി. ഏഴ് വര്‍ഷത്തെ കാലാവധിയാണ് ഒരു ബിഷപ്പിനുള്ളത്. അതിനുള്ളില്‍ ഒരു പുതിയ പള്ളിയുണ്ടായാല്‍ തന്‍റെ ഇടയകാലജീവിതത്തിലെ വലിയൊരു നാഴികക്കല്ലാണത്. പാശ്ചാത്യര്‍ പള്ളി വിറ്റുകൊണ്ടിരിക്കുമ്പോള്‍ പൗരസ്ത്യര്‍ പള്ളികളുടെ എണ്ണം കൂട്ടി. ഇടയന്‍ കുഞ്ഞാടുകളെ ആശീര്‍വദിച്ചു. സെന്‍റ് ജോര്‍ജ്ജ് പള്ളിയുടെ പുരോഹിതന്‍ ചാര്‍ളിയെ വീട്ടില്‍വന്നു കണ്ടു പറഞ്ഞു.
“എന്‍റെ സാറെ നിങ്ങളൊക്കെ ഇവരുടെ വലയില്‍ വീണുപോയല്ലോ. വെറുതെ ഒരു കള്ളക്കഥയല്ലേ പറഞ്ഞു പരത്തിയത്. പള്ളി ഇപ്പോഴും ഇവിടെത്തന്നെയുണ്ടല്ലോ.”
ഉടനെ പുരോഹിതന്‍ സെക്രട്ടറിയെ ഫോണില്‍ വിളിച്ചു. പള്ളിസെക്രട്ടറി ടെലഫോണ്‍ ചാര്‍ളിക്കു കൊടുത്തു.
“സാറെ ഇവന്മാര്‍ക്ക് ദൈവീക സ്നേഹമൊന്നുമില്ല. പുതിയ പള്ളി ഉണ്ടായാല്‍ ഇവര്‍ക്കും മക്കള്‍ക്കും കോഴി അടയിരിക്കുന്നതുപോലെ എന്നും പദവികളില്‍ ഇരിക്കാം. ആ ഒറ്റലക്ഷ്യമേ ഉള്ളൂ. സാറ് ഇതൊക്കെ താനേ മനസ്സിലാക്കിക്കൊള്ളും.”
അവരുടെ വാക്കുകള്‍ പാഴ്വാക്കുകള്‍ ആയിരുന്നില്ലെന്ന് ഇന്ന് തോന്നുന്നു. ഇപ്പോഴും അവര്‍ പള്ളിയുടെ അറകളില്‍ അധികാരവുമായി തല താഴ്ത്തി ഇരിക്കയാണ്. ബെഞ്ചമിന്‍ താഴ്വരയും മറ്റുപലരും പള്ളിയില്‍ നിന്ന് പിരിഞ്ഞുപോയി. സുരേഷ് മലര്‍വാടിയും ആണ്ടിലൊരിക്കല്‍ വന്നാലായി. മറ്റുചിലര്‍ മക്കളെ ഓര്‍ത്തു പോകുന്നു. ആത്മാവിന്‍റെ ഒരു മിന്നല്‍ സ്പര്‍ശനവുമില്ലാത്ത കുറെ മനുഷ്യര്‍ ഒത്തുകൂടുന്നു. ആത്മാവിനെ ഓടിച്ചുകളഞ്ഞിട്ട് ഗൂഢസ്മിതത്തോടെ ചിരിക്കുന്ന സീസ്സര്‍, കൈസര്‍, മാര്‍ട്ടിന്‍ സഖ്യത്തിന്‍റെ ഉള്ളിലിരുപ്പ് മറ്റാര്‍ക്കും മനസ്സിലാകില്ല. അവരുടെ ഉപജാപകസംഘത്തിലുള്ള പലരും പറഞ്ഞു ‘അവരുടെ കണ്ണുകളില്‍ ദൈവത്തിനായി വേല ചെയ്യുന്നവര്‍. പള്ളിയുടെ ഏതുകാര്യത്തിനും അവര്‍ സമയം കണ്ടെത്തുന്നില്ലേ? ഇവര്‍ ഓരോരോ കാര്യങ്ങളില്‍ ഇടപെടുന്നതുപോലെ മറ്റാരെങ്കിലും ഇടപെടുന്നുണ്ടോ? കുറെ മൂങ്ങകള്‍ യാത്രക്കാരെപ്പോലെ വന്നുപോകുന്നതല്ലാതെ എന്തു ഗുണം. എന്നിട്ട് എന്തെങ്കിലും നന്മകള്‍ ചെയ്യുന്നവരെ കുറ്റപ്പെടുത്തുക. ആ ചാര്‍ളിക്കും ബിനു ബിനോയിക്കും അസൂയയാണ്. ദൈവീകപ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുന്നവരെപ്പറ്റി അപവാദങ്ങള്‍ പറഞ്ഞു പരത്തുക. മനുഷ്യരില്‍ മിഥ്യാധാരണകളുണ്ടാക്കുക. നാലക്ഷരം പഠിപ്പിക്കുന്നവര്‍ക്ക് ചേര്‍ന്ന കാര്യമല്ല.
സീസ്സറിന്‍റെ ശരീരം കമ്മിറ്റിമുറിയിലാണെങ്കിലും മനസ്സ് സെന്‍റ് ജോര്‍ജ്ജ് പള്ളിയിലായിരുന്നു. പിതാവിനെ യാത്രയാക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഒരിക്കല്‍ അവിടെനിന്നു പിണങ്ങി ഇറങ്ങിയതല്ലേ. വീണ്ടും കയറിച്ചെല്ലുക. അവിടെയിരിക്കുന്നവര്‍ ഊറിച്ചിരിക്കില്ലേ? ആ പുഞ്ചിരിയുടെ അലയടി എന്‍റെ ഹൃദയത്തിലാണ് ആഞ്ഞടിക്കുന്നത്. അന്തസ്സുള്ള ഒരുത്തന് അത് സഹിക്കില്ല. എന്തായാലും ഇവിടെയുള്ള അംഗങ്ങള്‍ക്ക് അതൊന്നും അറിയാത്തത് നന്നായി. എന്തോ ഉള്ളിലൊരു തെളിച്ചം. ഒരു പള്ളിയുടെ പിറകെ കൂടിയതുകൊണ്ടല്ലേ എന്‍റെ പേരിനൊരു നിലയും വിലയും ഉണ്ടായത്. ഇപ്പോള്‍ കുറെപ്പേര്‍ അറിയുന്നില്ലേ? കുറെ എയര്‍ ടിക്കറ്റുകള്‍ വില്ക്കാന്‍ കഴിയുന്നില്ലേ?
അങ്ങനെയിരിക്കുമ്പോള്‍ കൈസര്‍ സീസ്സറിന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. സീസ്സര്‍ തലകുലുക്കി കത്തനാരുടെ ചെവിയില്‍ മന്ത്രിച്ചു. കത്തനാര്‍ അറിയിച്ചു.
“നമുക്ക് ക്രിസ്തുമസ് ഭംഗിയായി നടത്താന്‍ ഒരു കണ്‍വീനറെ വേണം. പാട്ടുകള്‍ പാടി പഠിക്കണമല്ലോ.”
ഉടനടി കൈസര്‍ സീസ്സറുടെ പേര് നിര്‍ദ്ദേശിച്ചു. എല്ലാ മൂങ്ങാകളും അതംഗീകരിച്ചു.
ചാര്‍ളിക്കും സുരേഷ് മലര്‍വാടിക്കും അലക്സ് പാറപ്പുറത്തിനും ഇവരുടെ സമീപനത്തോട് എപ്പോഴും എതിര്‍പ്പായിരുന്നു. കണ്ടില്ലേ ഒരു കണ്‍വീനറെ വേണമെന്ന് പറപ്പോള്‍ എത്രവേഗത്തിലാണ് പേര് നിര്‍ദ്ദേശിക്കപ്പെട്ടത്. ആരാധനയ്ക്ക് വരുന്നവരില്‍ എത്രയോ പേരുണ്ട്. അവരില്‍ നിന്ന് ഒരാളെ എടുത്താല്‍ എന്താണ് തെറ്റ്. ഒരാളെ കണ്ടെത്താനേ കത്തനാര്‍ പറഞ്ഞുള്ളൂ.
കത്തനാര്‍ തന്‍റെ താടിയില്‍ തടവിയിട്ട് അവസാനമായി പറഞ്ഞു.
“അടുത്തമാസം പുതിയ വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണല്ലോ. നിങ്ങള്‍ അതിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണം.”
ആരും അതിനെച്ചൊല്ലി ഒന്നും പറഞ്ഞില്ല. ചാര്‍ളിക്കറിയാം അതിന്‍റെ ലിസ്റ്റുമായി കൈസര്‍ എത്തിക്കൊള്ളും. പ്രാര്‍ത്ഥനയ്ക്കു ശേഷം അവര്‍ പിരിഞ്ഞുപോയി.
ഹെലന്‍ സീസ്സറെ കാത്തിരുന്നു. പ്രതീക്ഷിച്ചതുപോലെ സീസ്സര്‍ എത്തി. അവളുടെ മുഖത്തെ ഉദാസീനത കണ്ട് ചോദിച്ചു.
“എന്താ ഒരു മൗനം?”
“ഞാന്‍ എത്രനേരമായി കാത്തിരിക്കുന്നു.”
അവള്‍ കണ്ണിറുക്കി പരിഭവം പറഞ്ഞു.
“നിനക്കറിയില്ലേ, ഇന്ന് പള്ളിമീറ്റിംഗല്ലായിരുന്നോ?”
അവള്‍ ഗ്ലാസ്സുകള്‍ എടുത്ത് അതിലേയ്ക്ക് വീഞ്ഞ് പകര്‍ന്നു. അവരിലെ ആര്‍ത്തി പൂണ്ട കാമം ഉണര്‍ന്നിരുന്നു. അവള്‍ ചോദിച്ചു.
“ചേച്ചിയുമായുള്ള പിണക്കം തീര്‍ന്നോ?”
“അത് അത്ര പെട്ടെന്ന് തീരില്ല.”
അവള്‍ സൂക്ഷിച്ച് നോക്കി.
“എന്താ ജീവിതകാലം മുഴുവന്‍ പിണങ്ങി കഴിയാനാ ഭാവം? അങ്ങനെയെങ്കില്‍ ഈ കതക് ഒരിക്കലും തുറക്കില്ല കേട്ടോ.” സീസ്സര്‍ അവളെ കണ്ണ് മിഴിച്ച് നോക്കി.
“എന്താ നീ എന്നെ ഉപേക്ഷിക്കുമെന്നാണോ?”
“അതൊരു പാവം സ്ത്രീയല്ലേ. അതിനോടു പിണങ്ങാന്‍ എങ്ങനെ മനസ്സുവരുന്നു? പോലീസിനെ വിളിക്കാന്‍ ശ്രമിച്ചത് ആ പാവം കുട്ടിയെ അടിച്ചതുകൊണ്ടല്ലേ?”
“എന്‍റെ മനസ്സിനേറ്റ വേദന നിനക്ക് മനസ്സിലാവില്ല. ഈ കാര്യത്തില്‍ ഉപദേശം ആവശ്യമില്ല. ഞാന്‍ പോകുന്നു.” തുറക്കില്ല കേട്ടോ.” സീസ്സര്‍ അവളെ കണ്ണ് മിഴിച്ച് നോക്കി.
“എന്താ നീ എന്നെ ഉപേക്ഷിക്കുമെന്നാണോ?”
“അതൊരു പാവം സ്ത്രീയല്ലേ. അതിനോടു പിണങ്ങാന്‍ എങ്ങനെ മനസ്സുവരുന്നു? പോലീസിനെ വിളിക്കാന്‍ ശ്രമിച്ചത് ആ പാവം കുട്ടിയെ അടിച്ചതുകൊണ്ടല്ലേ?”
“എന്‍റെ മനസ്സിനേറ്റ വേദന നിനക്ക് മനസ്സിലാവില്ല. ഈ കാര്യത്തില്‍ ഉപദേശം ആവശ്യമില്ല. ഞാന്‍ പോകുന്നു.”
അവള്‍ പിടിച്ചിരുത്തി.
“എന്‍റെ പൊന്നല്ലേ, ഇങ്ങനെ ദേഷ്യപ്പെട്ടാലോ.”
എന്തൊക്കെ പറഞ്ഞാലും അത്രപെട്ടെന്ന് കെടുന്ന തീയല്ലെന്ന് അവള്‍ക്കറിയാമായിരുന്നു. വെറുതെ ഒരന്വേഷണം നടത്തിയെന്ന് മാത്രം.
അവള്‍ വീഞ്ഞ് ഗ്ലാസ്സ് നീട്ടിയിട്ട് ആകാംക്ഷയോടെ നോക്കി. മോഹവും ലഹരിയും ഉള്ളില്‍ ഇക്കിളിയിടുന്നു. വീഞ്ഞ് കുടിച്ചിട്ടവര്‍ കിടപ്പറയിലേയ്ക്ക് പോയി. സുന്ദരമായ വിരിയും പൂക്കള്‍ നിറഞ്ഞ തലയിണയും. അയാള്‍ ഷൂസ് ഊരിമാറ്റി. കോട്ട് വാങ്ങിയവള്‍ തൂക്കിയിട്ടു. അവളും തുണികള്‍ ഓരോന്നായി അഴിച്ചുമാറ്റിയിട്ട് അയാളുടെ മടിയില്‍ കിടന്നു. അവളുടെ സുന്ദരമേനിയില്‍ അയാള്‍ നോക്കിയിരുന്നു. അവര്‍ ആലിംഗനത്തിലമര്‍ന്നു.
“നീ ഇന്നത്തെ ആ കത്തനാരുടെ പ്രസംഗം കേട്ടോ?”
അവള്‍ മൂളിയിട്ട് പറഞ്ഞു.
“കേട്ടു. സീസ്സറിന് മറ്റൊന്നും തോന്നരുത്. ആ പള്ളിയില്‍ വരാന്‍ എനിക്ക് താല്പര്യമില്ല. പേടിയാണ്. അവിടെ വന്നിരുന്ന് എന്തിനാ ഉള്ള സമാധാനം കളയുന്നേ? കത്തനാരു പറയുന്നതു കേട്ടാല്‍ മണ്ണിലെ മനുഷ്യരെല്ലാം പാപികള്‍ എന്നാണ് തോന്നുക. കത്തനാര്‍ മാത്രം പുണ്യവാളന്‍”
“വിശുദ്ധബലിയില്‍ ധാരാളംപേര്‍ ഇപ്പോള്‍ പങ്കെടുക്കുന്നില്ല. ഇത് ഇങ്ങനെ വിട്ടാല്‍ ശരിയാകില്ല. കഴിഞ്ഞാഴ്ചയും ഈ ആഴ്ചയും അയാള്‍ എനിക്കെതിരെയാണ് വിരല്‍ ചൂണ്ടുന്നത്. ആ വിരലൊടിക്കാതെ ഞാന്‍ അടങ്ങില്ല.”
എന്തെന്നില്ലാത്ത പക ആ നോട്ടത്തിലുണ്ടായിരുന്നു.
“ശരിയാ, അങ്ങനെ വിട്ടുകൊടുക്കരുത്. ഈ കത്തനാര്‍ മുന്‍പിരുന്നവരെപ്പോലെയല്ല.”
അവരുടെ മനസ്സില്‍ താങ്ങാനാവാത്ത ഭാരമുണ്ടായിരുന്നു. മനുഷ്യരുടെ സ്വകാര്യജീവിതത്തില്‍ പുരോഹിതര്‍ എന്തിന് കൈ കടത്തണം? പുരോഹിതരുടെ വ്യക്തിജീവിതത്തില്‍ മറ്റാരും കൈ കടത്തുന്നില്ലല്ലോ. അവരുടെ ചുണ്ടുകള്‍ കൊരുത്തു. കെട്ടിപ്പുണര്‍ന്നുകൊണ്ട് മെത്തയിലേയ്ക്ക് കിടന്നു.
മുറിക്കുള്ളിലെ ബെല്‍ ശബ്ദിച്ചു. അവര്‍ നെഞ്ചിടിപ്പോടെ നോക്കി. അവളുടെ ഉള്ളില്‍ ഭയം നിഴലിച്ചു. സാധാരണ ഈ നേരത്ത് ആരും വരാറില്ലല്ലോ. മെത്തയില്‍ നിന്ന് ചാടിയെണീറ്റ് അഴിച്ചിട്ട തുണികള്‍ വെപ്രാളത്തോടെ എടുത്തണിഞ്ഞു. ആ വേവലാതി കണ്ടപ്പോള്‍ സീസ്സര്‍ പറഞ്ഞു.
“നീ എന്തിനാ ഇങ്ങനെ ഭയക്കുന്നേ. ആരായാലെന്താണ്?” സീസ്സര്‍ അവള്‍ക്ക് ധൈര്യം പകര്‍ന്നു. വീണ്ടും ബെല്‍ ശബ്ദിച്ചു. സീസ്സര്‍ ഷൂവണിഞ്ഞ് അവള്‍ക്കൊപ്പം പുറത്തെ മുറിയിലേയ്ക്ക് പോയി. ഓരോന്നിന് വരാന്‍ കണ്ടൊരു സമയം. അവള്‍ ദേഷ്യത്തോടെ പിറുപിറുത്തു. കതക് തുറന്ന അവള്‍ മുന്നില്‍ നില്ക്കുന്ന ആളിനെ കണ്ട് അമ്പരന്നു.

അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.
മണ്ണില്‍ പൂനിലാവ് വിരിഞ്ഞു.
ആകാശത്ത് നക്ഷത്രങ്ങള്‍ പെരുകി വിളക്കുകള്‍പോലെ തെളിഞ്ഞു.
ലണ്ടന്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ പേടിപൂണ്ടു കഴിഞ്ഞ കുറുക്കന്മാര്‍ ആഹാരത്തിനായി പ്രാണഭയം കൂടാതെ ഇറങ്ങിത്തിരിച്ചു. ഗാഢനിദ്രയിലാണ്ടു കിടന്ന കത്തനാരുടെ മനസ്സിലേക്ക് സുന്ദരിയായ ഹേരോദ്യ തെളിഞ്ഞുവന്നു. ഹേരോദാവ് കുതിപ്പുറത്തു നിന്നിറങ്ങി ആഹ്ലാദഭരിതനായി അവളുടെ അടുത്തേക്ക് ചെന്നു. അവരുടെ സ്നേഹവികാരം സുരഭിലമായി ആ തടാകക്കരയില്‍ കുളിരണിഞ്ഞു. പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും അവര്‍ കെട്ടിപ്പുണര്‍ന്നു. അവരുടെ നഗ്നശരീരങ്ങള്‍ ഒന്നായി. ചുണ്ടുകളില്‍ മന്ദഹാസം. കണ്ണുകള്‍ ആകാശഗംഗയിലെ നക്ഷത്രപ്പൂക്കളെപ്പോലെയായി. അവന്‍ പറഞ്ഞു:
“പ്രിയേ നീ എത്ര സുന്ദരി. ആ ചന്ദ്രനെപ്പോലെ നിന്‍റെ കണ്ണുകള്‍ തിളങ്ങുന്നു. നിന്‍റെ ഉദരഭാഗം താമരപ്പൂവുപോലെയും നിന്‍റെ നാഭി ഈ തടാകംപോലെയുമാണ്. അതിന് ചുറ്റും വളര്‍ന്നു നില്ക്കുന്ന രോമങ്ങള്‍ തടാകത്തിന് ചുറ്റും വളരുന്ന പച്ചപ്പുല്ലുപോലെയുണ്ട്. നിന്‍റെ സ്തനങ്ങള്‍ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്.”
അവന്‍റെ മധുരം വിളമ്പുന്ന വാക്കില്‍ അവള്‍ ലയിച്ചിരുന്നു. അവള്‍ പറഞ്ഞു:
“പ്രിയതമനെ, നീയും സര്‍വാംഗം സുന്ദരനാണ്.”
അവരുടെ പ്രണയം കണ്ട് ചന്ദ്രനും നക്ഷത്രങ്ങളും ആശ്ചര്യപ്പെട്ടു. അവരില്‍ അമര്‍ന്നിരുന്ന കത്തനാരുടെ കണ്ണുകളും നടുക്കത്തോടെ അതു കണ്ടു. എങ്ങും പുകപടലങ്ങള്‍ക്കൊണ്ട് നിറയുന്നു. ഹേരോദാവ് അവന്‍റെ ഊരിമാറ്റിയ പടച്ചട്ടയും പടവാളും എടുത്തണിഞ്ഞു. മൃദുവായി അധരങ്ങളില്‍ ചുംബിച്ച് കുതിരപ്പുറത്ത് കയറി മഞ്ഞുമലകളിലേയ്ക്ക് മറയുന്നു. കത്തനാരുടെ മനസ്സില്‍ ആരോ മന്ത്രിക്കുന്നു.
ഈ നഗരത്തില്‍ വേശ്യകള്‍ വളര്‍ന്നത് എങ്ങനെ? നീതിയും സത്യവും നിറഞ്ഞു നിന്ന നഗരത്തില്‍ അനീതി നടമാടിയത് എങ്ങനെ? ദൈവത്തന്‍റെ വചനം അനുസരിക്കാത്ത ജനത്തെ ദൈവം ശിക്ഷിക്കാറുണ്ട്. ദൈവം നശിപ്പിച്ച സോദോം ഗൊമേറ ബാബിലോണ്‍ പട്ടണങ്ങളെ ഓര്‍ത്തു. ഈ നഗരവാസികളോട് നീ പറയുക നിങ്ങള്‍ ദൈവത്തെ മറന്നിരിക്കുന്നു. നിങ്ങളുടെ പ്രവൃത്തികളില്‍ പാപങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ പാപങ്ങള്‍ എത്ര കടും ചുവപ്പായായാലും അതിനെ അതിനെ ഹിമംപോലെ വെളുപ്പിക്കാന്‍ കരുത്തുള്ളവന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ട്. നിങ്ങള്‍ ദൈവത്തോട് മത്സരിക്കാനാണ് ഭാവമെങ്കില്‍ ശക്ഷ ലഭിക്കും. സമാധാനം നിങ്ങള്‍ക്ക് ലഭിക്കയില്ല. യുദ്ധവും രോഗവും ദുഃഖവും മുറിവും ചതവും പഴുത്ത വ്രണവും നിങ്ങളില്‍ നിന്നുണ്ടാകും. ആ രോഗത്തെ വെച്ചുകെട്ടി ചികിത്സിക്കാനും മരുന്നു കൊണ്ട് സൗഖ്യമാക്കാനുമാവില്ല. എവിടെയാണ് വിശ്വസ്ത ജനം. എവിടെയാണ് വിശ്വസ്തനഗരം.
അച്ചന്‍ ഞെട്ടിയെഴുന്നേറ്റ് ചുറ്റുപാടും നോക്കി. എങ്ങും ഏകാന്തത മാത്രം. പുറമെ ഓടി മറയുന്ന കുറുക്കന്മാര്‍. വെട്ടിത്തിളങ്ങുന്ന ചന്ദ്രന്‍. പ്രകൃതിയും നഗരവാടങ്ങളും മൗനം പൂണ്ട നിദ്രയില്‍. കത്തനാര്‍ ചിന്താധീനനായി.
ഹെരോദ്യ എന്ന ലോകസുന്ദരി എന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്നത് എന്തിനാണ്. വിമാനത്തിലും ഇവള്‍ എന്നെ പിന്‍തുടര്‍ന്നു. ഇപ്പോള്‍ ഇവിടെയും. ആരിലും ആകര്‍ഷണമുളവാക്കുന്ന മദാലസകളായ ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്. പക്ഷേ, ഇവള്‍ അവരൊന്നും ഇതുപോലെ എന്‍റെ സുഷുപ്തികളില്‍ സര്‍പ്പത്തെപ്പോലെ ഇങ്ങനെ ആടിയിട്ടില്ല.
കത്തനാര്‍ മേശപ്പുറത്തിരുന്ന വേദപുസ്തകം തുറന്നു വായിച്ചു. അതെ, സ്വപ്നത്തില്‍ കണ്ടതൊക്കെത്തന്നെയാണ് വായിക്കുന്നത്. അവര്‍ എന്നെ അന്വേഷിച്ച ഒരു കാലമുണ്ടായിരുന്നു. അന്നവര്‍ക്ക് വയര്‍ നിറയെ ആഹാരം കഴിക്കാനില്ലായിരുന്നു. എങ്ങും ക്ഷാമമായിരുന്നു. എന്‍റെ മുന്നില്‍ അന്നവര്‍ പൊട്ടിക്കരഞ്ഞു. പ്രതീക്ഷയോടെ പ്രത്യാശയോടെ എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി. ഞാനവര്‍ക്ക് സമൃദ്ധിയായി അഹാരം കൊടുത്തു. ദേശത്തെങ്ങും സമൃദ്ധി നിറഞ്ഞു. ആ അഭിവൃദ്ധിയില്‍ അവര്‍ അഹങ്കാരികളായി. എന്നെ വിട്ടുപിരിഞ്ഞു. വേശ്യാവൃത്തിയും മദ്യപാനവും പരദൂഷണവും ധനമോഹവും അവരുടെ കൂടെപ്പിറപ്പുകളായി. സ്നേഹിക്കുവനും ക്ഷമിക്കുവാനും അവര്‍ മറന്നിരിക്കുന്നു. ദൈവത്തെ സ്നേഹിക്കാന്‍ മനസ്സില്ലാത്തവന്‍ എങ്ങനെ മനുഷ്യനെ സ്നേഹിക്കും.
ഈ ലോകസുഖത്തെ ആരൊക്കെ അമിതമായി സ്നേഹിക്കുന്നുണ്ടോ അവരൊക്കെ പാപത്തിന് അടിമകളാണ്.
ഈ സമൂഹം പരസ്ത്രീബന്ധത്തില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെ ഹെരോദ്യ എന്നിലേക്ക് കടന്നുവരുന്നത് അതുകൊണ്ടുതന്നെയാണ്. കത്തനാര്‍ പ്രാര്‍ത്ഥിച്ചിട്ട് കിടന്നുറങ്ങി.
നിലാവില്‍ മേഘങ്ങള്‍ നീന്തിത്തുടിച്ചു. തേംസ് നദി ശാന്തമായൊഴുകി. കാറ്റ് പുഞ്ചിരിച്ചു. മരങ്ങള്‍ തളിരുകളണിയാന്‍ കാത്തുനിന്നു. ശനിയാഴ്ച വൈകിട്ട് പള്ളിക്കുള്ളില്‍ സ്റ്റെല്ലയും ജോബും ഗ്ലോറിയയും മകളും, കുട്ടികള്‍ ഇല്ലാത്തവരും വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കാനാഗ്രഹിക്കുന്നവരും പ്രാര്‍ത്ഥിക്കാനെത്തി. മൂന്ന് ദിവസമായി വെള്ളം മാത്രം കുടിച്ചുകൊണ്ട് കത്തനാര്‍ ഉപവാസമനുഷ്ടിച്ചു. രോഗികളായി വരുന്നവര്‍ക്ക് യേശുക്രിസ്തു സൗഖ്യം കൊടുക്കണം. ഇല്ലെങ്കില്‍ നിരാഹാരം തുടരുമെന്നായിരുന്നു ദൃഢനിശ്ചയം.
കത്തനാര്‍ മുട്ടിന്മേലിരുന്ന് കൈകളുയര്‍ത്തി പ്രാര്‍ത്ഥിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷയ്ക്കായി വന്നവനേ, രോഗികള്‍ക്ക് സൗഖ്യം കൊടുക്കുന്നവനേ, ഈ ഭവനത്തില്‍ ഇരിക്കുന്നവരുടെ ആവശ്യങ്ങള്‍ അവിടുന്നറിയുന്നുണ്ടല്ലോ. തീരാദുഃഖത്തില്‍ അവരുടെ ഉള്ളം കലങ്ങി കഴിയുന്നു. ഈ ഭവനത്തില്‍ നിന്ന് ആഹ്ലാദം കവിഞ്ഞൊഴുകുന്ന മനസ്സുമായി അവര്‍ മടങ്ങിപ്പോകണം.
കത്തനാരുടെ കണ്ണീര്‍ പ്രാര്‍ത്ഥന ഒരു മണിക്കൂറോളം നീണ്ടു. കത്തനാരുടെ സങ്കടയാചന മറ്റുള്ളവരെയും കണ്ണീരിലാഴ്ത്തി. അവരുടെ നീറുന്ന ഹൃദയത്തിന് ശാന്തിയും കുളിര്‍മയും ലഭിച്ചു. യേശുവെ നീ ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് വരേണമേ എന്നവര്‍ മനം നുറുങ്ങി പ്രാര്‍ത്ഥിച്ചു.
ആദ്യമായിട്ടാണ് ഒരു പുരോഹിതന്‍ ഉപവാസമെടുത്ത് രോഗികള്‍ക്കായി, ദുഃഖിതര്‍ക്കായി ആ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നത്.
കത്തനാര്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു:
“നാം ദൈവസന്നിധിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കുക. അവന്‍ രോഗികള്‍ക്ക് സൗഖ്യം കൊടുക്കുന്നവനാണ്. ദരിദ്രന്മാര്‍ക്ക് വാരി വിതറി കൊടുക്കുന്നവനാണ്. അവന്‍ നിന്നെ ഒരുനാളും കൈവെടിയുകയില്ല. ഉപേക്ഷിക്കയുമില്ല. ഇത് ദൈവത്തിന്‍റെ ഭവനമാണ്. ബേത്ലഹേം എന്ന വാക്കുപോലും അപ്പത്തിന്‍റെ ഭവനമെന്നാണ്. മക്കളെ ഈ ഭവനത്തില്‍ ഒരിക്കലും അപ്പത്തിന് ക്ഷാമമുണ്ടാക്കുകയില്ല. നിങ്ങള്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക. ഇവിടെ രോഗസൗഖ്യമുണ്ടാകും. സമാധാനവും സന്തോഷവുമുണ്ടാകും.”
അവിടെയിരുന്ന രോഗികളുടെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ജോബിനോടായി പറഞ്ഞു:
“ജോ, ഹല്ലേലൂയ്യാ എന്ന് ഒന്നു പറഞ്ഞേ….”
സ്റ്റെല്ല അവന്‍റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. അവന്‍ പറയാന്‍ ശ്രമിച്ചു.
“ഹാ…ഹാ…”
കത്തനാര്‍ വീണ്ടും നിര്‍ബന്ധിച്ചു.
“പറയൂ.”
വീണ്ടും പറയുവാന്‍ അവന്‍ പാടുപെട്ടു. വാക്കുകള്‍ നാവില്‍ വഴങ്ങുന്നില്ല. കത്തനാര്‍ അവനെ ആശ്വസിപ്പിച്ചു പറഞ്ഞു.
“മോന്‍ വിഷമിക്കേണ്ട. ദൈവം നമ്മുടെ ആവശ്യം അറിയുന്നുണ്ട്. അവന്‍ അത് നിറവേറ്റിത്തരും.”
വീണ്ടും അവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
സൂര്യന്‍ ചക്രവാളം തേടി യാത്ര തുടര്‍ന്നു. റോഡിന്‍റെ ഒരു ഭാഗത്തായി കാറ് നിറുത്തി സീസ്സര്‍ പള്ളിയിലേയ്ക്ക് മിഴിച്ചുനോക്കി. രോഗികള്‍ക്ക് സൗഖ്യംകൊടുക്കാനും കുട്ടിയില്ലാത്തവര്‍ക്ക് കുട്ടിയുണ്ടാകാനും ഒരു കത്തനാര്‍ വന്നിരിക്കുന്നു. ആള്‍ക്കാരെ കയ്യിലെടുക്കാനുള്ള ഓരോരോ തന്ത്രങ്ങള്‍. സീസ്സര്‍ ഫോണിലൂടെ പള്ളിയില്‍ നടക്കുന്ന കാര്യങ്ങള്‍ കൈസറെ അറിയിച്ചു.
“അതിനെന്താടോ, നല്ലൊരു കാര്യമല്ലേ? കത്തനാര്‍ക്ക് പണിയൊന്നുമില്ലല്ലോ.”
ഉടനെ സീസ്സര്‍ പറഞ്ഞു.
“അടുത്തുള്ള ഒരു ഹിന്ദു കുടുംബമുണ്ട്. മലയാളികളാ. അങ്ങേര്‍ക്ക് എപ്പോഴും അസുഖം. ഒരു വൃക്ക കിട്ടിയാല്‍ അയാള്‍ രക്ഷപെടും. എന്തായാലും അയാളെ ഈ കത്തനാരുടെ അടുത്തേയ്ക്ക് ഞാനൊന്നു പറഞ്ഞുവിടും.”
അങ്ങേത്തലയ്ക്കല്‍ നിന്ന് അടുത്ത ചോദ്യം.
“ഉം അതെന്തിനാ. വൃക്കയുടെ അസുഖം മാറ്റാനോ?”
“കത്തനാരുടെ ഒരു വൃക്ക ആവശ്യപ്പെടാന്‍. കിട്ടിയാല്‍ അയാള്‍ രക്ഷപെടും.”
“അതിന്, കത്തനാര്‍ കൊടുക്കുമോ?”
“അതല്ലേ അറിയേണ്ടത്. തിന്ന് കൊഴുത്ത് നടക്കുകയല്ലേ. ഇതുപോലെ സുഖമുള്ള മറ്റൊരു ജോലിയുണ്ടോ? മാസത്തില്‍ നാല് കുര്‍ബാന ചൊല്ലിയിട്ടല്ലേ ഒരു മാസത്തെ ശമ്പളം വാങ്ങുന്നേ. ഇവര്‍ക്കെന്താ വൃക്കയും രക്തവുമൊക്കെ ദാനമായി കൊടുത്താല്‍. നല്ലത് ചെയ്ത് കാണിക്കേണ്ടവരല്ലേ?”
കൈസറും അത് ശരിവച്ചു. പള്ളിക്കുള്ളിലുരുന്നവര്‍ പുറത്തേക്ക് വരുന്നത് സീസ്സറുടെ കണ്ണില്‍പ്പെട്ടു. പെട്ടെന്ന് അവിടെനിന്നു ഹെലന്‍റെ വീട്ടിലേക്ക് കാറോടിച്ചു.
ഞായറാഴ്ച നടന്ന വിശുദ്ധ ബലിയില്‍ കത്തനാരുടെ പ്രസംഗം വ്യഭിചാരത്തെപ്പറ്റിയായിരുന്നു. ഏത് മതവിശ്വാസിയായിരുന്നാലും അവനെ വളര്‍ത്തുന്നത് വിശുദ്ധിയാണ്. വിശുദ്ധി മധുരമാണ്. സുന്ദരമാണ്. പാപം കൂടാതെ പാപത്തെ വെറുത്തുകൊണ്ട് നാം ജീവിക്കേണ്ടവരല്ലേ? പാപം ചെയ്തിട്ട് അതിനെ മറച്ചുവയ്ക്കാന്‍ പറ്റുമോ? മറക്കാന്‍ പറ്റുമോ? പാപബോധമില്ലായ്മ എയ്ഡ്സ് രോഗം പോലെയാണ്. മരുന്നില്ല. നിങ്ങളുടെ ശരീരം ഈശ്വരന്‍റെ ആലയമാണ്. ആ ശരീരത്തിനുള്ളില്‍ ചെകുത്താന് ഇടം കൊടുക്കരുത്. വിവാഹം വിശുദ്ധമാണ്. വി എന്നു പറഞ്ഞാല്‍ വിശുദ്ധം. വാഹം എന്ന് പറഞ്ഞാല്‍ വഹിക്കുക. ഈശ്വരന്‍ ഒരു ഇണയെ തന്നപ്പോള്‍ വിവാഹജീവിതം എന്നു പറയുന്നത് സ്വര്‍ഗ്ഗീയ സന്തോഷം നിറഞ്ഞതാണ്. നീലാകാശ നക്ഷത്രങ്ങളെപ്പോലെ തിളങ്ങേണ്ടവര്‍. എന്നാല്‍ നമ്മില്‍ പലരും ചെകുത്താന് അടിമപ്പെട്ട് വ്യഭിചാരം ചെയ്യുന്നു. സ്നേഹിക്കാന്‍, അനുസരിക്കാന്‍, സമര്‍പ്പിക്കാന്‍ മനസ്സില്ലാത്ത ജന്മങ്ങള്‍.
സീസ്സറടക്കം പലരുടേയും ഹൃദയം തിളച്ചു. ആരോരുമറിയാത്ത കാര്യങ്ങള്‍ ഈ കത്തനാര്‍ എങ്ങനെയറിയുന്നു. കത്തനാരുടെ വാക്കുകള്‍ കടല്‍ത്തിരപോലെ നേരെ അലറിയടുക്കുകയായിരുന്നു.
നിങ്ങള്‍ കേട്ടിട്ടും ചെവിക്കൊള്ളാതെ, ഹൃദയം കൊണ്ട് ഗ്രഹിക്കാതെയിരിക്കുന്നതും എന്താണ്? നിങ്ങള്‍ തിന്മയെ അകറ്റി നന്മയെ എന്തുകൊണ്ട് സ്വന്തമാക്കുന്നില്ല. വേശ്യയായ സ്ത്രീക്കും നിന്‍റെ ഹൃദയം അപഹരിക്കാന്‍ ഒരു നിമിഷം മതി. അവളുടെ അകം അഗാധമായ അഴുക്കുചാലുകള്‍ കൊണ്ട് നിറഞ്ഞതെന്ന് നിങ്ങള്‍ മറക്കുന്നു.
സീസ്സര്‍ സംശയത്തോടെ നോക്കി. മറ്റ് സ്ത്രീകളുമായി കെട്ടിപ്പിണഞ്ഞ് കിടന്നുകാണും. ഇല്ലെങ്കില്‍ സ്ത്രീയുടെ നാഡീഞരമ്പുകളെപ്പറ്റി ഇത്ര കൃത്യമായി എങ്ങനെ പറയാന്‍ കഴിയും. എല്ലാറ്റിനും ഒരതിരില്ലേ. കഴിഞ്ഞ ആഴ്ചയും ഇയാള്‍ എനിക്കിട്ടാണ് പണിതത്.
ഹെലന്‍റെ മുഖം മങ്ങി. ഞങ്ങളുടെ ബന്ധം ഈ കത്തനാര്‍ എങ്ങനെയറിഞ്ഞു.
പലരുടെയും മനസുകളില്‍ ഇതേ ചോദ്യമുയര്‍ന്നു. മറ്റ് പലരും അളവറ്റ ഭക്തിയോടെയിരുന്ന് ദൈവവചനങ്ങള്‍ കേട്ടപ്പോള്‍ സീസ്സറുടേയും ഹെലന്‍റെയും മനസ്സില്‍ പൊട്ടിത്തെറികളായിരുന്നു. ഹെലന്‍റെ കണ്ണുകളില്‍ കുറ്റബോധം തെളിഞ്ഞു.
വിവാഹേതര ബന്ധമുള്ള സ്ത്രീപുരുഷന്മാര്‍ പാപത്തില്‍ നിന്ന് മോചനം നേടാതെ ഇന്നത്തെ വിശുദ്ധബലിയില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞപ്പോള്‍, മോശയുടെ ന്യായപ്രമാണപ്രകാരം ഇയാളെ കല്ലെറിഞ്ഞ് കൊല്ലാനാണ് സീസ്സര്‍ക്ക് തോന്നിയത്. ആത്മാവില്‍ നിറയപ്പെട്ടവര്‍ ഈ വിശുദ്ധബലിയില്‍ പങ്കെടുക്കണമെന്ന് കൂടി കേട്ടപ്പോള്‍, കല്ലല്ല പാറക്കല്ലുകൊണ്ട് എറിയാനാണ് മനസ്സാഗ്രഹിച്ചത്.
നിങ്ങള്‍ പുതുജീവന്‍ പ്രാപിച്ച് പശ്ചാത്തപിക്കുക. പാപങ്ങള്‍ ഏറ്റു പറയുക. മടങ്ങി വരുക.
സീസ്സറിന്‍റെ മുഖം കറുത്തിരുണ്ടു. ഇയാള്‍ വന്നിരിക്കുന്നത് എന്നെപ്പോലുള്ളവരെ വധിക്കാനാണ്. അല്ലാതെ രക്ഷപെടുത്താനല്ല. പള്ളിയില്‍ വരുമ്പോഴൊക്കെ മനസ്സ് നിറയെ മുള്ളുകള്‍ വാരി വിതറുകയാണ്.
വിശുദ്ധബലിയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞാഴ്ചത്തെക്കാള്‍ കൂടുതലായിരുന്നു. സീസ്സറുടെ കണ്ണുകളില്‍ ദേഷ്യം ഉരുണ്ടുകൂടി. ആരാധന കഴിഞ്ഞ് ആഹാരം കഴിച്ച് സീസ്സറും സംഘവും കമ്മിറ്റി മുറിയില്‍ ഒന്നിച്ചുകൂടി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more