ലണ്ടൻ: ഇന്നലെ ഇംഗ്ലണ്ടിലുടനീളം നൂറുകണക്കിന് കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ നടത്താനിരുന്ന തീവ്രവലതുപക്ഷക്കാരെ നിഷ്പ്രഭരാക്കി ആയിരക്കണക്കിന് സാധാരണക്കാരായ ബ്രിട്ടീഷുകാർ ബ്രിട്ടനിലെ തെരുവുകൾ കയ്യടക്കി. അഭയാർത്ഥികളെ ഇവിടെ സ്വാഗതം ചെയ്യുന്നുവെന്ന ബാനറുകളും മുദ്രാവാക്യങ്ങളുമായാണ് സാധാരണക്കാർ രംഗത്തെത്തിയത്.
നോർത്ത് ലണ്ടൻ, ബ്രിസ്റ്റോൾ, ന്യൂകാസിൽ എന്നിവയുൾപ്പെടെ കുടിയേറ്റ വിരുദ്ധ പ്രതിഷേധങ്ങൾ പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളിലെ സാധാരണക്കാരായ ജനങ്ങളുടെ ഒത്തുചേരലുകൾ ഏറെക്കുറെ സമാധാനപരമായിരുന്നു.
ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും 100-ലധികം പ്രക്ഷോഭങ്ങൾക്ക് തീവ്രവലതുപക്ഷം പദ്ധതിയിട്ടതോടെ കൂടുതൽ അക്രമങ്ങൾ നേരിടാൻ പോലീസും സജ്ജമായിരുന്നു. എന്നാൽ പോലീസ് സേനയേയും അമ്പരിപ്പിച്ച് കൊണ്ടാണ് തീവ്രവലതുപക്ഷത്തിനെതിരെ സാധാരണക്കാർ രംഗത്തെത്തിയത്. ജനങ്ങൾ ഒഴുകിയെത്തിയതോടെ പലയിടങ്ങളിൽ നിന്നും അക്രമികൾ മുങ്ങിയിരുന്നു.
ബുധനാഴ്ച, ഇംഗ്ലണ്ടിലുടനീളമുള്ള തെരുവുകളിൽ, കൂടുതൽ അക്രമങ്ങൾ പ്രതീക്ഷിച്ച് കട ഉടമകൾ കൂടുതൽ ഭദ്രത ഉറപ്പാക്കുകയും നേരത്തെ അടയ്ക്കുകയും ചെയ്തിരുന്നു. സോളിസിറ്റർമാരുടെ സ്ഥാപനങ്ങളുടെയും ഉപദേശക ഏജൻസികളുടെയും ലിസ്റ്റുകൾ ചാറ്റ് ഗ്രൂപ്പുകളിൽ വന്നതോടെ ഇമിഗ്രേഷൻ അഭിഭാഷകരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ പോലീസ് പറഞ്ഞിരുന്നു.
എന്നാൽ ഇംഗ്ലണ്ടിൻ്റെ ചില ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സമാധാനപരമായി നീങ്ങിയതിനാൽ വൈകുന്നേരങ്ങളിൽ ചുരുക്കം ചില അറസ്റ്റുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.
ലിവർപൂളിൽ, അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും പിന്തുണയ്ക്കുന്നതിനായി നൂറുകണക്കിന് ആളുകൾ ഒരു അഭയ സേവന ഓഫീസിന് പുറത്ത് തടിച്ചുകൂടി. ലണ്ടനിൽ, വാൾതാംസ്റ്റോയിലും നോർത്ത് ഫിഞ്ച്ലിയിലും നടന്ന പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു, അത് വലിയ സംഭവങ്ങളില്ലാതെ കടന്നുപോയി. ബ്രിസ്റ്റോളിൽ 1,500-ഓളം ജനങ്ങളാണ് പ്രതിഷേധക്കാർക്കെതിരെ ഒത്തുകൂടിയത്. ബ്രൈടണിൽ, എട്ട് പ്രതിഷേധക്കാർ ഒരു കെട്ടിടത്തിന് പുറത്ത് എത്തിയതോടെ അവരെ നേരിടാൻ 2,000 ത്തോളം നാട്ടുകാരാണ് രംഗത്തെത്തിയത്. എന്നാൽ പോലീസ് ഇടപെട്ട് മറ്റു അക്രമങ്ങൾ ഇല്ലാതെ രംഗം ശാന്തമാക്കി. ന്യൂകാസിലിൽ, ഏകദേശം 1,000 ത്തോളം നാട്ടുകാരാണ് രംഗത്തെത്തിയത്.
സതാംപ്ടണിൽ, ഗ്രോസ്‌വെനർ സ്‌ക്വയറിൽ 300-നും 400-നും ഇടയിൽ ആളുകൾ ഒത്തുകൂടി, “വംശീയവാദികൾ വീട്ടിലേക്ക് പോകുക”, “നമ്മുടെ തെരുവുകളിൽ നിന്ന് വംശീയത തുടച്ച് നീക്കുക” എന്ന മുദ്രാവാക്യങ്ങളുമായാണ് തെരുവിലെത്തിയത്. 10 ഓളം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരും പ്രദേശത്ത് എത്തി, രണ്ട് ഗ്രൂപ്പുകളെയും പോലീസ് അകറ്റി നിർത്തി, ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞയാഴ്ച ആരംഭിച്ച കലാപവുമായി ബന്ധപ്പെട്ട് 400 ലധികം അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 140-ലധികം പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്, ചിലർ ഇതിനകം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടു. സൗത്ത്‌പോർട്ടിലും ലിവർപൂളിലും അക്രമാസക്തമായ ക്രമക്കേടുകളുടെ ഭാഗമായി മൂന്ന് പേർക്ക് ജയിൽ ശിക്ഷ ലഭിച്ചു.
ജൂലൈ 29 ന് സൗത്ത്‌പോർട്ടിൽ മൂന്ന് പെൺകുട്ടികളെ മാരകമായി കുത്തിക്കൊന്ന കേസിലെ പ്രതി ഒരു മുസ്ലീം അഭയാർത്ഥിയാണെന്ന് ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതാണ് കലാപത്തിന് കാരണമായത്.
click on malayalam character to switch languages