1 GBP = 105.54
breaking news

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇറാൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പൗരന്മാരോട് മടങ്ങാൻ ആവശ്യപ്പെട്ട് ബ്രിട്ടനുൾപ്പെടെ വിവിധ രാജ്യങ്ങൾ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇറാൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് പൗരന്മാരോട് മടങ്ങാൻ ആവശ്യപ്പെട്ട് ബ്രിട്ടനുൾപ്പെടെ വിവിധ രാജ്യങ്ങൾ

തെഹ്റാൻ: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ഇറാൻ ആക്രമിക്കുന്നത് ഒഴിവാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയത്തിലെത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി ഞായറാഴ്ച തെഹ്റാൻ സന്ദർശിച്ചിരുന്നു. തിരിച്ചടിക്കുമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണെന്നാണ് വിവരം. ഇറാൻ അതിർത്തിയിലും മറ്റും പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചത് അടുത്ത ദിവസങ്ങളിൽ ആക്രമണമുണ്ടാകുമെന്ന സൂചന നൽകുന്നു.

ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികൾ, ഇറാഖിലെ പ്രതിരോധ സേന തുടങ്ങി ഇറാനോട് ആഭിമുഖ്യമുള്ള കക്ഷികളുമായെല്ലാം ഇറാൻ അധികൃതർ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമിച്ചുള്ള ആക്രമണത്തിനാണ് കോപ്പുകൂട്ടുന്നത്. ഇസ്രായേലിനെ അമേരിക്ക സഹായിക്കുകയാണെങ്കിൽ പശ്ചിമേഷ്യയിലെ യു.എസിന്റെ സൈനിക താവളങ്ങളെയും ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന് വ്യോമപാത അനുവദിക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാൻ അധികൃതർ വ്യക്തമാക്കി.

ഇസ്രായേലിനെയും അവരുടെ പ്രധാന സഹായിയായ അമേരിക്കയെയും പാഠം പഠിപ്പിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗിർ ഗലിബഫ് ഞായറാഴ്ച പറഞ്ഞു. ഇറാൻ റഷ്യയിൽനിന്ന് വൻതോതിൽ ആയുധമെത്തിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രായേലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുകയും മന്ത്രിമാർക്ക് പ്രത്യേക സുരക്ഷയൊരുക്കുകയും ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.

ഇറാനെ പ്രതിരോധിക്കാൻ ഇസ്രായേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തു. മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലും മിസൈൽ പ്രതിരോധ ആയുധങ്ങളും അയക്കാൻ പെന്റഗൺ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മടങ്ങാൻ വിവിധ രാജ്യങ്ങൾ പൗരന്മാരോട് ആവശ്യപ്പെട്ടു. ലബനാനിലേക്കും ഇസ്രായേലിലേക്കുമുള്ള വിമാന സർവിസുകളും വ്യാപകമായി റദ്ദാക്കിയിട്ടുണ്ട്.

ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ദോഹയിൽനിന്നെത്തിയ ഹനിയ്യ ബുധനാഴ്ച പുലർച്ച പ്രാദേശിക സമയം രണ്ടിന് താമസ കേന്ദ്രത്തിനുനേരെ നടന്ന മിസൈൽ ആക്രമണത്തിൽ അംഗരക്ഷകനൊപ്പം കൊല്ലപ്പെടുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more