1 GBP = 110.08

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 09 ) –ആത്മാവിന്‍റെ നോവുകള്‍

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 09 ) –ആത്മാവിന്‍റെ നോവുകള്‍

09- ആത്മാവിന്‍റെ നോവുകള്‍

എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്‍റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്‍റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും. എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നതു എവിടെ? ഉച്ചെക്കു കിടത്തുന്നതു എവിടെ? നിന്‍റെ ചങ്ങാതിമാരുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നതു എന്തിന്നു? സ്ത്രീകളില്‍ അതിസുന്ദരിയേ, നീ അറിയുന്നില്ലെങ്കില്‍ ആടുകളുടെ കാല്‍ചുവടു തുടര്‍ന്നുചെന്നു ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്‍റെ കുഞ്ഞാടുകളെ മേയിക്ക.

സീസ്സറെ കണ്ടമാത്രയില്‍ ഹെലന്‍ ഏതോ നിര്‍വൃതിയിലെത്തുന്നു.
കതകടച്ചു. അവള്‍ പ്രേമപരവശയായി നോക്കി.
അവന്‍ താമരപ്പൂവ് പോലെയുള്ള അവളുടെ അധരത്തില്‍ ചുംബിച്ചു.
ആ വീടിനുള്ളില്‍ സുഗന്ധത്തിന്‍റെ പരിമളം തങ്ങിനിന്നു.
അവളില്‍ മുന്തിരിവള്ളി തളിര്‍ത്തു.
അതവനില്‍ പടര്‍ന്നുകയറി.
അവന്‍ ശബ്ദമടക്കി പറഞ്ഞു.
“നീ പനിനീര്‍പുഷ്പം പോലെ സുന്ദരിയാണ്.”
അവള്‍ മന്ദഹാസത്തോടെ നോക്കി. ചുണ്ടുകളില്‍ പുഞ്ചിരി വിരിഞ്ഞു. എന്നിട്ട് പറഞ്ഞു.
“സീസ്സറച്ചായന് പ്രായം തോന്നുമെങ്കിലും യൗവനം നിറയുന്ന മുഖമാണ്. അത് ഞാന്‍ അനുഭവിക്കുന്നു.”
അവളെ ചേര്‍ത്തുപിടിച്ച് മാറോടമര്‍ത്തി ചുംബിച്ചു. അവന്‍റെ ഹൃദയത്തെ അവള്‍ അപഹരിച്ചു കഴിഞ്ഞു. രാത്രികാലങ്ങളില്‍ ഭര്‍ത്താവിനെ അവള്‍ അന്വേഷിക്കാറില്ല. പല പ്രാവശ്യം പറഞ്ഞതാണ് തന്നോടൊപ്പം താമസിച്ച് ഇവിടെ എന്തെങ്കിലും ചെയ്യാന്‍. തന്‍റെ വാക്കുകള്‍ക്ക് ചെവി തരാതെ മകളെയുംകൊണ്ട് പോയി. തിരുവനന്തപുരം നഗരത്തില്‍ കച്ചവടം. വലിയൊരു സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഉടമ. പത്ത് വയസ്സുള്ള മകളുടെ അവധിക്കാലമാകുമ്പോള്‍ വരും, ഒരാഴ്ചത്തേക്കു മാത്രം. വര്‍ഷത്തില്‍ രണ്ടു തവണ ഹെലനും കേരളത്തിലേക്കു പോകും. അത്രയേ ഉള്ളൂ ദാമ്പത്യജീവിതം.
മകള്‍ നല്ലൊരു നര്‍ത്തകിയായി മാറിയിരിക്കുന്നു. പല മത്സരവേദികളിലും അവള്‍ വിജയിയായി. ഭര്‍ത്താവും പറഞ്ഞു
“നീ ലണ്ടനില്‍നിന്നിങ്ങു പോര്. ജനിച്ചു വളര്‍ന്ന നാടും വീടും അപ്പനേം അമ്മയേമൊക്കെ വിട്ടേച്ച് ഞാനെങ്ങനെ അവിടെ വന്നു നിക്കാനാ…. അവിടെ വന്നുകൂടിയാല്‍ എന്‍റെ ഉള്ള മനസ്സമാധാനവും പോകും”.
രണ്ടുപേരും ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തി അക്കരയിക്കരെ കഴിയുന്നു. രണ്ടുപേര്‍ക്കും പരാതിയില്ല. ഭര്‍ത്താവ് അവിടെ ലാഭമുണ്ടാക്കുമ്പോള്‍ ഞാന്‍ അല്പം ലാഭം ഇവിടെയുണ്ടാക്കുന്നു. ഒരു സ്ത്രീയുമായി പുരുഷന്‍ കേരളത്തില്‍ സഹവാസം നടത്തിയാല്‍ അത് അവിഹിതമാകും. ഇവിടെ ആ പേര് കേള്‍പ്പിക്കണ്ട. സമ്പത്തുള്ളവര്‍ സ്ത്രീകളുമായി ഇണചേരുന്നു. പ്രേമ സല്ലാപങ്ങള്‍ നടത്തുന്നു.
അവള്‍ കണ്ണുകള്‍ പൂട്ടി കിടന്നു. ശരീരം നിശ്ചലരായി. മറ്റൊരു കൊടുങ്കാറ്റടങ്ങിയ ശാന്തത. അവള്‍ ക്ഷീണിതയായി എഴുന്നേറ്റ് തുണികളണിഞ്ഞ് കുളിമുറിയിലേക്ക് പോയി. മടങ്ങി വന്ന് സീസ്സറെ പിടിച്ചുണര്‍ത്തി കളിയാക്കി പറഞ്ഞു.
“ഇപ്പോള്‍ കണ്ടാല്‍ തുണിയുടുക്കാത്ത പിള്ളാരെപ്പോലുണ്ട്.”
സീസ്സറിന്‍റെ നോട്ടത്തില്‍ അവളുടെ കണ്ണുകള്‍ മിന്നിത്തിളങ്ങി. കിടക്കയില്‍ ഭര്‍ത്താവിനെ പ്രതിരോധിക്കാന്‍ ശക്തിയുണ്ടെങ്കിലും സീസ്സറുടെ മുന്നില്‍ അതിനു കഴിയാറില്ല. എപ്പോഴും എല്ലാശക്തിയും ചോര്‍ന്ന് ദുര്‍ബലയാകുന്നു. സീസര്‍ പ്രശംസാപൂര്‍വം അവളെയൊന്ന് അളന്നു നോക്കിയ ശേഷം കുളിമുറിയിലേക്ക് പോയി. അവള്‍ അകത്തെ മുറിയില്‍ നിന്ന് രണ്ട് വീഞ്ഞുകുപ്പികള്‍ തീന്‍മേശയില്‍ കൊണ്ടുവന്ന് വച്ചു. ഓവനുള്ളില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിക്കഷണങ്ങളും ഒപ്പം ഗ്ലാസ്സുകളും എടുത്തുവച്ചു. സീസ്സര്‍ എത്തുന്നതിന് മുമ്പേ വീഞ്ഞ് ഗ്ലാസ്സിലേക്ക് പകര്‍ന്നു.
ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇത് അവള്‍ക്കൊരു പതിവാണ്. സീസ്സറിനൊപ്പം പബിലും പോയിരുന്ന് കുടിക്കും. ഒറ്റപ്പടലില്‍നിന്നൊരാശ്വാസം ഇതാണ്. ജീവിതത്തില്‍ ക്ഷയിച്ചും ദുഃഖിച്ചും സുഖിച്ചും കഴിയുന്ന ഒരുകൂട്ടം മനുഷ്യര്‍ക്കായി ദൈവം മുന്തിരിത്തോട്ടം സൃഷ്ടിച്ചിരിക്കുന്നു.
വീഞ്ഞിന്‍റെ കുപ്പി തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്ന ഹെലനോട് ചോദിച്ചു.
“നീ എന്താ ഇങ്ങനെ മിഴിച്ച് കുപ്പിയെ നോക്കുന്നേ.”
അത് കേട്ടവള്‍ ചിരിച്ചു.
“ഞാന്‍ ആലോചിക്കയായിരുന്നു, എന്തിനാണ് മനുഷ്യര്‍ വിസ്കിയും ബ്രാണ്ടിയും കുടിച്ച് സ്വയം നശിക്കുന്നതെന്ന്. അതിന് പകരം വീഞ്ഞ് കുടിച്ചാല്‍ പോരായോ?”
വീഞ്ഞിന്‍റെ ഗന്ധം മുറിക്കുള്ളില്‍ നിറഞ്ഞു. സീസ്സര്‍ക്ക് ഒരസ്വസ്ഥത തോന്നി.
“എന്‍റെ പൊന്നെ, നീ വീഞ്ഞിനെപ്പറ്റി പറയാതെ മറ്റ് വല്ലതും പറഞ്ഞേ.”
അവള്‍ ആ മുഖത്തേക്ക് ഉറ്റുനോക്കി.
“അതെന്താ വീഞ്ഞിനെപ്പറ്റി പറഞ്ഞാല്‍?”
“പറഞ്ഞാല്‍ എന്താന്നുവച്ചാല്‍…. പുതിയതായി വന്ന കത്തനാര്‍ വീഞ്ഞിന്‍റെ കാര്യത്തില്‍ എനിക്കിട്ട് പണി തല്ലതേയുള്ളൂ. നീയുംകൂടി അത് പറഞ്ഞ് ഒരു കൊച്ചമ്മയാകല്ലേ.”
അത് കേട്ട് അവള്‍ ചിരിച്ചു. വീണ്ടും നിരാശയോടെ സീസ്സര്‍ പറഞ്ഞു.
“വീഞ്ഞ് കുടിക്കുക, ഇറച്ചി തിന്നുക, ആനന്ദിക്കുക ഇതൊന്നും അയാടെ വാദ്ധ്യാര് പണിയില്‍ ഇല്ല.”
അവള്‍ വീണ്ടും ചിരിച്ചു.
“നിനക്ക് ചിരിക്കാം. എന്‍റെ ഉള്ളം കത്തുകയാ. നമ്മള്‍ വീഞ്ഞ് കുടിക്കാതെ നടന്ന് നിലവിളിക്കണമെന്നാ കത്തനാര് പറേന്നത്.”
“ഞാന്‍ ചിരിച്ചത് ഒരു വാക്ക് കേട്ടാണ്. വാദ്ധ്യാര് പണിയല്ല വൈദീകപ്പണി”
പുച്ഛത്തോടെ പറഞ്ഞു.
“ഈ വൈദികപ്പണിയെക്കാള്‍ നല്ലത് വൈദ്യനാകുന്നതാ.”
“അല്ലേ, സീസ്സറച്ചായന്‍ എന്തിനാ കത്തനാരോട് പിണങ്ങുന്നേ. കുഞ്ഞാടുകളെ കുഞ്ഞുങ്ങളെപ്പോലെ കാക്കേണ്ടത് അദ്ദേഹത്തിന്‍റെ ജോലിയല്ലേ?”
അവര്‍ വീഞ്ഞ് കുടിച്ചുകൊണ്ടിരിക്കെ സീസ്സറുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അങ്ങേ തലയ്ക്കല്‍ നിരാശ നിറഞ്ഞ ശബ്ദം.
“മാര്‍ട്ടിന്‍ ഇന്നു പള്ളിയില്‍ വന്നില്ലല്ലോ. പത്ത് കല്പന ലംഘിക്കുന്നവന്‍ വിശുദ്ധബലിയില്‍ പങ്കുകൊള്ളാന്‍ പാടില്ലെന്നാണ് കത്തനാരുടെ കല്പന. ഇന്നുതന്നെ ഞാന്‍ പിതാവിനെ വിളിച്ച് സംസാരിക്കുന്നുണ്ട്. വൈകിട്ട് കാണാം. വെക്കട്ടെ.”
ഫോണ്‍ വച്ചു.
“പള്ളിയുടെ ഓഡിറ്റര്‍ മാര്‍ട്ടിനാ. എന്തായാലും കണ്ണുകളടച്ച് കത്തനാരുടെ പിറകെ പോകാന്‍ എനിക്ക് താല്പര്യമില്ല.”
വീണ്ടും മൊബൈല്‍ ശബ്ദിച്ചു. എല്ലാം കേട്ടിട്ട് പറഞ്ഞു.
“ങാ, ഞാന്‍ എത്തിക്കൊള്ളാം., ഹെലന്‍ ഞാനിറങ്ങുന്നു. ഒരാളെ കാണാനുണ്ട്”.
സീസ്സര്‍ എഴുന്നേറ്റ് അവളെ നെഞ്ചോടമര്‍ത്തി. ഈ പട്ടണത്തില്‍ അവള്‍ക്കുള്ള ഏക ആശ്രയം സീസ്സറാണ്. അസ്വസ്ഥമനസ്സുമായി നടക്കുമ്പോള്‍ ഒന്ന് വിളിച്ചാല്‍ ഓടിയെത്തുന്നവന്‍. വന്ന് കഴിഞ്ഞാല്‍ തഴുകിയും തലോടിയും മടിയില്‍ തല ചായ്ച്ചുവയ്ക്കും. സീസ്സറുടെ ഒരു കുഞ്ഞിനെ ഉദരത്തില്‍ ചുമക്കണമെന്നുണ്ട്. മോളുടെ ജനനത്തോടെ ഗര്‍ഭപാത്രവുമടച്ചു. ഇല്ലായിരുന്നെങ്കില്‍ അങ്ങനെയൊരു വിഡ്ഢിത്തത്തിനു മുതിരുമായിരുന്നു. സീസ്സര്‍ വെറും മധുരവാക്ക് പറഞ്ഞ് സ്ത്രീകളെ മോഹിപ്പിക്കുന്നവനല്ല, അതിലുപരി സ്നേഹം തന്ന് ആശ്വസിപ്പിക്കുന്നവനാണ്. ഒരിക്കല്‍ തിരുവനന്തപുരത്തെ കട ഒന്നുകൂടി വികസിപ്പിക്കണമെന്നും, അതിന് കുറച്ചു പണം അയച്ചു കൊടുക്കണമെന്നും ഭര്‍ത്താവറിയിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ പതിനായിരം പൗണ്ടിന്‍റെ ചെക്കാണ് എഴുതിത്തന്നത്.
ഏതാപത്തിലും ഒരു സഹായിയെ കണ്ടു. ആ മുഖം മനസ്സില്‍ കുടിയിരുത്തി. എല്ലാ കാര്യത്തിലും ഒരു താങ്ങായി ഒപ്പമുള്ളവന്‍. അല്ലാതെതന്നെ അകന്നൊരു ബന്ധവുമുണ്ട്. സീസ്സറുടെ വീട്ടില്‍ എപ്പോഴും ഒരു സഹോദരിയുടെ വേഷത്തില്‍ കടന്നുചെല്ലാം. സ്റ്റെല്ലയ്ക്ക് ഒട്ടും സംശയമില്ല. ഭര്‍ത്താവുണ്ടെങ്കിലും ഇല്ലാത്തതുപോലെയാണവള്‍ക്ക്. സീസ്സര്‍ യാത്ര പറഞ്ഞ് പിരിഞ്ഞു. മനുഷ്യര്‍ ഏതെല്ലാം മായാജാലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അവള്‍ ഓര്‍ത്തു.
റോഡിലെ വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും പ്രാവുകള്‍ കാറ്റിലുലഞ്ഞ് റോഡിന്‍റെ വക്കില്‍ വന്നിരുന്നു. വിഷങ്ങള്‍ പേറി നടക്കുന്ന മനുഷ്യരെപ്പോലയല്ല അവരുടെ ജീവിതം. ഏതൊക്കെ ദിക്കിലേക്ക് പറന്നുപോയാലും ഇടനേരങ്ങളില്‍ ഒന്നായി പറന്ന് വന്നിരുന്ന് ഓരോരോ സ്ഥലത്തെ സംഭവവികാസങ്ങള്‍ അവര്‍ പങ്കുവയ്ക്കും. എന്നിട്ട് വീണ്ടും പറക്കും. അവര്‍ക്കായി ആകാശത്തിന്‍റെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു. ഭൂമിയുടെ അടിസ്ഥാനങ്ങല്‍ ഇളകി ഭൂമി കിടുകിട വിറച്ചാലും അവര്‍ക്ക് ഭയമില്ല. കടല്‍ കരയെ വിഴുങ്ങിയാലും മരണം അവരെ തൊടുന്നില്ല. മേഘത്തണലില്‍ അവര്‍ ആടിപാടി ആഹ്ലാദിക്കുന്നു. സീസ്സറുടെ മനസ്സില്‍നിന്ന് ജോബ് പള്ളിക്കുള്ളില്‍ നിന്ന് ചിരിച്ചത് വിട്ടുപോയിരുന്നില്ല. മറ്റുള്ളവര്‍ തന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ മനസ്സാകെ അപമാനഭാരത്താല്‍ പുകയുകയായിരുന്നു. മറ്റുള്ളവരെ പരിഹസിക്കാന്‍വേണ്ടി പിറന്നവന്‍. ബുദ്ധിശക്തിയുള്ള ഒരാണ്‍കുഞ്ഞിനെ തരാത്ത ദൈവത്തോട് ഉള്ളില്‍ വെറുപ്പാണ്.
ചെറുപ്പം മുതലെ ഞാനും ദൈവത്തെ ശരണമാക്കി ജീവിച്ചവനാണ്. അന്നൊക്കെ തിന്മയെക്കാള്‍ നന്മ ചെയ്തതാണ്. അതിന് പ്രതിഫലമായി ദൈവം എന്നോട് തിന്മ ചെയ്ത് മന്ദബുദ്ധിയായ ഒരു മകനെ തന്നു. എന്നിട്ടോ, അവന്‍റെ കോമാളിത്തരങ്ങള്‍ കണ്ട് ദൈവം രസിക്കുന്നു. ഇവിടുത്തെ രാഷ്ട്രീയരംഗത്തിറങ്ങി നല്ലൊരു പദവി നേടാനാകില്ല. ആകെയുള്ളത് യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പണിയപ്പെട്ടിരിക്കുന്ന കുറെ സ്ഥാപനങ്ങളാണ്. അതിലൊന്നാണ് പള്ളി. വിശുദ്ധദേവാലയം എന്ന് പറയാറുണ്ടെങ്കിലും അതിനുള്ളിലും ധാരാളം മലിനതകള്‍ നടക്കുന്നുണ്ട്. എന്നാലും പള്ളിക്കുള്ളില്‍ നീണ്ട വര്‍ഷങ്ങളായി ഓരോരോ പദവികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞു. മകന്‍റെ ബുദ്ധി നേരെയാകാന്‍ നീണ്ട വര്‍ഷങ്ങളാണ് കാത്തിരുന്നത്. സമൂഹത്തിലെ തന്‍റെ അധികാരങ്ങള്‍ അവനിലൂട പിന്തുടര്‍ച്ചയാക്കാമെന്ന പ്രതീക്ഷ ഇതിനകം അസ്തമിച്ചു കഴിഞ്ഞു. അവന്‍റെ ജനനം ഒഴുകിപ്പോകുന്ന വെള്ളംപോലെയായി. അന്ധന്മാരെയും അംഗവൈകല്യമുള്ളവരെയും സൃഷ്ടിച്ചിട്ട് അവരുടെ ജീവിതത്തെ കഷ്ടത്തിലാക്കുന്ന ദൈവത്തെ പാടസ്തുതിക്കാന്‍ മനസ്സില്ല. ഇങ്ങനെയുള്ളവരെ എന്തിനാണ് മണ്ണിലേക്ക് കൊണ്ടുവരുന്നത്. മവന്‍റെ ജനനശേഷമല്ലേ ഞാന്‍പോലും മദ്യത്തിനും മദിരാക്ഷിക്കും അടിമയായത്. സ്വന്തം ഭാര്യയോടുപോലും ഉള്ളാലെ വെറുപ്പുതോന്നും. അവളല്ലേ അവനെ പ്രസവിച്ചത്?
ഇനിയുള്ള കുടുംബത്തിന്‍റെ മഹത്വം കാണുന്നത് മകളിലാണ്. അതിനും പരിമിതികളില്ലേ? അവള്‍ വിവാഹിതയായി പോയാല്‍ പിന്നെ ആരുണ്ട്! ജീവിതത്തെ കഴുത്ത് ഞെരിച്ച് കൊല്ലുന്ന ദൈവങ്ങള്‍. മാതാപിതാക്കള്‍ മക്കളെ കണ്ട് അഭിമാനിക്കുമ്പോള്‍ ഞാന്‍ അപമാനമാണ് അനുഭവിക്കുന്നത്. ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ഹൃദയമിടുപ്പ് കൂടുകയാണ് പതിവ്. മകന്‍റെ ദുര്‍വിധിയോര്‍ത്ത് എത്രയോ വിഷമിച്ചു. വിഷമിച്ചിട്ടും കരഞ്ഞിട്ടും ഫലമില്ലെന്ന് ഒടുവില്‍ ബോദ്ധ്യമായി. ജീവിതത്തെ അതിജീവിക്കാന്‍ തന്നെയാണ് അഗ്രഹം, അല്ലാതെ തളച്ചു നിര്‍ത്താനല്ല. ദൈവം എല്ലാ സൗഭാഗ്യങ്ങളും തന്നു. ഒപ്പം നിര്‍ഭാഗ്യവും.
സൂര്യന്‍ പടിഞ്ഞാറോട്ട് മന്ദം മന്ദം യാത്രയായി. വീടിന് പിന്നിലെ പാര്‍ക്കിനു മുന്നില്‍ ഒരു മാര്‍ബിള്‍ പ്രതിമയുണ്ട്. ചിരിക്കുന്ന പ്രതിമ. കുട്ടികളും പ്രാവുകളും ആ പ്രതിമയുടെ ചുവട്ടിലിരുന്ന് കളിതമാശകള്‍ പറയാറുണ്ട്. ഒരിക്കല്‍ ജോബിന്‍റെ ഒരു കൂട്ടുകാരന്‍ പറഞ്ഞു:
“എടാ ജോ, ഈ പ്രതിമ നിന്നെപ്പോലെയാ ചിരിക്കുന്നതേ.”
അതുകേട്ടപ്പോള്‍ അവന് സന്തോഷമായി. അവരുടെ നിര്‍ബന്ധപ്രകാരം അവന്‍ ആ പ്രതിമയ്ക്കു താഴെ അതുപോലെ ചിരിച്ചുകൊണ്ട് നില്ക്കും. അതിന്‍റെ മുന്നിലൂടെ പോകുന്ന കാറിലിരിക്കുന്നവര്‍ കൗതുകത്തോടെ നോക്കും. എല്ലാ അവധി ദിവസങ്ങളിലും കൂട്ടുകാരുമായി കളിക്കാന്‍ പോകുമ്പോള്‍ അവന്‍ ഈ കലാപരിപാടി ആവര്‍ത്തിക്കും. ഇപ്പോള്‍ എങ്ങുനിന്നോ വന്ന ഒരു കുട്ടി അവന്‍റെ മുഖത്ത് തന്നെ തറപ്പിച്ച് നോക്കിയപ്പോള്‍ അവന് ദേഷ്യം വന്നു. അവന്‍ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നപ്പോള്‍ അവന്‍ പോക്കറ്റില്‍ കിടന്ന തോക്കെടുത്ത് നീട്ടി. കുട്ടി ഭയന്നു. തിടുക്കത്തില്‍ ഓടാനൊരുങ്ങി. ഓടുന്നതിനിടയില്‍ വീണു. അത് കണ്ട് ജോബ് ആര്‍ത്തു ചിരിച്ചു. അലറിക്കരഞ്ഞുകൊണ്ട് കുട്ടി ഓടി. ചില ദിവസങ്ങളില്‍ സ്പൈഡര്‍മാന്‍റെ മുഖംമൂടിയണിഞ്ഞാണ് ജോബ് വരുന്നത്. പലരെയും തോക്ക് കാട്ടി പേടിപ്പിക്കും.
അതുവഴി കാറില്‍ വന്ന സീസ്സര്‍ വെറുതെ അങ്ങോട്ടൊന്നു നോക്കി. മകനെ കണ്ട് കാര്‍ ഒതുക്കിയിട്ടു. കാറിന്‍ നിന്നിറങ്ങി രൂക്ഷമായി നോക്കി. സാധാരണ അവധി ദിനങ്ങളില്‍ സീസ്സര്‍ വീട്ടില്‍ കാണാറില്ല. ആ സമയത്താണ് മമ്മിയുടെ അനുവാദത്തോടെ പാര്‍ക്കിലേക്ക് വരുന്നത്. വീടിന്‍റെ വരാന്തയില്‍ നിന്ന് നോക്കിയാല്‍ പാര്‍ക്കിലുള്ളവരെ കാണാം. അമ്മയും മക്കളും പലപ്പോഴും ആ പാര്‍ക്കില്‍ വന്നിരുന്ന് കാറ്റ് കൊള്ളാറുണ്ട്. എന്നാല്‍ സീസ്സറിന് ഇഷ്ടമല്ല അവന്‍ പ്രതിമയുടെ മുന്നില്‍ ഇങ്ങനെ നില്ക്കുന്നത്.
പാര്‍ക്കിനുള്ളില്‍ നല്ല തണുപ്പുള്ള കാറ്റ് വീശി. അകലെ മരച്ചുവട്ടില്‍ ചില യുവമിഥുനങ്ങളുടെ പ്രേമസല്ലാപങ്ങളില്‍ ശരീരം ശരീരത്തില്‍ കുടുക്കുന്നു. പാര്‍ക്കിന്‍റെ ചുറ്റുവട്ടമുള്ള ബഞ്ചുകളില്‍ ചിലര്‍ ഇരുന്ന് നോവല്‍ വായിക്കുന്നു. അവരുടെ ചുറ്റും എന്താണ് നടക്കുന്നതെന്ന് അവര്‍ അറിയുന്നേയില്ല. അടുത്തുകൂടി ഒരു നായ മുന്നോട്ടുപോയപ്പോഴാണ് ഒരാള്‍ കണ്ണുകളുയര്‍ത്തി നോക്കിയത്.
കൊടുങ്കാറ്റുപോലെ വരുന്ന പപ്പായെ കണ്ട ജോ ഞെട്ടി. അവന്‍ വേഗത്തില്‍ താഴെയിറങ്ങി ‘മ…മ….മ…..’ എന്ന് വിക്കി വിക്കി പറഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. നീണ്ട മുടി കാറ്റില്‍ പറന്നു. അവന്‍റെ ഓട്ടം കണ്ട് ഭയചകിതയായി സ്റ്റെല്ല പുറത്തേക്കിറങ്ങി വന്നു.
“എന്താ മോനേ? എന്തിനാ ഓടിയേ?”
ഓടിത്തളര്‍ന്നപ്പോള്‍ ശ്വാസഗതി ദ്രുതഗതിയിലായി. കൈ ചൂണ്ടിക്കാണിച്ചു. “പ….പ….പ…” അത് കേട്ട് ഒരുനിമിഷം അവള്‍ നടുങ്ങി. പിന്നെ നിശ്വസിച്ചു. അവനെ മാറോടമര്‍ത്തി കവിളില്‍ ചുംബിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more