1 GBP = 105.48
breaking news

വാത്സിങ്ങാം തീർത്ഥാടനം ശനിയാഴ്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും; മരിയൻ സന്ദേശം നൽകുക റവ.ഡോ. ടോം ഓലിക്കരോട്ട്; ആയിരങ്ങളെ വരവേൽക്കാനൊരുങ്ങി വാത്സിങ്ങാം.

വാത്സിങ്ങാം തീർത്ഥാടനം ശനിയാഴ്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും; മരിയൻ സന്ദേശം നൽകുക റവ.ഡോ. ടോം ഓലിക്കരോട്ട്; ആയിരങ്ങളെ വരവേൽക്കാനൊരുങ്ങി വാത്സിങ്ങാം.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന എട്ടാമത് തീർത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകും. രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകുന്നതാണ്. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെയാണ് തിരുക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.

അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിനുള്ള നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ വിശ്വാസ സമൂഹമാണ്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ പ്രസുദേന്തിമാരായി തിരുന്നാൾ നടത്തിപ്പിനായി ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ ഭക്ത്യാദരസാന്ദ്രമാക്കും. തീർത്ഥാടനത്തിൽ ഗതാഗതകുരുക്കൊഴിവാക്കുവാനായി രൂപതയുടെ നിർദ്ദേശാനുസരണം മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു കൊണ്ടാണ് തീർത്ഥാടകർ എത്തുക.

വാത്സിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. സ്ലിപ്പർ ചാപ്പൽ സ്ഥിതിചെയ്യുന്ന മരിയൻ പുണ്യ കേന്ദ്രത്തിലാണ് സീറോമലബാർ സഭാ സമൂഹം തീർത്ഥാടനവും തിരുന്നാളും കൊണ്ടാടുന്നത്.

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപ്ര) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കെയർ കോർഡിനേറ്ററും, സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്. പതിനൊന്നരക്ക് മാർ സ്രാമ്പിക്കൽ തിരുന്നാൾ കൊടിയേറ്റും. തുടർന്നുള്ള ഇടവേളയിൽ അടിമവെക്കലിനും, ഭക്ഷണത്തിനും ഉള്ള സമയം ക്രമീകരിച്ചിരിക്കുകയാണ്‌.

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ മുന്നിൽ ബാനർ പിടിച്ചും, തങ്ങളുടെ മിഷൻ മദ്ധ്യസ്ഥന്റെ രൂപമേന്തിയും, മുത്തുക്കുടകളുടെ അകമ്പടിയോടെ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, മിഷനുകളിൽ നിന്നുള്ള വൈദികർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് നോർവിച്ച് ജേക്കബ്‌സ് കാറ്ററിങ്ങിൽ 07869212935 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കാഷ്‌ മാത്രമേ സ്വീകരിക്കുകയുള്ളൂ.

പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ രജിസ്റ്റർ ചെയ്യുക.
https://forms.office.com/e/aB5Dp2fyma.

തീർത്ഥാടന സമയക്രമം:-
9:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം

നോർവിച്ച് ജേക്കബ്‌സ് കേറ്ററിംഗ് – 07869212935

വാത്സിങ്ങാം പള്ളിയുടെ വിലാസം.
Catholic National Shrine of Our Lady
Walshingham, Houghton St. GilesNorfolk,NR22 6AL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more