1 GBP = 108.01
breaking news

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 06) മുഖമുദ്രകൾ

കാവൽക്കാരുടെ സങ്കീർത്തനങ്ങൾ (ഭാഗം – 06) മുഖമുദ്രകൾ

06 – മുഖമുദ്രകള്‍

ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയില്‍ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്നു അവരോടു കല്പിച്ചു. ഭൂമിയില്‍ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്കു ആഹാരമായിരിക്കട്ടെ; ഭൂമിയിലെ സകലമൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഭൂമിയില്‍ ചരിക്കുന്ന സകല ഭൂചരജന്തുക്കള്‍ക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാന്‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. താന്‍ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

കത്തനാര്‍ അടുത്തുചെന്ന് ജോബിനെ വിസ്മയത്തോടെ നോക്കി.
അവനും അതേഭാവത്തില്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ നോക്കി ചിരിച്ചു. ദൂരെനിന്ന് നോക്കിയപ്പോള്‍ ഏതോ ഒരു പുരോഹിതന്‍ നില്ക്കുന്നുവെന്നാണ് തോന്നിയത്. അവന്‍ പെട്ടെന്ന് പോകാന്‍ തിടുക്കം കാട്ടിയപ്പോള്‍ കത്തനാര്‍ അവന്‍റെ കൈയില്‍ പിടിച്ചിട്ട് ചോദിച്ചു. പള്ളിയില്‍ വരുമ്പോഴും തോക്ക് കയ്യിലുണ്ടോ? കത്തനാരുടെ കണ്ണിലേക്ക് ദയനീയമായിട്ടൊന്ന് നോക്കി ചിരിച്ചു. അതിന് കൈസര്‍ മറുപടി പറഞ്ഞു.
“ഇല്ലച്ചോ. പള്ളീല്‍ വരുമ്പം അവന്‍ തോക്ക് കൊണ്ടുവരാറില്ല.”
“അത് നന്നായി.”
കത്തനാര്‍ പറഞ്ഞു. അവന്‍റെ മുഖം ഒരു മിന്നല്‍പോലെ തെളിഞ്ഞു. അവനെയും കൂട്ടി കത്തനാര്‍ പള്ളിയിലേക്കു നടന്നു. പള്ളിക്കുള്ളില്‍ കത്തനാര്‍ കൊണ്ടുവന്നിരുത്തിയ കൊച്ചച്ചനെ ഗ്ലോറി സൂക്ഷിച്ചു നോക്കി. അടുത്തിരുന്ന ഒരാളോട് ശബ്ദമടക്കി കൊച്ചച്ചനെപ്പറ്റി ചോദിച്ചു. മന്ദബുദ്ധിയെന്നു കേട്ടപ്പോള്‍ ഗ്ലോറിക്ക് വിശ്വസിക്കാനായില്ല. അവള്‍ ആദ്യമായിട്ടാണ് പള്ളിയില്‍ വരുന്നത്. നാട്ടില്‍വെച്ച് കത്തനാരെപ്പറ്റി കേട്ടിരുന്നു. അദ്ദേഹം തന്നെയായിരിക്കുമെന്നാണു കരുതിയത്. ആ കൊച്ചുതാടിയും നീട്ടി വളര്‍ത്തിയ മുടിയും ചിരിയും വേഷവും കണ്ടാല്‍ ഒരച്ചന്‍റെ എല്ലാ ഭാവങ്ങളുമുണ്ട്. ഗ്ലോറി മൗനത്തിലമര്‍ന്നു. അവന്‍റെ അമ്മയും തന്നെപ്പോലെ ദുഃഖിതയായിരിക്കും. മനസ്സ് കാറും കോളും കൊണ്ടു നിറഞ്ഞ് മഴപോലെ പെയ്തു. ആരും കാണാതെ കണ്ണുനീര്‍ തുടച്ചു. മുഖം താഴ്ത്തി ഇരുന്നു.
പുതിയതായി വന്ന കത്തനാരെ സീസ്സര്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. എല്ലാവരും ഉത്സാഹപൂര്‍വ്വം സെക്രട്ടറിയുടെ വാക്കുകള്‍ കേട്ടിരുന്നു. തുടര്‍ന്ന് ഗായകസംഘം പാടി. ജയിംസിന്‍റെ വിരലുകള്‍ പിയാനോയിലായിരുന്നെങ്കിലും ഇടയ്ക്കിടെ കണ്ണുകളുയര്‍ത്തി ലിന്‍ഡയെ നോക്കുന്നു. അവളും ആ നോട്ടം ഏറ്റുവാങ്ങി പുഞ്ചിരിച്ചു. ഏതോ ലഹരിയിലെന്നപോലെ എല്ലാവരും ആ ഗാനത്തില്‍ ലയിച്ചിരുന്നു. മരുഭൂമിയില്‍ വാടി വരണ്ടു കിടന്ന ജീവനുകള്‍ക്കും മഴവെള്ളംപോലെ ആ മനോഹരഗാനം മനസ്സിനൊരു താളമായി ഒഴുകി.
ആരാധന ആരംഭിച്ചു. കത്തനാരുടെ ശബ്ദം, പ്രാര്‍ത്ഥന ചൂടു പിടിച്ച മനസ്സുകളെ തണുപ്പിച്ചു. പലപ്പോഴും ശ്മശാനഭൂമിയില്‍എന്നപോലെ പള്ളിക്കുള്ളിലിരുന്ന് ശീലിച്ചവര്‍ക്ക് അതൊരു പുതിയ അനുഭവമായി. അള്‍ത്താരയില്‍ മുട്ടുകുത്തി, അനുഗ്രഹവര്‍ഷങ്ങള്‍ ചൊരിയാന്‍ കര്‍ത്താവിനോട് കരുണയ്ക്കായി യാചിക്കുന്ന പുരോഹിതനെ അവര്‍ ഇമ ചിമ്മാതെ നോക്കിയിരുന്നു. ഉറക്കെയുറക്കെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയില്‍ എല്ലാവരും പുരോഹിതന്‍റെ വാക്കുകള്‍ ഏറ്റുചൊല്ലി. വേദനകളുമായി വന്നവരുടെ മനസ്സില്‍ ആത്മീയ പുഷ്പങ്ങള്‍ വിരിയുന്ന അനുഭവം.
പ്രസംഗത്തിന് മുന്‍പായി സെക്രട്ടറി അറിയിച്ചു:
“വിവാഹവാര്‍ഷികം, ജന്മദിനം, പഠനത്തില്‍ ജയം വരിക്കാനുള്ള മറ്റ് സംഭാവനകള്‍ക്കായുള്ള കവര്‍ നല്‍കാന്‍ എല്ലാവര്‍ക്കും അവസരമുണ്ട്.”
പറഞ്ഞു തീര്‍ത്ത ശേഷം സെക്രട്ടറി അള്‍ത്താരയില്‍ കയറിവന്ന് കത്തനാരുടെ കാതുകളില്‍ എന്തോ ഓതിക്കൊടുത്തു. കത്തനാര്‍ എഴുന്നേറ്റ് ചെന്ന് അള്‍ത്താരയ്ക്ക് മുന്നില്‍ കവറിനുള്ളില്‍ കാശുമായി വന്നിരുന്നവരുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഓരോരുത്തര്‍ എഴുന്നേറ്റ് മടങ്ങുമ്പോഴും സെക്രട്ടറി നീട്ടി പിടിച്ച പാത്രത്തില്‍ ഓരോരോ കവറുകള്‍ വീഴുന്നു.

കത്തനാര്‍ക്ക് ഈ പണം പിരിക്കാന്‍ പരിപാടി വളരെ ദുസ്സഹമായി തോന്നി. പള്ളിക്കുള്ളില്‍ എന്തെല്ലാം പേരില്‍ കവര്‍ കച്ചവടം നടക്കുന്നു. ഈശോ തമ്പുരാന്‍റെ പേരില്‍ നടക്കുന്ന കച്ചവടമായതിനാല്‍ ആര്‍ക്കും പരാതിയില്ല. എല്ലാവരുടേയും കണ്ണുകള്‍ നിലവിളക്കുപോലെ പ്രകാശിച്ചുനില്‍ക്കുന്നു.
സെക്രട്ടറി വീണ്ടും വന്ന് കത്തനാരുടെ കാതുകളില്‍ എന്തോ മന്ത്രിച്ചു. പള്ളിക്കുള്ളില്‍ വന്നതിന് ശേഷം ഇയാള്‍ നാലാമത്തെ പ്രാവശ്യമാണ് കാതില്‍ മന്ത്രിക്കുന്നത്. കത്തനാര്‍ക്ക് ദേഷ്യവും അമര്‍ഷവും തോന്നി. അള്‍ത്താരക്കുള്ളില്‍ വന്ന് കാതില്‍ മന്ത്രിക്കാന്‍ ഇതെന്താണ് നാടകരംഗമോ? ഇയാള്‍ ഏറ്റവും മുന്നിലെ സീറ്റില്‍ വന്നിരിക്കുന്നതും ഇതിന് വേണ്ടിയാണോ? ഇയാളെ ഇരിപ്പിടത്തില്‍ ഉറപ്പിച്ച് ഇരുത്തേണ്ടതുണ്ട്. പുരോഹിതന്‍മാര്‍ അത്ര മണ്ടന്മാരാണോ, കാതില്‍ വന്ന് ഓരോന്ന് ഓതിക്കൊടുക്കാന്‍!
കൈസ്സര്‍ ഒന്നുമറിയാത്തവനെപ്പോലെ ഒരു പരുക്കന്‍ മട്ടില്‍ തിരിച്ചു പോയി സീറ്റിലിരുന്നു. പള്ളിക്കുള്ളിലിരിക്കുന്ന ചിലര്‍ക്ക് ഇതൊരു കൗതുകകാഴ്ചയാണ്. എല്ലാവരെക്കാള്‍ താനൊരു കേമന്‍ എന്നു കാണിക്കാനുള്ള പരിപാടിയാണെന്ന് അഭിപ്രായമുള്ളവര്‍ കുറവല്ല.
സെക്രട്ടറി വീണ്ടും സഭാപിതാക്കന്മാരുടെ ഇടയലേഖനങ്ങളും മറ്റും വായിച്ചുകൊണ്ടിരിക്കെ കത്തനാര്‍ കസേരയിലിരിക്കുന്ന ഓരോ മുഖങ്ങളെയും നിരീക്ഷിച്ചു. അപ്പോള്‍ മുഖത്ത് തിളക്കം വറ്റിയ പലരെയും ശ്രദ്ധിച്ചു. കത്തനാരെ ആകര്‍ഷിച്ചത് മനുഷ്യരുടെ സ്നേഹം തുളുമ്പുന്ന മുഖങ്ങളാണ്. മൂകമായി പ്രാര്‍ത്ഥിക്കുന്ന ഹൃദയങ്ങള്‍. ത്തനാരുടെ ശ്രദ്ധ സെക്രട്ടറി വായിച്ച ലേഖനക്കുറുപ്പുകളിലല്ലായിരുന്നു.
സെക്രട്ടറി കത്തനാരെ ആദരവോടെ പ്രസംഗിക്കാന്‍ വിളിക്കുമ്പോഴാണ് ആരെയോ ഉറ്റുനോക്കിയിരുന്ന കണ്ണുകള്‍ പിന്‍വാങ്ങിയത്.

കത്തനാര്‍ കസേരയില്‍ നിന്നെഴുന്നേറ്റ് പ്രസംഗവേദിയില്‍ എത്തുന്നതിന് മുന്‍പ് അറിയിച്ചു:
“നിങ്ങളില്‍ ആരെങ്കിലും രോഗികളായുണ്ടെങ്കില്‍, കുട്ടികള്‍ ഇല്ലാത്തവരുണ്ടെങ്കില്‍, മറ്റ് വിഷമമുണ്ടെങ്കില്‍ മുന്നോട്ടു കടന്നുവരിക. അവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കാം.”
കവറുകള്‍ മാത്രം തലോടിയവര്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. പത്ത് പേരോളം മുന്നോട്ട് വന്നിരുന്നു. റെയ്ച്ചല്‍ ജോബിനെ കൈക്ക് പിടിച്ച് അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടുകുത്തി. ഒപ്പം ഗ്ലോറിയ മകള്‍ മാരിയോനുമായി മുട്ടുകുത്തി. അള്‍ത്താരയിലെ മെഴുകുതിരികള്‍ എരിഞ്ഞുകൊണ്ടിരുന്നു. എല്ലാവരും പ്രതീക്ഷകളോടെ കത്തനാരെ നോക്കി. കത്തനാര്‍ അള്‍ത്താരയിലെ കുരിശിന് മുന്നില്‍ എരിയുന്ന മെഴുകുതിരികളുടെ മുന്നില്‍ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി കണ്ണുകളടച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
”പിതാവേ ദാവിദ് പാമ്പിന്‍റെ കടികളില്‍ നിന്ന് രക്ഷപെടാന്‍ ആടുകളുടെ ശരീരത്ത് പച്ചിലമരുന്നു പിഴിഞ്ഞ് ഒഴിച്ചതുപോലെ ഈ രോഗികളുടെ, വന്ധ്യതയനുഭവിക്കുന്ന സ്ത്രീകളുടെ മേല്‍, മറ്റ് ആവശ്യങ്ങളുടെ മേല്‍ നിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിച്ച് ഞാനീ കൈകൊണ്ട് തൈലം പൂശുന്നു. അവര്‍ക്ക് സൗഖ്യവും കൃപകളും കൊടുക്കേണമേ. അവരെ സംരക്ഷിക്കാന്‍ അടിയന് ശക്തിപകരേണമേ. ആമീന്‍…!”
കത്തനാര്‍ എഴുന്നേറ്റുചെന്ന് പരമവൈദ്യനായ ഈശോയുടെ നാമത്തില്‍ അവരുടെ തലകളില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. അവര്‍ എഴുന്നേറ്റുപോയി അതത് സ്ഥാനങ്ങളില്‍ ഇരുന്നു. കത്തനാര്‍ വേദപുസ്തകം തുറന്നു. ലൂക്കോസ് 1 അധ്യായം 15-ാമത്തെ വാക്യം വായിച്ചു.
“അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും. വീഞ്ഞും മദ്യവും കുടിക്കില്ല. അമ്മയുടെ ഗര്‍ഭത്തില്‍വെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.”
ഈ വേദവാക്യം എടുക്കാനുണ്ടായ കാരണം സീസ്സറുടെ വീട്ടില്‍ തന്നെ ആദ്യമായി സ്വീകരിച്ച വീഞ്ഞ് തന്നെയായിരുന്നു. കത്തനാര്‍ക്ക് അന്നു തന്നെ ഒരു കാര്യം മനസ്സിലായിയിരുന്നു. കേരളംപോലെ ഈ നാടും മദ്യത്തിന് അടിമകളാണ്. ഇവിടെ അവന്‍ എന്ന് കാണിക്കുന്നത് സ്നാപകയോഹന്നാന്‍റെ ജനനത്തെയാണ് കാണിക്കുന്നത്. അവന്‍റെ അപ്പന്‍ പുരോഹിതനായ സെഖരിക്കാവ് അമ്മ എലീശബെത്ത്. അവര്‍ ദൈവസന്നിധിയില്‍ നീതിയുള്ളവരും കുറ്റമില്ലാത്തവരുമായിരുന്നു. എന്നിട്ടും വാര്‍ദ്ധക്യത്തിലായ എലീശബെത്തിന് ഒരു കുട്ടിയുണ്ടായില്ല. അവള്‍ മച്ചിയായിരുന്നു. മറ്റുള്ളവര്‍ പഴിച്ചു. അപ്പോഴാണ് ഗബ്രീയല്‍ ദൂതന്‍ സെഖക്കര്യവിനോട് പറയുന്നത്:
“നീ ഭയപ്പെടേണ്ട. നിന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി. നിന്‍റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്ന് പേര്‍ ഇടേണം.”

പ്രാര്‍ത്ഥനയെപ്പറ്റി കത്തനാര്‍ പറഞ്ഞു.
“പ്രാര്‍ത്ഥന ഈ ലോകത്തിലെ സൗന്ദര്യസിന്ദൂരമാണ്. ആ സിന്ദൂരം ചാര്‍ത്തുന്നവരൊക്കെ രക്ഷപ്രാപിക്കും. ഒരു ക്രിസ്ത്യാനി പ്രാര്‍ത്ഥനയില്‍ സ്വര്‍ണ്ണംപോലെ തിളങ്ങേണ്ടവനാണ്. എന്നാല്‍, തിളങ്ങുന്നില്ല. കാരണം ആ സ്വര്‍ണ്ണത്തില്‍ ഇപ്പോഴും ഈ ലോകത്തിന്‍റെ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിരിക്കുന്നു. സ്നേഹവും സ്വര്‍ണ്ണംപോലെ തിളങ്ങുന്നതാണ്. അതിന് സ്വര്‍ണ്ണം ശുദ്ധീകരിക്കുന്നതുപോലെ നമ്മുടെ സ്വഭാവത്തെ ശുദ്ധീകരിക്കണം. ഈ തീച്ചൂളയിലൂടെ പോകുന്നവര്‍ക്കേ ജീവിതവിജയമുള്ളൂ. ഈ ലോകത്ത് രണ്ട് പ്രമുഖവ്യക്തികള്‍ 33-ാമത്തെ വയസ്സില്‍ മരിച്ചു. ഒരാള്‍ ആത്മാവില്‍ ജീവിച്ചു മറ്റൊരാള്‍ ജഢത്തിലും. ആരാണത്? ഈ ലോകം കീഴടക്കിയ യേശുക്രിസ്തുവും റോമന്‍ ചക്രവര്‍ത്തി അലക്സാണ്ടറും. ചക്രവര്‍ത്തി വ്യക്തികളോടും രാജ്യങ്ങളോടും യുദ്ധം ചെയ്ത് രക്തമൊഴുക്കി മണ്ണില്‍ ആധിപത്യമുറപ്പിച്ചു. യേശു ക്രിസ്തു പഠിപ്പിച്ചത് നമ്മള്‍ യുദ്ധം ചെയ്യേണ്ടത് വ്യക്തികളോടും രാജ്യങ്ങളോടുമല്ല. മറിച്ച് നമ്മളിലെ അന്ധകാരശക്തികളോടാണ്. മണ്ണിലും മനസ്സിലും വസിക്കുന്ന ചെകുത്താന്‍റെ കോട്ടകളോടാണ്. ഈ ലോകത്തിന്‍റെ വെളിച്ചമായി വന്ന യേശു ആരെയും വേദനിപ്പിച്ചില്ല. രക്തപ്പുഴയൊഴുക്കിയില്ല. സ്നേഹം, സമാധാനം, കാരുണ്യം വിഭാവനം ചെയ്തു. അന്ധകാരശക്തികളായിരുന്ന യഹൂദ-റോമന്‍സാമ്രാജ്യങ്ങളെ പിടിച്ചുലച്ചു. രക്തം ചൊരിയാതെ ചരിത്രത്തില്‍ ആദ്യമായി രക്തരഹിത വിപ്ലവം നടത്തി ചരിത്രം സൃഷ്ടിച്ചവന്‍, മണ്ണിലെ എല്ലാ അടിമകള്‍ക്കും അധ്വാനിക്കുന്ന വര്‍ഗ്ഗത്തിനും സ്ത്രീകള്‍ക്കും സ്വാതന്ത്യം കൊടുത്തവന്‍. കള്ളനായ ചെകുത്താനെ തോല്പിച്ചു ചരിത്രവിജയം നേടിയവന്‍. ഇരുളിനെ തോല്പിക്കാന്‍ വെളിച്ചത്തിനേ കഴിയൂ. മനുഷ്യനെ കൊന്നൊടുക്കിയ ചക്രവര്‍ത്തി ജഡത്തില്‍ മരിച്ചു. മനുഷ്യനെ നന്മയിലേക്ക് വളര്‍ത്തിയവന്‍ ആത്മാവില്‍ സ്വര്‍ഗ്ഗാരോഹണം ചെയ്ത് ഇന്നും ജനഹൃദയങ്ങളില്‍ സ്നേഹദീപമായി എരിയുന്നു. ചരിത്രം ജീവിക്കുന്നതുപോലും യേശുക്രിസ്തുവിലാണ്. പ്രിയപ്പെട്ടവരെ നാം നമ്മുടെ ജസിക ജീവിതത്തില്‍ നിന്നും മടങ്ങിവരിക. യേശുക്രിസ്തുവിനെ മാതൃകയാക്കുക. അതിന് ക്രിസ്താനിയാകണമെന്നില്ല. നമ്മെ അലട്ടുന്ന, നമ്മെ വഞ്ചിക്കുന്ന ചെകുത്താനെതിരെ പടപൊരുതാന്‍ പ്രാര്‍ത്ഥനയെന്ന മഹായുധം ധരിക്കുക. പ്രാര്‍ത്ഥന പടക്കളത്തിലെ പോരാളിയാണ്.
യോഹന്നാന്‍ വളര്‍ന്നു. അവന്‍റെ മാതാപിതാക്കള്‍ക്ക് എന്താണ് അവനെപ്പറ്റി പറയാനുള്ളത്. അവന്‍ ജനിച്ച നാള്‍ മുതല്‍ ആത്മാവില്‍ വളര്‍ന്നു. അനുസരണയിലും അച്ചടക്കത്തിലും വളര്‍ന്നു. അനീതിക്കും അധര്‍മ്മത്തിനുമെതിരെ പോരാടി. ഇന്നത്തെ നമ്മുടെ മക്കളെപ്പറ്റി എത്ര അമ്മമാര്‍ക്ക് പറയാന്‍ കഴിയും. നിങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ആത്മാവില്‍ കുട്ടികള്‍ ജനിക്കുക നടക്കുന്ന കാര്യമാണോ? ഒന്നും അസാധ്യമായിട്ടില്ല. അതിന് സ്നേഹം കൊടുക്കാന്‍ പഠിക്കണം. വാങ്ങാന്‍ പഠിക്കരുത്. നാം ഒരു ചെടിക്ക് വെള്ളമൊഴിക്കുന്നു. അത് നന്നായി വളരുന്നു. ഇവിടെ സ്നേഹം നാം കൊടുക്കയാണ്. ആ ചെടി വളര്‍ന്ന് പൂവാകുന്നു. സ്നേഹത്തില്‍ തഴച്ചുവളര്‍ന്ന മനോഹരമായ പൂവ്. നാം അതിനെ ആസ്വദിക്കുന്നു. ഈ ആസ്വദിക്കുന്ന നറുമണം അല്ലെങ്കില്‍ സുഗന്ധം എന്താണ്? നാം അത് കാണുന്നില്ല. അനുഭവിക്കുക മാത്രമാണ് ചെയ്യുന്നത്. ആ അനുഭവമാണ് ആത്മാവ്. ഈ മണ്ണിലെ എല്ലാ ജീവജാലങ്ങള്‍ക്കും ആത്മാവുണ്ട്. നല്ല മണം തരുന്ന ആത്മാവുള്ള മനുഷ്യരുണ്ടായാല്‍ ഈ ലോകത്തുള്ള എല്ലാ വിഷമങ്ങള്‍ക്കും പരിഹാരമാകും.
മറ്റൊന്നുകൂടി ഓര്‍ക്കുകയ യൗവനക്കാരനായ യോഹന്നാന്‍ വീഞ്ഞിനും മദ്യത്തിനും അടിമയായിരുന്നില്ല. ഇന്ന് എത്രയോ വീടുകള്‍ മദ്യം സൂക്ഷിക്കുന്ന ഷാപ്പുകളായി മാറിയിരിക്കുന്നു. മദ്യപാനികള്‍ ജീവിതത്തെ തകര്‍ക്കുന്ന പിശാചിന്‍റെ വഴിയില്‍ ബോധമറ്റവരെപ്പോലെ നടക്കുകയാണ്.”

കത്തനാരുടെ വാക്കുകള്‍ കേട്ട് സീസ്സര്‍ സ്തംഭിച്ചിരുന്നു. ഉള്ളില്‍ വിദ്വേഷം നുരകുത്തി. ഇയാള്‍ സാധാരണ വാളല്ല, ഇരുതല മൂര്‍ച്ചയുള്ള വാളാണ്. ആ വാക്കുകള്‍ ഒരു ഞെട്ടലോടെ കാതുകളില്‍ മുഴങ്ങുന്നു. മറ്റുള്ളവര്‍ വീഞ്ഞും മദ്യവും കുടിക്കുന്നെങ്കില്‍ ഇയാള്‍ എന്തിന് ഭാരപ്പെടണം. ഇയാള്‍ കരുതിയിരിക്കുന്നത് കേരളത്തിലെ ദരിദ്രന്മാരായ മദ്യപാനികളെപ്പോലെയാണ് ഇവിടെയുള്ളവര്‍ എന്നാണോ? അവിടുത്തുകാരെപ്പോലെ ചായ കുടിച്ചുകൊണ്ടു നടക്കണോ? ഇവിടെയാരും മദ്യപിച്ച് വഴക്കും ശണ്ഠയും കൂടുന്നില്ല. കേരളത്തില്‍ മദ്യം പെരുകി മനുഷ്യന്‍ പെരുവഴിയിലാകുന്നതിന് കുറ്റക്കാര്‍ ഞങ്ങളല്ല. ഇതിന്‍റെ പേരില്‍ ഇവിടുത്തുകാരെ പുലഭ്യം പറയാനാണ് ഭാവമെങ്കില്‍ ആദ്യം എറിയേണ്ടത് ഈ കത്തനാരെയാണ്. ഇവിടെ മദ്യം കാരണം വീടുകളില്‍ പട്ടിണിയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി ഉയരുന്നില്ല. ആര്‍ക്കും വിങ്ങലോ വേവലാതിയോ ഇല്ല. ഇയാള്‍ നാടുവിട്ടു വന്നത് ബ്രിട്ടീഷുകാരെ മദ്യവിമുക്തരാക്കാനാണോ? യഥാര്‍ത്ഥത്തില്‍ ഇയാള്‍ എനിക്കിട്ടുതന്നെയാണ് കൊട്ടിവരുന്നത്. എനിക്കിട്ടു കൊട്ടാനാണ് ഭാവമെങ്കില്‍ ഇവിടെനിന്ന് കെട്ടുകെട്ടിക്കാന്‍ എനിക്കറിയാം.
സീസ്സറിന്‍റെ മുഖം ഇരുണ്ടെങ്കിലും മറ്റുള്ളവരുടെ മുഖത്ത് പ്രസന്നതയും പ്രകാശവും തെളിഞ്ഞുനിന്നു. സ്ത്രീകള്‍ക്ക് ആത്മാനുഭൂതി നല്കിയെങ്കിലും പുരുഷന്മാര്‍ക്കും രസാനുഭൂതി മാത്രമെ ലഭിക്കുന്നുള്ളൂ. സീസ്സറിന്‍റെ മനസ്സില്‍ ഇയാളെ കശക്കിക്കളയണമെന്നുതന്നെ തോന്നി. എത്രയോ അച്ചന്മാര്‍ തന്‍റെ വീട്ടില്‍ വന്ന് വീഞ്ഞു കുടിച്ചു. ഇയാളെ ഞാന്‍ വീഞ്ഞു കുടിപ്പിച്ചില്ല. എന്നിട്ടും എന്നെ തന്നെയാണ് കുത്തിക്കൊണ്ടിരിക്കുന്നത്. പട്ടക്കാരുടെ മുന്നില്‍ ജനങ്ങളെല്ലാം ഓച്ഛാനിച്ചും തലയാട്ടിയും നില്കുമെന്നാണ് ധാരണയെങ്കില്‍ ഈ മണ്ണില്‍ ഈ സീസ്സറെ അതിനു കിട്ടില്ല.

കത്തനാര്‍ തുടര്‍ന്നു:
“ഞാന്‍ എന്‍റെ വാക്കുകളെ നിറുത്തുകയാണ്. പ്രിയമുള്ള ദൈവജനമേ, ഈ മണ്ണില്‍ പാപികള്‍ക്കും അടിമകള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കുമായി ആരെങ്കിലും മരിച്ചിട്ടുണ്ടോ? ഒരാള്‍ മാത്രം. അത് നമ്മുടെ രക്ഷകനായ യേശുക്രിസ്തുവാണ്. ആ ക്രിസ്തുവോളം വിലയുള്ളവരാണ് നമ്മള്‍. യേശു നമ്മെ സ്നേഹിക്കുന്നു. ആ സ്നേഹം നാം മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണം. അവിടെ ജാതിയില്ല, ചെറിയവനും വലിയവനുമില്ല. നാം ദൈവത്തിന്‍റെ മുന്നില്‍ കൊഴിഞ്ഞുപോകുന്ന വെറും പുഷ്പങ്ങള്‍ മാത്രം. അത് മറക്കരുത്. ലഹരിക്കടിമകളായ അനുസരണയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങളെപ്പറ്റി വിചാരപ്പെടുക. ദൈവത്തിന്‍റെ കൃപ അവരില്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഭാരപ്പെടാതെ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക.”
പ്രസംഗം അവസാനിപ്പിച്ചിട്ട് പറഞ്ഞു,
“ഇനി വിശുദ്ധ കുര്‍ബാനയ്ക്കുള്ള കര്‍മ്മമാണ്. യേശുവിന്‍റെ അന്ത്യനാളുകളില്‍ തന്‍റെ ശിഷ്യന്മാര്‍ക്കായി വിളമ്പിയ അദ്ദേഹത്തിന്‍റെ ശരീരവും രക്തവുമാണ്. ഈ വിശുദ്ധമേശയില്‍ സംബന്ധിക്കുന്നവരോട് ഒന്നു പറയുവാനുള്ളത് ഇത് വിശുദ്ധിയും വെടിപ്പുമുളളവര്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍ ഒരു ആത്മപരിശോധന നടത്തിയിട്ട് വേണം ഈ അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും അവകാശികളാകുവാന്‍. ഇത് ഞാന്‍ പറയുന്നതല്ല. ഈശോയുടെ കല്പനയാണ്. നിന്‍റെ സഹോദരനോട് നിനക്ക് വെറുപ്പും വൈരാഗ്യവുമുണ്ടെങ്കില്‍ അവനുമായി നിരപ്പുണ്ടായിട്ടുവേണം ഇതു ഭക്ഷിപ്പാന്‍. ഇവിടെ സഹോദരന്‍ എന്നുപറയുമ്പോള്‍ മറ്റ് എല്ലാവരും സഹോദരന്മാരാണ്. അതുപോലെതന്നെ വ്യഭിചാരം ചെയ്യുന്നവരും കള്ളസാക്ഷ്യം പറയുന്നവരും മദ്യപാനികളും അന്യായം ചെയ്യുന്നവരും പരദൂഷണം പറയുന്നവരും ഇവ കഴിക്കാന്‍ യോഗ്യരാണോ എന്നുകൂടി ചിന്തിക്കണം. ഇവയെ ധിക്കരിച്ചുകൊണ്ട് ഭക്ഷിച്ചാല്‍ അവരെല്ലാം ന്യായവിധിക്ക് യോഗ്യരാണ്. കുറ്റക്കാരാണ്. അതിനാല്‍ നിങ്ങള്‍ ശിക്ഷാവിധിയില്‍ നിന്നൊഴിവാകുക. നിങ്ങളുടെ രക്ഷയ്ക്കായി സൗഖ്യത്തിനായി എല്ലാ ശനിയാഴ്ചയും മൂന്നു മുതല്‍ ആറുവരെ ഞാന്‍ ധ്യാനയോഗങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ നിങ്ങളുടെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് സങ്കടപ്പെട്ട് ദൈവത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞ് ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കുകയും ചെയ്യുക.”

വീണ്ടും ഒരു ഗാനമുയര്‍ന്നു. പട്ടക്കാരന്‍ ദിവ്യബലി കൈക്കൊള്ളുന്നവര്‍ക്കായി പ്രാര്‍ത്ഥനകള്‍ ചൊല്ലി കാസായും പിലാസായും മുകളിലേക്കുയര്‍ത്തി രക്ഷകനെ വാഴ്ത്തിക്കൊണ്ട് പ്രാര്‍ത്ഥിച്ചു. വിശുദ്ധ കുര്‍ബാന കൈക്കൊള്ളാന്‍ മുട്ടുകുത്തി ഇരിക്കുന്നവരെ മുഖം തിരിച്ച് നോക്കി. ഇരുന്നൂറു പേരുള്ളതില്‍ ഇരുപത് പേര്‍പോലും കുര്‍ബാന കൈക്കൊള്ളാന്‍ മുന്നോട്ടു വന്നില്ല. വന്നവരില്‍ കൂടുതല്‍ സ്ത്രീകളായിരുന്നു. കുര്‍ബാന കൈക്കൊള്ളാന്‍ വരാത്തവരെ ജോബ് എഴുന്നേറ്റ് നിന്ന് നോക്കി ഇളിഭ്യച്ചിരി ചിരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more