1 GBP = 106.80
breaking news

ആദ്യ മത്സരത്തില്‍ CR7 മങ്ങിയതില്‍ ആരാധകര്‍ക്ക് നിരാശ

ആദ്യ മത്സരത്തില്‍ CR7 മങ്ങിയതില്‍ ആരാധകര്‍ക്ക് നിരാശ


40 വയസിലേക്ക് എത്തുമ്പോഴും കഠിനധ്വാനം കൊണ്ട് സോക്കര്‍ലോകത്ത് ആര്‍ക്കും എത്തിപ്പിടിക്കാനാകാത്തെ നേട്ടങ്ങളാണ് CR7 എന്ന് ആരാധകര്‍ വിളിച്ചു പോരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറില്‍ ഉടനീളം ഉണ്ടായിട്ടുള്ളത്. അതികായനായ ഈ ഫുട്‌ബോളറെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രധാപ്പെട്ട മത്സരമായിരുന്നു യൂറോ ഗ്രൂപ്പ് എഫില്‍ ചെക് റിപബ്ലികുമായി നടന്നത്. എന്നാല്‍ ആറാം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ആദ്യ കളിക്കാരനായി റെക്കോര്‍ഡ് ഇട്ട റൊണാള്‍ഡോക്ക് ഇന്നലത്തെ മത്സരത്തില്‍ പ്രതീക്ഷിച്ച പോലെ തിളങ്ങാനാകാതെ വന്നത് ആരാധകര്‍ക്കിടയില്‍ നിരാശ പടര്‍ത്തി.

യൂറോക്കായുള്ള പോര്‍ച്ചുഗലിന്റെ യോഗ്യത മത്സരങ്ങളില്‍ റൊണാള്‍ഡോ പത്ത് ഗോളുകളുമായി ടോപ് സ്‌കോറര്‍ ആയിരുന്നു. ഇതേ മികവ് യൂറോയിലും തുടര്‍ന്നാല്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുകളും താരത്തിന്റെ പേരലായേക്കാം. കളിയുടെ ആദ്യ പകുതിയില്‍, ബോക്സിലേക്ക് എത്തുന്ന ക്രോസുകള്‍ അറ്റന്‍ഡ് ചെയ്യുന്നതില്‍ ശുഷ്‌കാന്തി കാണിക്കാത്തതും ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസില്‍ കീപ്പറും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്ന സന്ദര്‍ഭം മുതലെടുക്കാന്‍ കഴിയാതെ വന്നതുമൊക്കെ മത്സരത്തിനിടയില്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച നിമിഷങ്ങളായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒരു ഡയഗണല്‍ പാസും റൊണാള്‍ഡോ പാഴാക്കിയിരുന്നു. നിലവില്‍ സൗദി അറേബ്യന്‍ ലീഗില്‍ ബൂട്ട്‌കെട്ടുന്ന ക്രിസ്റ്റ്യാനോക്ക് യൂറോപ്യന്‍ ശൈലിയിലേക്ക് തിരികെ എത്താന്‍ സമയം ആവശ്യമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ചില പാശ്ചാത്യ മാധ്യമങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

അതേ സമയം ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ചെക്ക് റിപബ്ലിക്കിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ യൂറോ കപ്പില്‍ വരവ് അറിയിച്ചു. 62-ാം മിനിറ്റില്‍ ലൂക്കാസ് പ്രൊവോഡിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് 69-ാം മിനിറ്റില്‍ സെന്റര്‍ ബാക്ക് റോബിന്‍ റാനാക്കിന്റെ സെല്‍ഫ് ഗോളാണ് തിരിച്ചടിയായത്. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ പകരക്കാരനും മുന്‍ പോര്‍ച്ചുഗീസ് താരം സെര്‍ജിയോ കോണ്‍സെയ്സോയുടെ മകനുമായ ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ നേടിയ വിജയഗോളില്‍ പോര്‍ച്ചുഗല്‍ മൂന്നു പോയന്റ് സ്വന്തമാക്കുകയായിരുന്നു. ക്രിസ്റ്റിയാനോ, പെപ്പെ, ജോട്ട, ലിയാവോ തുടങ്ങിയ കരുത്തുറ്റ താരങ്ങളുമായി ഇറങ്ങിയിട്ടും തുടക്കത്തില്‍ താളം കണ്ടെത്താന്‍ പോര്‍ച്ചുഗലിനായില്ല.

ഫുട്‌ബോള്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് കൂടി പോര്‍ച്ചുഗലിന്റെ മത്സരത്തോടെ പിറന്നു. ഏറ്റവും കൂടുതല്‍ യൂറോ കപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ച താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. ആറാം യൂറോ കപ്പിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടുകെട്ടിയത്. അഞ്ച് യൂറോ കളിച്ച സ്‌പെയ്‌നിന്റെ ഈക്കര്‍ കസിയസിനെ മറികടന്നാണ് CR7 ഈ നേട്ടത്തിലെത്തിയത്. 2004, 2008, 2012, 2016, 2021 യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ കളിച്ചത്. 2024-ലേത് താരത്തിന്റെ ആറാം ടൂര്‍ണമെന്റാണ്. യൂറോ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും റൊണാള്‍ഡോയാണ്. 25 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകളാണ് ഇദ്ദേഹത്തിന്റെ നേട്ടം. ഒമ്പത് ഗോളുകളുമായി മുന്‍ ഫ്രഞ്ച് താരം മിഷേല്‍ പ്ലാറ്റിനിയാണ് രണ്ടാമത്. ഏഴു ഗോളുകളുമായി ഫ്രാന്‍സിന്റെ അന്റോയ്ന്‍ ഗ്രേസ്മാനും ഇംഗ്ലണ്ടിന്റെ അലന്‍ ഷിയററും മൂന്നാമതുണ്ട്.

യൂറോ കപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ പെപ്പെ സ്വന്തമാക്കി. 40 വര്‍ഷവും 86 ദിവസവും പ്രായമുള്ളപ്പോള്‍ 2016-ല്‍ ബെല്‍ജിയത്തിനെതിരെ കളിക്കാനിറങ്ങിയ ഹംഗറിയുടെ ഗാബോര്‍ കിറാലിയുടെ പേരിലുള്ള റെക്കോഡ് ആണ് പെപ്പെ മറി കടന്നത്. 41 വര്‍ഷവും മൂന്നു മാസവും പ്രായമുള്ളപ്പോഴാണ് പെപ്പെ ലിപ്‌സിഗിലെ റെഡ് ബുള്‍ അരീനയില്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയിലിറങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more