1 GBP = 107.78
breaking news

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 03 – മുന്നിലെ വഴി

കാവല്‍ക്കാരുടെസങ്കീര്‍ത്തനങ്ങള്‍(നോവല്‍) – ഭാഗം 03 – മുന്നിലെ വഴി

കാരൂർ സോമൻ

മുന്നിലെ വഴി

ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍.

കട്ടകള്‍ പാകിയ മനോഹരമായ ഒറ്റയടിപ്പാത.
കത്തനാരും ജോബും ഓടുന്നത് കണ്ട് ലിന്‍ഡയും പിറകെയോടി.
അവന്‍ നിന്ന് ചിരിച്ചു.
കാറില്‍ യാത്ര ചെയ്തവരും ആശ്ചര്യത്തോടെ നോക്കി.
റോഡരുകില്‍ ജോബ് നില്ക്കുന്നത് കണ്ട് അങ്ങോട്ടുചെന്നു.
അവന്‍ കൈചൂണ്ടി വിക്കി വിക്കി ചിരിച്ചുകൊണ്ടുപറഞ്ഞു.
“ഓ…ഓ…ഓ…”

അവള്‍ ഭീതിയോടെ നോക്കി. ഫാദറിന് എന്തുപറ്റി. എന്തെന്നറിയാന്‍ പിറകെയോടി. ജോബും പിറകെയെത്തി. ഇതിനിടയില്‍ ഒരു ഡ്രൈവറെയും തോക്ക് ചൂണ്ടി ഭയപ്പെടുത്തി. പേടിച്ചരണ്ടോടുന്ന ആനയെപ്പോലെയാണ് കത്തനാര്‍ ഓടിയത്. മുഖമാകെ രക്തത്താല്‍ ചുവന്നു. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ മരവിപ്പ്. ആദ്യമായി അനുഭവിച്ചറിഞ്ഞ ഭയം മനസ്സിലേക്ക് ഇരച്ചു കയറി. അവന്‍ ഭീകരനാണോ? കത്തനാരുടെ ചുണ്ടുകള്‍ വിറച്ചു. ഹൃദയവേദന അനുഭവിച്ചറിഞ്ഞ നിമിഷങ്ങള്‍. പതറിപ്പോയ കണ്ണുകള്‍. ഓടുന്നതിനിടയില്‍ ഒരു പള്ളിയും പരിസരവും കത്തനാരുടെ ശ്രദ്ധയില്‍പ്പെട്ടു. പള്ളിക്ക് മുന്നിലും ഒരു ഉദ്യാനമുണ്ട്. അതില്‍ നിറയെ പൂത്തുലയുന്ന പുഷ്പങ്ങള്‍. ആരും കാണാതെ പള്ളിയുടെ ഒരു ഭാഗത്തേക്ക് ഓടിയെത്തി ഒളിച്ചു. അവിടെ മാര്‍ബിള്‍ കല്ലുകളില്‍ തീര്‍ത്തിരിക്കുന്ന യേശുക്രിസ്തുവിന്‍റെ ക്രൂശിത രൂപം. ആ കുരിശിലേക്ക് നോക്കിയപ്പോള്‍ മനസ്സൊന്ന് തണുത്തു. എങ്കിലും ആകുലതകള്‍ മറഞ്ഞില്ല.
മുഖമുയര്‍ത്തി നോക്കി. അവന്‍ പള്ളിമുറ്റത്തെങ്ങാനും എന്നെ തിരയുന്നുണ്ടോ? കത്തനാരുടെ തലച്ചോര്‍ നെരിപ്പോടുപോലെയായി. അത് പുകഞ്ഞും കത്തിയുമിരുന്നു. വീണ്ടും കുറ്റബോധം തോന്നി. ഭീകരന്‍റെ ആജ്ഞയെ അനുസരിക്കേണ്ടവരല്ല ദൈവത്തിന്‍റെ മക്കള്‍. അവര്‍ ദൈവത്തിന്‍റെ കല്പനകളെ പ്രമാണിച്ചു നടക്കേണ്ടവരാണ്. ഓടിയ ക്ഷീണവും കിതപ്പുമെല്ലാം മാറിവന്നു. സൂര്യന്‍റെ വെള്ളപ്പട്ടില്‍ മരത്തിന്‍റെ നിഴലുകള്‍ മണ്ണില്‍ ചായം പൂശി. എങ്ങും നിശബ്ദത. തണുത്ത കാറ്റ് നാണത്തോടെ വന്നു. ആ കാറ്റില്‍ സുഗന്ധമൊഴുകി വന്നു. കാറിലിരുന്നപ്പോള്‍ ഈ സുഗന്ധം ആസ്വദിക്കണമെന്ന് മനസ്സ് പറഞ്ഞു. ഇപ്പോള്‍ അതിന് അവസരം ലഭിച്ചിരിക്കുന്നു. സൂര്യപ്രഭ ഓരോ പൂക്കളിലും തിളങ്ങുന്നു. എന്‍റെ ആഗ്രഹം ഈശോ സാധിച്ചു തന്നതാണോ? ഈ സുഗന്ധത്തിന് ഒരു യൂക്കാലിയുടെ ഗന്ധമുണ്ട്. റോഡിലൂടെ ഒരു പോലീസ് വാഹനം ശബ്ദമുണ്ടാക്കി പോകുന്നത് കാതുകളില്‍ പതിഞ്ഞു. കള്ളനെ പിടിക്കാനാണോ?
ലാസറച്ചന് ഒന്നും മനസ്സിലാകുന്നില്ല. ദൈവം എന്നെ പരീക്ഷിച്ചതാണോ? വിമാനത്തിലുറങ്ങിയ സമയം ഹേരോദ്യ എന്ന ലോകസുന്ദരി കാമം കത്തുന്ന കണ്ണുകളും നഗ്നശരീരവും കാട്ടി കാമുകനെ കാത്തിരിക്കുന്നു. ഇപ്പോഴും അവളുടെ കൊഴുത്തു തടിച്ച നഗ്നമേനി എന്‍റെ തലയ്ക്കുള്ളില്‍ മിന്നി പതഞ്ഞുപൊങ്ങുന്നു. അതൊരു ദുസ്വപ്നമെന്ന് പറയാനാകുമോ? അവള്‍ ജീവിച്ചിരുന്ന സുന്ദരിയായിരുന്നു. എത്രയോ പുരുഷന്മാരുടെ ഉറക്കമാണവള്‍ നഷ്ടപ്പെടുത്തിയത്. എന്‍റെ ഉറക്കവും നഷ്ടപ്പെടുത്താന്‍ എന്തിനവള്‍ എന്നിലേക്ക് മനസ്സ് മാറ്റി. ഇപ്പോഴിതാ ഒരു ഭീകരന്‍ എന്നെ അമ്പരപ്പിച്ചു. അവന്‍റെ നോട്ടവും ഭാവവും എന്നെ വല്ലാതെ ഭയപ്പെടുത്തി. ദൈവത്തിന് വേണ്ടി രക്തം ചിന്താന്‍ എനിക്ക് ഭയമില്ല. പക്ഷെ ഒരു ദുര്‍മാര്‍ഗ്ഗിയുടെ കൈകൊണ്ട് ഞാനെന്തിന് മരിക്കണം. അതുകൊണ്ട് ഞാനോടി എന്‍റെ പ്രാണനെ രക്ഷപ്പെടുത്തി. ഈ മണ്ണില്‍ മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന സര്‍വ്വവും ലഭ്യമാണ്. പെണ്ണും മദ്യവും പണവും മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്ന കാലമാണ്. അതിന്‍റെ ഭാഗമാണ് ഭീകരര്‍ എന്ന പിശാചിന്‍റെ സന്തതികള്‍.
കത്തനാര്‍ നന്നേ വിയര്‍ത്തു. മനസ്സില്‍ ഉത്കണ്ഠയുണ്ടെങ്കിലും ഭിത്തിക്ക് മറഞ്ഞുമറഞ്ഞ് കത്തനാര്‍ മുന്നോട്ടു വന്നു. അവന്‍ തന്നെ കണ്ടുകാണില്ല. കണ്ടിരുന്നുവെങ്കില്‍ ഇതിനകം ഇവിടെയെത്തുമായിരുന്നു. ഞാന്‍ നേരയങ്ങ് ഓടിയെന്ന് അവന്‍ കരുതിക്കാണും. ലിന്‍ഡ തിരക്കുന്നുണ്ടാവും.
അവളും ജോബുംകൂടി അച്ചനെ തിരഞ്ഞുകൊണ്ടിരുന്നു. പലയിടത്തും നോക്കിയെങ്കിലും കണ്ടില്ല. ഈ പരിചയമില്ലാത്ത സ്ഥലത്ത് എവിടെ പോകാനാണ്? അവര്‍ മടങ്ങി വരുമ്പോള്‍ പള്ളി ശ്രദ്ധയില്‍പ്പെട്ടു. അവസാനമായി ഇവിടെകൂടെ നോക്കാം. ഇല്ലെങ്കില്‍ പോലീസിനെ വിവരമറിയിക്കാമെന്നവള്‍ തീരുമാനിച്ചു. ഇങ്ങനെയും ആത്മധൈര്യമില്ലാത്ത പട്ടക്കാരുണ്ടോ? അവള്‍ക്ക് ദേഷ്യമാണ് തോന്നിയത്. അവള്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് ജയിംസിനെ കാണാനുള്ള തിരക്കിലാണ്. അവര്‍ പൂക്കളുടെയും മരങ്ങളുടെയും ഇടയില്‍ നോക്കി കണ്ടില്ല. ജോബ് ഇടയ്ക്ക് കണ്ണുകളുയര്‍ത്തി ലിന്‍ഡയെ കൈ ചൂണ്ടി പള്ളിമണികള്‍ കാണിച്ചു. പള്ളിമണി മുഴങ്ങുന്നത് അവന് ഇഷ്ടമാണ്.
“പ… പാ… മാ… മാ…”
അവന്‍ ചിരിച്ചു. അവളും ഒന്നുമൂളി. അവള്‍ ചുറ്റുപാടും കണ്ണോടിച്ചിട്ട് പള്ളിയുടെ ഇടത് ഭാഗത്തേക്ക് നടന്നു. ശബ്ദം കേട്ട് കത്തനാര്‍ പരിഭ്രമത്തോടെ നോക്കി. അവന്‍റെ മുഖം വ്യക്തമായി കണ്ടു. തെല്ലുനേരം അവനെത്തന്നെ നോക്കി. ഇവന്‍ ഇവളുടെ ആരാണ്? ഇവനെ കണ്ടാല്‍ അവളെക്കാള്‍ പ്രായം തോന്നിക്കും. എന്തെങ്കിലും അസുഖമുള്ള ആളാണോ? ഇവനെന്തിനാ തോക്കുമായി നടക്കുന്നത്?
എന്തായാലും ലിന്‍ഡയ്ക്കൊപ്പം അവനെ കണ്ടതോടെ അങ്കലാപ്പ് മാറി. പ്രസന്നഭാവത്തോടെ കത്തനാര്‍ മുന്നോട്ട് വന്നു. ലിന്‍ഡയ്ക്കും ആശ്വാസം. ജോബ് വീണ്ടും അവന്‍ പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് ചിരിച്ചുകൊണ്ട് ചൂണ്ടി. കത്തനാര്‍ അവന്‍റെ മനോസുഖത്തിനായി കൈകള്‍ രണ്ടും മുകളിലേക്കുയര്‍ത്തി പുഞ്ചിരിച്ചു. അവന് സന്തോഷമായി. അവന്‍റെ മുഖം തെളിഞ്ഞു.
“ഗു… ഗു….”
അവളത് പൂരിപ്പിച്ചു.
“ഗുഡ്… അച്ഛനെന്താ ഓടിയേ?”
“സോറി കേട്ടോ, ഇവനെന്നെ തോക്കെടുത്ത് കാണിച്ചപ്പം ഭയന്നുപോയി.”
അപ്പോഴാണവള്‍ കാര്യം മനസ്സിലാക്കിയത്. ഇളകിമറിഞ്ഞ കത്തനാരുടെ മനസ്സും ശാന്തമായി.
“അവന് സുഖമില്ലാത്തതാ ഫാദര്‍. ഇത്തിരി വിക്കുമുണ്ട്. എന്‍റെ ബ്രദറാ.”
ആ പറഞ്ഞത് അവന് ഇഷ്ടപ്പെട്ടില്ല. അവളെ ഒരു തള്ള് കൊടുത്തിട്ട് പറഞ്ഞു.
“നോ….നോ…”
കത്തനാര്‍ക്ക് അവനോട് ദയ തോന്നി. കത്തനാര്‍ അവന്‍റെ ഭാഗത്ത്നിന്നു പറഞ്ഞു.
“യു ആര്‍ റൈറ്റ്.”

അവന്‍ മുന്നോട്ടു നടന്നു. വഴിയിലൂടെ വന്ന ഒരു മദാമ്മയെ അവന്‍ തോക്കെടുത്തു കാണിച്ചു ഭയപ്പെടുത്തി. പ്രായമുള്ള മദാമ്മ കയ്യിലിരുന്ന പ്ലാസ്റ്റിക് സഞ്ചി കളഞ്ഞിട്ട് ‘ഓ ഗോഡ്!’ എന്നുപറഞ്ഞ് മുന്നോട്ടോടി. അപ്പോഴാണ് ലിന്‍ഡ തിരിഞ്ഞുനോക്കിയത്. കണ്ണുകളില്‍ വിസ്മയം. അവന്‍ ചിരിച്ചുകൊണ്ടു നിന്നു. ആ ചിരിയില്‍ പല്ലുകള്‍ മാത്രമേ കാണാന്‍ പറ്റൂ. ഒറ്റ നോട്ടത്തില്‍ വശ്യവും മനോഹരവുമായ ഒരു ചിരിയായി ആര്‍ക്കും തോന്നും. മദാമ്മ ഉടുപ്പിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ എടുത്ത് പോലീസിനെ വിളിക്കാനൊരുങ്ങുമ്പോള്‍ ലിന്‍ഡ ചെന്ന് ക്ഷമാപണം നടത്തി. അവനൊരു മന്ദബുദ്ധിയെന്നറിയിച്ചു. മദാമ്മയുടെ കണ്ണുകള്‍ ഉരുണ്ടുവന്നു. ഭയം കണ്ണുകളില്‍ മിന്നിത്തിളങ്ങി. അവര്‍ ഉപദേശരൂപേണ പറഞ്ഞു:
“മനോരോഗികളെ ചികിത്സിച്ചു ഭേദപ്പെടുത്തിയിട്ടേ പുറത്തിറക്കാവൂ.”
ലിന്‍ഡയുടെ മുഖം ചുളിഞ്ഞു. അവള്‍ അതിനെ അംഗീകരിച്ചു. കുറ്റബോധത്തോടെ ഒന്നുകൂടി ക്ഷമാപണം നടത്തി പ്ലാസ്റ്റിക് കവര്‍ കയ്യില്‍ കൊടുത്തു. മടങ്ങിവന്ന് കാര്യം അച്ചനോട് വിവരിച്ചു. പിന്നില്‍ നടന്നവനെ മുന്നിലാക്കി നടന്നു.
അവന്‍റെ ആകെയുള്ള കളിപ്പാട്ടമാണ് തോക്ക്. അതിന്‍റെ ആകൃതിയും പ്രകൃതിയുമൊക്കെ ഒറിജിനല്‍ കൈത്തോക്കുപോലെ തന്നെ. പള്ളിയിലും അവന്‍ പഠിക്കുന്ന സ്കൂളിലുള്ളവര്‍ക്കും മാത്രമേ ജോബിന്‍റെ തോക്കിനെപ്പറ്റി അറിയൂ. അതും അവനില്‍ നിന്നകറ്റാന്‍ വേണ്ട ശ്രമങ്ങളെല്ലാം ചെയ്തുവെങ്കിലും അവന്‍ വഴങ്ങിയില്ല. ഒരിക്കല്‍ ഒളിച്ചുവച്ചു. അതിന്‍റെ പേരില്‍ വീട്ടിലുള്ള വിലപിടിപ്പുള്ള പലതും അവന്‍ എറിഞ്ഞുടച്ചു. അതിന് സിസ്റ്ററിന്‍റെ കയ്യില്‍ നിന്ന് ധാരാളം അടിയും വാങ്ങി.
ഈ തോക്കു കാണിച്ചുള്ള തമാശയല്ലാതെ മറ്റൊരു ഉപദ്രവങ്ങളും അവന്‍ ചെയ്യാറില്ല. വീടെത്തുംവരെ കത്തനാര്‍ ഇടയ്ക്കവനെ നോക്കുകയും മറ്റുള്ളവരെ അമ്പരപ്പിക്കുന്ന അവന്‍റെ തലച്ചോറിനെപ്പറ്റി ചിന്തിക്കുകയുമായിരുന്നു. എണ്ണമില്ലാത്ത അത്ഭുതങ്ങള്‍ ചെയ്തിട്ടുള്ള ഈശോ തമ്പുരാന് അവന്‍റെ മന്ദത മാറ്റിയെടുക്കാന്‍ കഴിയും.

വീടിന്‍റെ മുറ്റത്ത് വന്നപ്പോള്‍ കത്തനാര്‍ ജോബിന്‍റെ അടുത്തേക്ക് ചെന്ന് ചോദിച്ചു.
“ജോബേ നീ ആ തോക്ക് എനിക്ക് തരുമോ?”
അവന്‍റെ മുഖം കറുത്തു. നെറ്റി ചുളിച്ചു. അച്ചന്‍ അവന്‍റെ തലയില്‍ തലോടിയിട്ടും പറഞ്ഞു:
“വേണ്ട. എനിക്ക് തോക്ക് വേണ്ട. മേനൊന്ന് കണ്ണടച്ചാല്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.”
അതിനവന്‍ സമ്മതിച്ചു. കണ്ണുകളടച്ചു നിന്നു. വാത്സല്യപൂര്‍വ്വം കത്തനാര്‍ അവന്‍റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. ഇടയ്ക്കവന്‍ കണ്ണുകള്‍ തുറന്നുനോക്കി. അച്ചന്‍റെ നാവില്‍ നിന്ന് വീഴുന്ന ഓരോ വാക്കും കതകിനടുത്തു നിന്ന ജോബിന്‍റെ അമ്മ റയിച്ചല്‍ സന്തോഷത്തോടെ കേട്ടു. ലിന്‍ഡയും കൗതുകത്തോടെ നോക്കി. ജോബ് വീണ്ടും കണ്ണടച്ചു.
കത്തനാരുടെ മനസ്സിലേക്ക് കാറ്റ് പോലെ ചില വാക്കുകള്‍ വന്നലച്ചു. ഞാന്‍ നിന്നോട് കൂടെയുണ്ട്. ഭ്രമിച്ചു നോക്കേണ്ട. ഇന്ന് ജോബിന്‍റെ പ്രവൃത്തികള്‍ കണ്ട് അമ്പരക്കുന്നവര്‍ നാളെ അവന്‍റെ വളര്‍ച്ച കണ്ട് അമ്പരക്കും. ഞാന്‍ നിന്‍റെ ദൈവമാകുന്നു.
മുറ്റത്തെ പൂക്കള്‍ കാറ്റിലാടി മന്ദഹസ്സിച്ചു. കണ്ണു തുറക്കുമ്പോള്‍ കത്തനാരുടെ മുന്നിലേക്ക് അവന്‍റെ തോക്കിന്‍റെ മുന കണ്ടു. കത്തനാര്‍ വിരല്‍ച്ചുണ്ട് അതുപോലെ കാണിച്ചിട്ട് ചിരിച്ചു. മകന്‍റെ കുസൃതിത്തരങ്ങള്‍ അറിയാവുന്ന റെയ്ച്ചല്‍ കത്തനാരെ അകത്തേക്ക് ക്ഷണിച്ചു. കാറിനകത്ത് കിടന്ന ബാഗുമെടുത്ത് കത്തനാര്‍ പിറകെ ചെന്നു. നടന്ന കാര്യങ്ങള്‍ ലിന്‍ഡ മമ്മിയെ ധരിപ്പിച്ചു. സ്റ്റല്ല മൂക്കത്ത് വിരല്‍ വച്ചു. ജോബിനെ നോക്കി പറഞ്ഞു:
“എടാ ഫാദറിനോട് ബിഹേവ് ചെയ്യുന്നത് എങ്ങനെയാന്നു നിനക്കറിയില്ലേ?”
അവന്‍ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
അച്ചന്‍ സ്നേഹത്തോടെ പറഞ്ഞു.
“വേണ്ട, അവനെ വഴക്ക് പറയേണ്ട. നിങ്ങള്‍ വിശ്വസിക്കുക. ദൈവത്തിന്‍റെ മഹത്വം വെളിപ്പെടും. ഈ മുറ്റത്ത് നില്ക്കുന്ന പൂവിനെ നോക്കുക. കാണാന്‍ എന്തൊരു ഭംഗി. അത് വൈകിട്ട് വാടുന്നില്ലേ? മനുഷ്യജീവിതവും പൂവിനെ പോലെ തന്നെ. ഞാന്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്.
ലിന്‍ഡ റെയ്ച്ചലിനെ കത്തനാര്‍ക്ക് പരിചയപ്പെടുത്തി:
“ഇതാണ് എന്‍റെ വഴക്കാളി മമ്മി റെയ്ച്ചല്‍. ജോബ് സെന്‍ററിലാണ് ജോലി. പ്രായം 46 കഴിഞ്ഞു. ഇച്ചിരി ഗമ കൂടുതലാ.”
റെയ്ച്ചല്‍ അവളെ വഴക്ക് പറഞ്ഞു.
“പോടീ….”
അവള്‍ ഓടിപ്പോയി.
വീടിനുള്ളില്‍ കുന്തിരിക്കത്തിന്‍റെ നേര്‍ത്ത സുഗന്ധം. ഹാളിനുള്ളില്‍ മനോഹരങ്ങളായ സോഫാ സെറ്റുകള്‍, കസേരകള്‍. മൂലകളിലായി പക്ഷികളുടെ, സിംഹത്തിന്‍റെ, മാനിന്‍റെ കൊത്തുപണികളുള്ള കൗതുക കാഴ്ചകള്‍. ഒരുഭാഗത്ത് ഭിത്തിയോടു ചേര്‍ന്നുള്ള ഗ്ലാസ്സിട്ട അലമാരയില്‍ അതിമനോഹരങ്ങളായ അലങ്കാര വസ്തുക്കള്‍. ഭിത്തിയില്‍ അര്‍ദ്ധനഗ്നകളായ രണ്ടു സുന്ദരിമാരുടെ ചിത്രങ്ങള്‍. കത്തനാര്‍ എല്ലാം കണ്ടുകൊണ്ടിരിക്കെ ലിന്‍ഡ ജ്യൂസ് കൊണ്ടുവന്നു വച്ചു.
ജ്യൂസ് കുടിച്ചുകൊണ്ടിരിക്കെ പുറത്ത് കാറിന്‍റെ ശബ്ദം. ജോബ് പുറത്തേക്കു നോക്കി ചിരിച്ചു.
“വാ…പാ….”
അവന്‍ പറഞ്ഞു.
സ്വര്‍ണ്ണക്കണ്ണട ധരിച്ച അജാനബാഹുവായ സീസ്സര്‍ ബര്‍ണാഡ് കസ്തൂരിമഠം അകത്തേക്ക് കടന്നുവന്നു. കോട്ടും സ്യൂട്ടും വേഷം. പ്രായം അന്‍പത്. പട്ടക്കാരന്‍ എഴുന്നേറ്റ് കൈ കൊടുത്തു പരസ്പരം പരിചയപ്പെടുത്തി.

സീസ്സറിന് സ്വന്തമായി മൂന്ന് ഹോട്ടലുകളുണ്ട്. ആറടി പൊക്കം, തലയില്‍ ഒറ്റ മുടിയില്ല. വിഗ്ഗാണ് ഉപയോഗിക്കുന്നത്. ക്ലീന്‍ ഷേവ്. സംസാരം ഏറെയും ഇംഗ്ലീഷില്‍ തന്നെ. ഒരു സായിപ്പിന്‍റെ ഗമ മുഖത്തുണ്ട്. പള്ളിക്കുള്ള എല്ലാ കാര്യങ്ങളിലും ആ ഗമ കാണിക്കാറുമുണ്ട്. പള്ളിക്കുള്ളില്‍ ഇയാള്‍ക്ക് രണ്ട് ജാതിയുണ്ട്. ഒപ്പം നില്ക്കുന്നവര്‍ സ്വന്തം ജാതിക്കാരാണ്. അവര്‍ വിരുന്ന് മേശകളില്‍ മാംസമുള്ള കോഴിക്കാലുകളെ എല്ലിന്‍ കഷണങ്ങള്‍ ആക്കുന്നവരും മദ്യം കഴിച്ച് ഏമ്പക്കം വിടുന്നവരുമാണ്. ഇയാളെ ഇഷ്ടപ്പെടാത്ത മറ്റൊരു ജാതിയും ഇവിടെയുണ്ട്. നീണ്ട വര്‍ഷങ്ങളായി സെന്‍റ് തോമസ് പള്ളിയുടെ സെക്രട്ടറി അല്ലെങ്കില്‍ ട്രഷറാര്‍ പദവികള്‍ വഹിച്ചു പോഷുന്നു. പള്ളിയുടെ ആരംഭം മുതല്‍ ഇതൊരു അലങ്കാരമായി കൊണ്ടുനടക്കുന്നു. സെറ്റിയില്‍ ഇരുന്നിട്ട് പറഞ്ഞു.
“കത്തനാര്‍ വരുന്ന കാര്യം ന്യുയോര്‍ക്കില്‍ നിന്ന് പിതാവ് അറിയിച്ചിരുന്നു. രാവിലെ അല്പം തിരക്കായിപ്പോയി. അതാ മോളെ വിട്ടത്.”
“കേരളത്തില്‍ വച്ച് വന്ദ്യപിതാവും സീസ്സറെപ്പറ്റി പറഞ്ഞിട്ടുണ്ട്. എന്താവശ്യം വന്നാലും സീസ്സറിനോട് പറഞ്ഞാല്‍ മതി എന്നാണ് കല്പന.”
പൊങ്ങച്ചക്കാരനെ അച്ചനൊന്ന് പൊക്കിയപ്പോള്‍ സീസ്സര്‍ തന്‍റെ കുടവയര്‍ കുലുക്കിയൊന്നു ചിരിച്ചു. ഹോട്ടലുകള്‍ വലുതല്ലെങ്കിലും മൂന്ന് ഹോട്ടലുകള്‍ ലണ്ടനില്‍ നടത്തുന്ന ഒരു മുതലാളിയല്ലേ ഞാനെന്ന ഭാവം ആ ചിരിയിലുണ്ടായിരുന്നു. നാട്ടില്‍ നിന്ന് വരുന്ന ഒരു പട്ടക്കാരനെ എയര്‍ പോര്‍ട്ടില്‍ പോയി സ്വീകരിക്കുക സ്വന്തം പേരിന് അപമാനമാകുമെന്നും തന്‍റെ മഹത്വം കുറയുമെന്നും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മോളെ വിട്ടതും. ഇതിന് മുന്‍പും ഒപ്പമിരുന്ന് വീഞ്ഞ് കുടിച്ച എത്രയോ പുരോഹിതരെ സഹായിച്ചിരിക്കുന്നു. ആ വിധം സഹായിക്കാന്‍ എത്ര പേരുണ്ട്?
കത്തനാരുടെ യാത്രയെപ്പറ്റി സീസ്സര്‍ അന്വേഷിച്ചു.
സുഖമായിരുന്നുവെന്ന് മറുപടി കൊടുത്തു.
ഇടയ്ക്കിടെ ലിന്‍ഡ അവരെ ഒളിഞ്ഞു നോക്കുന്നുണ്ട്.
വാചകമടിയൊന്ന് കഴിയാന്‍ വേണ്ടി അവള്‍ കാത്തു കഴിഞ്ഞു.
ഇതിനിടയില്‍ രണ്ട് പ്രാവശ്യം ജയിംസ് വിളിച്ചു. അപ്പോഴൊക്കെ ചക്കരയുമ്മയും പൊന്നുമ്മയും കൊടുത്തിട്ട് പറയും:
“എന്‍റെ പൊന്നല്ലേ ഞാനുടനെ എത്താം.”
റെയ്ച്ചല്‍ വന്ന് ഊണു റെഡിയെന്ന് ഭര്‍ത്താവിനെ ഓര്‍മ്മിപ്പിച്ചു. ഒടുവിലായി സീസ്സര്‍ പറഞ്ഞു,
“ഊണു കഴിഞ്ഞിട്ട് കത്തനാരുടെ വീട്ടിലേക്ക് പോകാം.”
സ്റ്റെല്ലയോട് പറഞ്ഞു:
“ഞങ്ങളുടെനെ വരാം.”
കത്തനാരെ കൂട്ടി സീസ്സര്‍ താഴെയുള്ള മറ്റൊരു മുറിയിലേക്ക് പോയി. ആ ഇരുണ്ട മുറി ഒരു മദ്യഷാപ്പുപോലെയുണ്ട്. ഗ്ലാസ്സിട്ട അലമാരയില്‍ ധാരാളം മദ്യക്കുപ്പികള്‍. ഒരു വൈന്‍ കുപ്പി കത്തനാരുടെ മുന്നിലേക്ക് എടുത്തു വച്ചു. ഒപ്പം രണ്ട് ഗ്ലാസ്സുകളും. കത്തനാര്‍ ഭീതിയോടെ നോക്കി. അയാള്‍ ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നിട്ട് അടുത്ത ഗ്ലാസ്സിലേക്ക് പകരാന്‍ ശ്രമിച്ചപ്പോള്‍ കത്തനാര്‍ തടഞ്ഞു.
“എനിക്കു വേണ്ട, പ്ലീസ്. ഞാനിതു കഴിക്കാറില്ല.”
“ഓ.കെ. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല.”
ഇരുണ്ട മുറിപോലെതന്നെ കത്തനാരുടെ മനസ്സും ഇരുണ്ടു. സീസ്സര്‍ ഗ്ലാസ്സില്‍ നിന്നു കുടിച്ച് അസ്ഥികള്‍ക്കും മാംസത്തിനും ഉണര്‍വ്വ് വരുത്തി. അയാള്‍ ഒന്നുകൂടി ആ ഗ്ലാസ്സിലേക്ക് പകര്‍ന്നുകുടിച്ചു. അടുത്തിരുന്ന പാത്രം തുറന്ന് അതില്‍ കപ്പലണ്ടി പോലുള്ളത് എന്തോ കൊറിച്ചിട്ട് പറഞ്ഞു.
“ഞാനല്പം വീഞ്ഞേ കഴിക്കാറുള്ളൂ. വിസ്കിയും ബ്രാണ്ടിയും വല്ലപ്പോഴും മാത്രം.”
സ്വന്തം ഭവനവും അശുദ്ധിയിലെന്ന് പറയണമെന്ന് തോന്നിയെങ്കിലും കത്തനാര്‍ ഒന്നും മിണ്ടിയില്ല.
“ഇവിടുന്നു പോയ ഫാദര്‍ മാത്യുവും ഇതടിക്കാന്‍ എന്‍റെയടുക്കല്‍ വരുമായിരുന്നു.”
കത്തനാരുടെ മുഖം മഞ്ഞളിച്ചു. വെള്ളക്കുപ്പായം ഒന്നുകൂടി വിയര്‍പ്പറിഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more