1 GBP = 107.79
breaking news

ഗസ്സയിൽ നിന്നുള്ള ഭീഷണി ഇല്ലാതാകുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു

ഗസ്സയിൽ നിന്നുള്ള ഭീഷണി ഇല്ലാതാകുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു

ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തൽ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിന്റെ സൈനിക, ഭരണശേഷികൾ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ഗസ്സയിൽ നിന്നുള്ള ഭീഷണി ഇല്ലാതാക്കുകയും ചെയ്യുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കി.

അതേസമയം വെടിനിർത്തൽ നിർദേശം അംഗീകരിക്കണമെന്ന് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് നെതന്യാഹുവിനോട് അഭ്യർഥിച്ചു. ബൈഡന്റെ നിർദേശം അവഗണിക്കരുത്. ബന്ദികളുടെ മോചനം സാധ്യമാക്കുന്ന ഉടമ്പടിക്കായുള്ള ബൈഡന്റെ ആഹ്വാനത്തിന് ചെവികൊടുക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. വെടിനിർത്തൽ നിർദേശത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പിന്തുണച്ചു. ശാശ്വത സമാധാനത്തിനുള്ള യു.എസ് നിർദേശത്തെ പിന്തുണക്കുന്നുവെന്നും എല്ലാവരുടെയും സമാധാനത്തിനും സുരക്ഷക്കും മേഖലയിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മാക്രോൺ എക്സിൽ കുറിച്ചു.
ബൈഡന്റെ നിർദേശത്തെ പോസിറ്റിവ് ആയി പരിഗണിക്കുന്നതെന്ന് ഹമാസും അറിയിച്ചു.

ഇതിനിടയിലും റഫയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. പടിഞ്ഞാറൻ റഫയിൽ തൽ അൽ സുൽത്താൻ പ്രദേശത്ത് ഇസ്രായേലി ടാങ്കുകൾ ആക്രമണം നടത്തി. നഗരത്തിന്റെ കിഴക്കൻ മേഖലയിലും മധ്യ റഫയിലും കനത്ത ഷെല്ലാക്രമണം നടത്തി. ഗസ്സയിൽ 24 മണിക്കൂറിനിടെ 95 പേർ കൊല്ലപ്പെടുകയും 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സ സിറ്റിയുടെ തെക്കുകിഴക്കുള്ള സെയതൂന് സമീപം കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ച സ്‌കൂളിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‍ലുസിന് കിഴക്കുള്ള ബാലാത്ത അഭയാർഥി ക്യാമ്പിൽ നടത്തിയ പരിശോധനക്കിടെ മൂന്ന് ഫലസ്തീനികൾക്ക് വെടിയേറ്റു. വെസ്റ്റ്ബാങ്കിൽ വിവിധ പ്രദേശങ്ങളിൽനിന്ന് ഒരു സ്ത്രീ ഉൾപ്പെടെ 20 ഫലസ്തീനികളെ ഇസ്രായേൽ തടവിലാക്കി. റഫ ക്രോസിങ് വീണ്ടും തുറക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ്, ഈജിപ്ത്, ഇസ്രായേൽ ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ച ഞായറാഴ്ച കെയ്‌റോയിൽ നടക്കും.

ലബനാനിലെ സിവിലിയന്മാരെ ലക്ഷ്യമിട്ട ഇസ്രായേലിന്റെ ഡ്രോൺ വെടിവെച്ചിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങൾക്കുനേരെ ആക്രമണം നടത്തിയതായും ഹിസ്ബുല്ല അറിയിച്ചു. യിഫ്ത ബാരക്കുകൾക്കുനേരെ ഡ്രോണുകൾ ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഇസ്രായേൽ മജ്ദൽ സെൽമിൽ മോട്ടോർസൈക്കിളിൽ ഡ്രോൺ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more