1 GBP = 110.31

റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ

റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ

ഗസ്സ സിറ്റി: റഫയിലെയും വടക്കൻ ഗസ്സയിലെയും കൂടുതൽ മേഖലകളിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് ഇസ്രായേൽ. റഫയിൽ കരയാക്രമണം നടത്തുന്നുവെന്ന് സൂചന നൽകി ശനിയാഴ്ച രാവിലെയാണ് മധ്യ, കിഴക്കൻ റഫയിലെ അൽജനൈന, ഖിർബത് അൽഅദസ്, അൽഅദാരി, ഷബൂറ അഭയാർഥി ക്യാമ്പ് എന്നിവിടങ്ങളിലുള്ളവർ അടിയന്തരമായി അൽമവാസിയിലേക്ക് പോകണമെന്ന് നിർദേശം നൽകിയത്.

വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തിടത്തേക്കാണ് പുതുതായി ഫലസ്തീനികളെ ഒഴിപ്പിക്കുന്നത്. വടക്കൻ ഗസ്സയിൽ ജബാലിയ അഭയാർഥി ക്യാമ്പിനു പുറമെ അൽസലാം, തൽ അൽസാത്തർ, അൽനൂർ, ഇസ്ബത് മിലിൻ, അൽറൗദ, അൽനുസ്ഹ, അൽജറ്ൻ, അൽനഹ്ദ, അൽസുഹൂർ, ബൈത് ലാഹിയ എന്നിവിടങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 15 ലക്ഷത്തോളം ഫലസ്തീനികൾ തമ്പുകളിൽ തിങ്ങിക്കഴിയുന്ന റഫയിൽനിന്ന് മാത്രം ഇതിനകം ഒന്നര ലക്ഷം പേർ നാടുവിട്ടതായി യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു.

റഫയിൽ പരിക്കേറ്റവർക്ക് അഭയവും ആശ്രയവുമായ കുവൈത്ത് സ്പെഷാലിറ്റി ആശുപത്രിയും ഒഴിപ്പിക്കുന്നതിൽ പെടും. ഇവിടെയുള്ള രോഗികൾക്ക് മാറാൻ മറ്റൊരു ആശുപത്രി ഇല്ലെന്നിരിക്കെയാണ് ഇസ്രായേൽ ക്രൂരത.

റഫയിൽ കരയാക്രമണത്തിനെതിരെ ലോകം ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഇസ്രായേലിന് നൽകിയ ആയുധങ്ങൾ വംശഹത്യക്ക് ഉപയോഗിച്ചതായി സംശയിക്കുന്നതായി കഴിഞ്ഞദിവസം യു.എസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, വ്യക്തമായി തെളിയിക്കപ്പെടാത്തതിനാൽ ആയുധങ്ങൾ ഇനിയും നൽകുമെന്ന് യു.എസ് അറിയിച്ചു. അതിനിടെ, ഇസ്രായേൽ ബോംബറുകൾ വെള്ളിയാഴ്ച രാത്രി മരണംവിതച്ച മധ്യ ഗസ്സയിൽ 28 പേരുടെ മൃതദേഹം ദെയ്ർ അൽബലഹിലെ അൽഖുദ്സ് ആശുപത്രിയിലെത്തിച്ചു.

ഗസ്സയിൽ ഇസ്രായേൽ വംശഹത്യക്കിരയായവർ 34,971 ആയി. 78,641 പേർക്ക് പരിക്കേറ്റു. അൽശിഫ ആശുപത്രി പരിസരത്തെ മൂന്ന് കൂട്ടക്കുഴിമാടങ്ങളിൽനിന്ന് പുതുതായി 80 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more