1 GBP = 110.31

പതിനേഴാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി; മത സൗഹാർദ്ദ വേദിയിൽ സാന്നിദ്ധ്യമരുളി സ്റ്റീഫൻ ടിംസ് എംപിയും, കൗൺസിൽ ചെയർ റോഹിനാ റെഹ്മാനും, കൗൺസിലർ ലക്മിനി ഷായും.

പതിനേഴാമത് ലണ്ടൻ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി; മത സൗഹാർദ്ദ വേദിയിൽ സാന്നിദ്ധ്യമരുളി സ്റ്റീഫൻ ടിംസ് എംപിയും, കൗൺസിൽ ചെയർ റോഹിനാ റെഹ്മാനും, കൗൺസിലർ ലക്മിനി ഷായും.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനിൽ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗൺസിൽ അദ്ധ്യക്ഷ കൗൺസിലർ റോഹിനാ റെഹ്മാൻ, ന്യൂഹാം കൗൺസിൽ മുൻ ചെയർ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകൻ ക്ഷേത്ര പൊങ്കാല മതസൗഹാർദ്ധ വേദിയാക്കി.

ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നൽകിപോരുന്നത്.

രാവിലെ ഒമ്പതരക്ക് ശ്രീ മുരുകൻ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങൾ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങൾക്ക് വിളമ്പി നൽകി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകർ ഒരുക്കിയിരുന്നു.

സ്റ്റീഫൻ ടിംസ് എംപി, മേയർ രോഹിന, കൗൺസിലർ ഷാ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരൻ നന്ദി പ്രകാശിപ്പിച്ചു.

നവാഗതരായ നിരവധി ആറ്റുകാൽ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദി എന്ന നിലയിൽ ശ്രീ മുരുകൻ ക്ഷേത്രത്തിൽ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more