1 GBP = 110.31

യു.എൻ സമ്മർദ്ദം ചെലുത്തിയിട്ടും ആണവായുധത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ തുടരുകയാണെന്ന് ആണവ നിരീക്ഷണ വിഭാഗം

യു.എൻ സമ്മർദ്ദം ചെലുത്തിയിട്ടും ആണവായുധത്തിനുള്ള യുറേനിയം സമ്പുഷ്ടീകരണം ഇറാൻ തുടരുകയാണെന്ന് ആണവ നിരീക്ഷണ വിഭാഗം

ബ്രസ്സൽസ്: ആണവായുധത്തിനുള്ള നിലവാരത്തിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇറാൻ തുടരുകയാണെന്ന് ഇൻറർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐ.എ.ഇ.എ) മേധാവി റാഫേൽ ഗ്രോസി. യു.എൻ സമ്മർദ്ദം ചെലുത്തിയിട്ടും ഇറാൻ പിന്മാറുന്നില്ലെന്നും അദ്ദേഹം റോയി​ട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വൈദ്യുതി ഉൽപാദനം അടക്കം വാണിജ്യ ഉപയോഗത്തിനുള്ള നിലവാരവും മറികടന്ന് ആയുധാവശ്യത്തിനുള്ള നിലവാരമായ 60% പരിശുദ്ധിയിലാണ് ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്ന് ഗ്രോസി പറഞ്ഞു. ഇത്രയും നിലവാരം വാണിജ്യ ഉപയോഗത്തിന് ആവശ്യമില്ല. ഇത് ആയുധ നിലവാരത്തോട് അടുത്തതാണ് -അദ്ദേഹം വ്യക്തമാക്കി.

മൂന്ന് അണുബോംബുകൾ നിർമ്മിക്കാൻ ആവശ്യമായ യുറേനിയം തെഹ്‌റാന്റെ കൈവശമുണ്ടെന്ന് 2023 അവസാനത്തോടെ ഐ.എ.ഇ.എ മുന്നറിയിപ്പ് നൽകിയിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഏകപക്ഷീയ അധിനിവേശത്തിനെതിരെ ഇറാൻ പിന്തുണയുള്ള ഹൂതികൾ ചെങ്കടലിൽ സജീവമായി രംഗത്തുവന്നതിന് പിന്നാലെയാണ് ഐ.എ.ഇ.എയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ വർഷം അവസാനം മുതൽ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ വേഗത അൽപം കുറച്ചെങ്കിലും ഇപ്പോഴും പ്രതിമാസം 7 കിലോ യുറേനിയം 60 ശതമാനം നിലവാരത്തിൽ ഇറാൻ സമ്പുഷ്ടീകരിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരോട് വിഷയം വിശദീകരിച്ച യു.എൻ ആണവ നിരീക്ഷണ വിഭാഗം തലവൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം ജൂണിനും നവംബറിനുമിടയിൽ പ്രതിമാസം 3 കിലോ ആയി ഇറാൻ സമ്പുഷ്ടീകരണം കുറച്ചെങ്കിലും വർഷാവസാനം 9 കിലോ എന്ന നിരക്കിലേക്ക് കുതിച്ചു. ആണവായുധത്തിനാണ് യുറേനിയം ഉൽപാദനമെന്ന കാര്യം ഇറാൻ നിഷേധിക്കു​ന്നുണ്ടെങ്കിലും ഈ നിലവാരത്തിൽ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ആയുധനിർമാണത്തിന് തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. ആണവായുധ ആവശ്യത്തിനല്ലാതെ വാണിജ്യാവശ്യത്തിന് വേണ്ടി മറ്റൊരു രാജ്യവും ഇതുപോലെ യുറേനിയം സമ്പുഷ്ടീകരിക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ലോകശക്തികളുമായുള്ള 2015ലെ കരാർ പ്രകാരം, 3.67% വരെ യുറേനിയം മാത്രമേ ഇറാന് സമ്പുഷ്ടമാക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ, 2018 ൽ അന്നത്തെ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് യുഎസിനെ ആ കരാറിൽ നിന്ന് പിൻവലിക്കുകയും ഇറാന് വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെ കരാറിലെ ആണവ നിയന്ത്രണങ്ങൾ ഇറാനും ലംഘിച്ചു. തുടർന്ന് തങ്ങളുടെ ആണവ ശേഖരം വർധിപ്പിച്ച ഇറാൻ, യുറേനിയം സമ്പുഷ്ടീകരണം ആയുധ നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more