1 GBP = 110.31

പാകിസ്താനിൽ തൂക്കുസഭ; സഖ്യസർക്കാറിനായി നവാസ് ശരീഫ്, പ്രധാനമന്ത്രി പദം ആവശ്യപ്പെട്ട് ബിലാവൽ ഭുട്ടോ

പാകിസ്താനിൽ തൂക്കുസഭ; സഖ്യസർക്കാറിനായി നവാസ് ശരീഫ്, പ്രധാനമന്ത്രി പദം ആവശ്യപ്പെട്ട് ബിലാവൽ ഭുട്ടോ

ലാഹോർ: പാകിസ്താനിൽ ഭരണം പിടിക്കുമെന്ന അവകാശവാദം ഉയർത്തുന്നതിനിടെ പാകിസ്താൻ മുസ്‍ലിം ലീഗും (നവാസ്) (പി.എം.എൽ-എൻ) നേതാവ് നവാസ് ശരീഫും പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) നേതാവ് ബിലാവൽ ഭുട്ടോയും ചർച്ച തുടങ്ങി. പാകിസ്താൻ പീപ്ൾസ് പാർട്ടി ഉന്നതരാണ് ചർച്ചയുടെ വാർത്ത പുറത്തുവിട്ടത്.

നിലവിൽ പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലം പ്രകാരം ഇംറാൻ ഖാന്റെ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയാണ് മുന്നേറുന്നത്. നവാസ് ശരീഫിന്‍റെയും ബിലാവൽ ഭുട്ടോയുടെയും പാർട്ടികളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അതിനാൽ, സഖ്യത്തിന് രൂപം നൽകി ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് നവാസ്. ഇതിന്‍റെ ഭാഗമായാണ് നവാസും ബിലാവലും തമ്മിലുള്ള ചർച്ച. ഇംറാൻ ഖാനെ പിന്തുണക്കുന്നവരെ പിളർത്തി ഒപ്പം ചേർക്കാനുള്ള നീക്കവും നവാസ് നടത്തുന്നുണ്ട്.

അതേസമയം, ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം പിടിക്കാൻ പാകിസ്താൻ പീപ്ൾസ് പാർട്ടിയുടെ നിലപാട് നിർണായകമാകും. ഈ സാധ്യത മുന്നിൽ കണ്ട് നവാസുമായി സഖ്യത്തിലേർപ്പെടുന്നതിന് പകരമായി പ്രധാനമന്ത്രി പദമാണ് ബിലാവൽ ആവശ്യപ്പെടുന്നത്. യുവാവായ ബിലാവലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിന് മുമ്പ് പി.പി.പി പ്രഖ്യാപിച്ചിരുന്നു.

അതേസമയം, അവസാന ഫലം പ്രകാരം പി.ടി.ഐ സ്വതന്ത്രർ -97, പി.എം.എൽ-എൻ-72, പി.പി.പി-52, ജംഇയ്യത്തുൽ ഉലമയെ ഇസ്‍ലാം -3, മറ്റുള്ളവർ -18 എന്നിങ്ങനെ നേടി. 13 കോടി വോട്ടർമാരാണ് 16-ാമത് നാഷനൽ അസംബ്ലിയിലേക്ക് 266 എം.പിമാരെ തെരഞ്ഞെടുക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് വേണം.

167 അംഗീകൃത രാഷ്ട്രീയ പാർട്ടികളിലെ സ്ഥാനാർഥികളും സ്വതന്ത്രരുമായി പാർലമെന്റിലേക്ക് 5121 സ്ഥാനാർഥികളാണ് മത്സരിച്ചത്. പാർലമെന്റിനുപുറമെ, പഞ്ചാബ്, സിന്ധ്, ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ എന്നീ നാല് പ്രവിശ്യ നിയമനിർമാണ സഭകളിലേക്കും കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നിരുന്നു.

2022ൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് ഇംറാൻ ഖാനെ പുറത്താക്കിയതിന് പിന്നാലെ നവാസും ബിലാവലും ചേർന്നുള്ള സഖ്യ സർക്കാരാണ് പാകിസ്താനിൽ അധികാരത്തിലേറിയത്. സഖ്യ സർക്കാറിൽ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകനായ ബിലാവൽ ഭുട്ടോ വിദേശകാര്യ മന്ത്രിയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more