1 GBP = 110.31

സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ യു.എസ് വ്യോമാക്രമണം: 13 പേർ കൊല്ലപ്പെട്ടു

സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ യു.എസ് വ്യോമാക്രമണം: 13 പേർ കൊല്ലപ്പെട്ടു

ഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരിൽ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകൾ വർഷിച്ചു.

ഇന്ന്​ പുലർച്ചെയൊണ്​​ യു.എസ്​ പോർവിമാനങ്ങളുടെ ആക്രമണം നടന്നത്​. സിറിയയിലും ഇറാഖ്​ അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ്​ റിപ്പോർട്ട്​. അയ്യാശ്​ നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ്​ ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്​തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങൾ കൂടിയാണിത്​.

ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ്​ ഇന്നലെ പകലാണ്​ അനുമതി നൽകിയത്​. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങൾക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ​ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ പ്രസ്താവിച്ചു.

എന്നാൽ, ആക്രമണത്തെ കുറിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാൻ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാൽ, തങ്ങളെ ഭീഷണിപ്പെടുത്താൻ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഇന്നലെ പറഞ്ഞിരുന്നു. ‘സൈനിക നടപടി പരിഗണനയിലുണ്ടെന്ന് മുമ്പ് അമേരിക്ക പറഞ്ഞു. എന്നാൽ, ഇറാനുമായി ഏറ്റുമുട്ടാൻ ഉദ്ദേശ്യമില്ലെന്നാണ് ഇപ്പോൾ പറയുന്നത്. മേഖലയിലെ ഇറാന്റെ സൈനിക ശക്തി ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. മറിച്ച് മേഖലയിലെ രാജ്യങ്ങൾക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന സുരക്ഷ ഉറപ്പാക്കുന്ന ശക്തിയാണ് ഇറാൻ’’ -ടി.വി അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ജോർഡനിലെ യു.എസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇറാഖിലെ ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളാണ് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. ഇറാഖിലെയും സിറിയയിലെയും യു.എസ് സൈനിക ക്യാമ്പുകൾക്ക് നേരെ പലവട്ടം ആക്രമണമുണ്ടായി. തിരിച്ചടിക്കാൻ വൈറ്റ് ഹൗസിന്റെ അനുമതിക്ക് കാത്തുനിൽക്കുകയാണെന്ന് യു.എസ് സൈനിക മേധാവി അറിയിച്ചിരുന്നു. അതേസമയം, യു.എസ് ക്യാമ്പ് ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്റിന്റെ അനുമതി നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more