ചെന്നൈ: എം.ഡി.എം.കെ. നേതാവും തമിഴിലെ മുൻകാല സൂപ്പർ താരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ശ്വാസതടസമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം മെഡിക്കൽ ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് അറിയിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിജയകാന്ത് കഴിഞ്ഞ മാസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 23 ദിവസം നീണ്ട ചികിത്സക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.
1952 ആഗസ്റ്റ് 25ന് മധുരയിലാണ് വിജയകാന്തിന്‍റെ ജനനം. വിജയരാജ് അളഗർ സ്വാമി എന്നാണ് യഥാർഥ പേര്. കെ.എൻ. അളഗർ സ്വാമിയും ആണ്ടാൾ അളഗർ സ്വാമിയുമാണ് മാതാപിതാക്കൾ. 1979ൽ ‘ഇനിക്കും ഇളമൈ’ എന്ന ആദ്യ ചിത്രത്തിൽ വില്ലനായി വിജയകാന്ത് വെള്ളിത്തിരയിൽ എത്തി. 1981ൽ ‘സട്ടം ഒരു ഇരുട്ടറൈ’ എന്ന ചിത്രത്തിൽ നായകനായി സാന്നിധ്യം അറിയിച്ചു. നൂറാം ചിത്രമായ ‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രം തമിഴ് സിനിമയിലെ ക്ലാസിക് ആണ്.
1994ൽ എം.ജി.ആർ പുരസ്കാരം, 2001ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമ, 2011ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിന് ലഭിച്ചു.
2005 സെപ്റ്റംബർ 14നാണ് ദേശീയ മുർപോക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. മുൻ പ്രതിപക്ഷ നേതാവായിരുന്ന വിജയകാന്ത് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്‍റെ അഭാവത്തിൽ ഭാര്യ പ്രേമലതയെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി ഈയിടെ തെരഞ്ഞെടുത്തിരുന്നു.
click on malayalam character to switch languages