ഗ്ലാസ്ഗോയിലെ, സൗമ്യതയുടെ മുഖവും, എളിമയുടെ പ്രതീകവുമായിരുന്ന ഡോക്ടർ ആനി സാറ വർഗീസിന്റെ ( ജോയ്സ്-65) സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (14/11/2023).
Nov 13, 2023
ഗ്ലാസ്ഗോ, സ്കോട്ലൻഡ്: കഴിഞ്ഞ ഒരു വർഷത്തിലേറെയായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നാട്ടില്‍ ചികില്‍സയിലായിരുന്ന ഗ്ലാസ്ഗോ സ്റ്റെപ്പ്സ്, ഇഞ്ച് ഗ്രോവറിൽ താമസമായിരുന്ന ഡോക്ടർ ആനി സാറ വർഗീസ് വ്യാഴാഴ്ച നിര്യാതയായി. മരണ സമയത്ത് ഭർത്താവ് ഡോക്ടർ വർഗീസ് മാത്യു (റോയ് ) സമീപത്ത് ഉണ്ടായിരുന്നു. ഡോ.ആനിക്ക് അസുഖം കൂടുതലാണെന്നറിഞ്ഞ്, അമ്മയെ പരിചരിക്കുവാനായി മകൾ ഷാരോൺ കഴിഞ്ഞ മൂന്ന് ആഴ്ചയായി നാട്ടിലായിരുന്നു. അമ്മയുടെ അടുക്കൽ നിന്നും ഷാരോൺ ഗ്ളാസ്ഗോയിൽ മടങ്ങിയെത്തിയ അന്ന് തന്നെ അമ്മയുടെ മരണ വാർത്തയും എത്തി. മരണവിവരം അറിഞ്ഞ് മകൾ ഷാരോണും ഭർത്താവ് ഡയസും സഹോദരൻ റോജിയും ശനിയാഴ്ച നാട്ടിലേക്ക് യാത്രയായി.
ഡോക്ടർ ആനി വർഗീസിന്റെ മൃതദേഹം നവംബർ മാസം പതിനാലാം തീയതി ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് റാന്നി, കീക്കൊഴൂരുള്ള കടമൻപതാലിൽ വീട്ടിൽ കൊണ്ടുവരുന്നതും തുടർന്ന് പത്തരമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കീക്കൊഴൂർ മാർത്തോമാ പള്ളിയിൽ സംസ്ക്കാര ശ്രുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.
സൗഹൃദ കൂട്ടായ്മകളിലും, പള്ളിയിലും, കലാ സാംസ്കാരിക വേദികളിലും, സജീവ സാന്നിധ്യമായിരുന്ന ഡോ. ആനി മാത്യുവിന്റെ വിയോഗ വാർത്ത ഗ്ളാസ്ഗോ മലയാളികളെ സങ്കടത്തിലാഴ്ത്തി. സ്നേഹവും കരുതലും നിറഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിക്കുകയും വ്യത്യാസങ്ങൾ ഇല്ലാതെ കരുതുകയും ചെയ്ത, ഒരു മനുഷ്യ സ്നേഹിയുടെ അകാലത്തിലുള്ള വേര്‍പാട് ഗ്ലാസ്ഗോയിലെ കേരളീയ സമൂഹമാകെ ദുഃഖത്തോടെയാണ് കേട്ടത്. ഭാവി തലമുറയ്ക്ക് തന്റെ ജീവിതം കൊണ്ട് ഒരു നല്ല മാതൃക സമ്മാനിച്ച ഏവര്‍ക്കും പ്രിയങ്കരിയായ ഡോ. ആനി മാത്യുവിന്റെ നിര്യാണത്തില്‍ യുക്മ ദേശീയ സമിതിയംഗവും സ്കോട്ലൻഡ് മലയാളി അസോസിയേഷൻ പ്രസിഡൻറുമായ സണ്ണി ഡാനിയേൽ, സെക്രട്ടറി തോമസ് പറമ്പില്‍, ട്രഷറർ ഹാരിസ് കുന്നില്‍ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
സംസ്ക്കാര ശുശ്രൂഷയുടെ തല്‍സമയ ലിങ്ക് താഴെ കൊടുക്കുന്നു.
click on malayalam character to switch languages