1 GBP = 106.23

ആദ്യം വെള്ളപ്പൊക്കം; പിന്നെ മാതാപിതാക്കളുടെ മരണം, വി.എസിന്റെ അതിജീവനങ്ങളുടെ കഥ തുടങ്ങുന്നത് 1923 ൽ

ആദ്യം വെള്ളപ്പൊക്കം; പിന്നെ മാതാപിതാക്കളുടെ മരണം, വി.എസിന്റെ അതിജീവനങ്ങളുടെ കഥ തുടങ്ങുന്നത് 1923 ൽ

പതിനാറാം വയസ്സിൽ ചെറുകാലി വരമ്പത്ത് തൊഴിലാളികളെ സംഘടിപ്പിച്ച്, പതിനേഴാം വയസ്സിൽ പാർട്ടി അംഗമായി, പത്തൊൻപതാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേരളത്തിലെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തയാൾ. ആദ്യ ഇഎംഎസ് സർക്കാരിനെ ഉപദേശിക്കാൻ പാർട്ടി നിയമിച്ച ഒൻപതംഗ സമിതിയിലെ ചറുപ്പക്കാരൻ, പിന്നെയുള്ള പതിറ്റാണ്ടുകളിൽ പാർട്ടി സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി കേരളത്തിൻറെ ഗതിതന്നെ തീരുമാനിച്ചവരിൽ ഒരാൾ. ആയിരം പൂർണചന്ദ്രന്മാരെ കണ്ട ആ പൊതുപ്രവർത്തനത്തിലേക്കും ശതാബ്ദിയിലെത്തിയ ആ ജീവിതത്തിലേക്കും തിരിഞ്ഞുനോക്കാം…

1923 ഒക്ടോബർ 20 – ജനനം

അമ്പലപ്പുഴ പുന്നപ്ര വെന്തലത്തറ എന്ന ഓലമേഞ്ഞ വീട്. അവിടെ ശങ്കരന്റെയും അക്കമ്മയുടേയും മകനായി അച്യുതാനന്ദൻ ജനിച്ചത് 1923 ഒക്ടോബർ 20 ന്. ജനിച്ച് പത്താം മാസമായിരുന്നു കേരളത്തെ മുക്കിയ 99ലെ, അതായത് കൊല്ലവർഷം 99 ലെ വെളളപ്പൊക്കം. അച്യുതാന്ദൻറെ അതിജീവനങ്ങളുടെ തുടക്കം അവിടെയായിരുന്നു.

1927 -അക്കമ്മയുടെ മരണം

അടുത്ത പരീക്ഷണം വസൂരിയായിരുന്നു. അച്യുതാനന്ദന് അന്ന് വയസ്സു നാല്. നാട്ടിൽ ആദ്യം വസൂരി ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. അതോടെ മക്കളെ പാടത്തിനക്കരെ അപ്പച്ചിയുടെ വീട്ടിലേക്കു മാറ്റി. ഗംഗാധരനും പുരുഷോത്തമനും അച്യുതാനന്ദനും പിന്നെ ആഴിക്കുട്ടിയും. ഇവരായിരുന്നു മക്കൾ. വസൂരി നാട്ടിലെ മറ്റുപലരേയും എന്നതുപോലെ അക്കമ്മയെയും കൊണ്ടുപോയി.. കുട്ടികൾ നാലുപേരും പിന്നെ എന്നേക്കും അപ്പച്ചിയുടെ മേൽനോട്ടത്തിലായി.

1934 – പിതാവിന്റെ മരണം

പിതാവ് ശങ്കരൻ മരിക്കുമ്പോൾ അച്യുതാനന്ദന് വയസ്സ് 11. അതോടെ ഏഴാം ക്ലാസിൽ പഠിത്തം നിന്നു. തയ്യൽക്കട നടത്തിയിലുന്ന ജ്യേഷ്ഠൻ ഗംഗാധരൻ അച്യുതാനന്ദനെ ഒപ്പം കൂട്ടി. ജ്യേഷ്ഠന്റെ പീടികയിൽ രണ്ടാൾക്കു ജീവിക്കാനുള്ളത് ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ കയർ ഫാക്ടറിയിലേക്ക്. ആസ്പിൻവാൾ എന്ന അയ്യായിരം തൊഴിലാളികൾ ഉണ്ടായിരുന്ന ആ കമ്പനിയിൽ നിന്നാണ് പി. കൃഷ്ണപിള്ള അച്യുതാനന്ദനിലെ നേതാവിനെ കണ്ടെത്തുന്നത്.

1940 – പാർട്ടി അംഗം

1939ൽ കണ്ണൂർ പാറപ്പുറത്തു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായ സമയമായിരുന്നു അത്. പുന്നപ്രയിൽ ആദ്യ അംഗത്വം അച്യുതാനന്ദന്. 1943ൽ ബോംബെയിൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോ ൺഗ്രസ്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്നു വിളിക്കാവുന്നത്. അതിൽ പങ്കെടുത്ത ഏറ്റവും ചെറുപ്പക്കാരനായിരുന്നു വി എസ്.

1946 ഒക്ടോബർ 24 – പുന്നപ്ര വയലാർ

1946 ഒക്ടോബർ 24ന് ആണ് പുന്നപ്ര വയലാർ സമരങ്ങളുടെ തുടക്കം. 27 നാണ് വെടിവയ്പ്പ്. വിഎസ് പൂഞ്ഞാറിൽ വച്ച് പിടിയിലാകുന്നത് പിറ്റേന്ന് ഒക്ടോബർ 28ന്. ആദ്യം മർദനമേറ്റത് പൂഞ്ഞാർ പൊലീസ് സ്റ്റേഷനിൽ. പിന്നെ പാലാ ഔട്ട്‌പോസ്റ്റിൽ. ഇടിയൻ നാരായണപിള്ള എന്നു കുപ്രസിദ്ധനായിരുന്ന എസ്‌ഐ ബയണറ്റു കുത്തിയിറക്കിയതിന്റെ പാട് വിഎസിൻറെ കണങ്കാലിൽ ഇപ്പോഴും മായാതെയുണ്ട്.

1947 ഓഗസ്റ്റ് 15 – ജയിലിൽ

ഇന്ത്യ സ്വാതന്ത്രയാകുമ്പോൾ സ്വാതന്ത്ര്യം കിട്ടാതെ ജയിലിൽ കഴിഞ്ഞ രണ്ടു നേതാക്കളാണ് എകെജിയും വിഎസും. എകെജി കണ്ണൂർ സെൻട്രൽ ജയിലിലും വിഎസ് തിരുവനന്തപുരം സെൻട്രൽ ജയിലിലും.

1957 – യുവ ഉപദേശകൻ

കേരളം പിറന്ന് ആദ്യ സർക്കാർ രൂപംകൊള്ളുമ്പോൾ വിഎസിനും ഉണ്ടായിരുന്ന വലിയ പദവി. സർക്കാരിനെ ഉപദേശിക്കാനുള്ള ഒൻപതംഗം പാർട്ടിസമിതിയിലെ ചെറുപ്പക്കാരൻ. കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ദേവികുളത്തു നടക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രചാരണ ചുമതലയും വിഎസിന് ആയിരുന്നു.

1964 – പാർട്ടി പിളർപ്പിൽ മാർക്സിസ്റ്റ്

1964ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരിൽ കേരളത്തിൽ ജീവിച്ചിരിക്കുന്ന ഒരേഒരാൾ. അന്നു കേരളത്തിൽ സിപിഐഎം ഓഫിസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിൻറെ നേതൃത്വത്തിൽ ഉണ്ടായിരുന്നയാൾ.

1965 – ആദ്യ തെരഞ്ഞെടുപ്പ്

1965ൽ അമ്പലപ്പുഴയിൽ നിന്ന് ആദ്യ തെരഞ്ഞെടുപ്പ്. ആർക്കും സർക്കാർ ഉണ്ടാക്കാൻ കഴിയാത്ത ഫലം വന്ന ആ തെരഞ്ഞെടുപ്പിൽ വിഎസ് തോറ്റു. പക്ഷേ, 1967ൽ അതേ മണ്ഡലത്തിൽ നിന്നു ജയിച്ച് സഭയിൽ. ഇതിനിടെ തന്നെ ചൈനീസ് ചാരന്മാർ എന്ന് ആരോപിച്ചും പിന്നീട് അടിയന്തരാവസ്ഥ കാലത്തുമൊക്കെ നിരവധി ജയിൽവാസങ്ങൾ.

1980 – സംസ്ഥാന സെക്രട്ടറി

1980 മുതൽ 1992 വരെ പാർട്ടി സംസ്ഥാന സെക്രട്ടറി. 1990ലെ വെട്ടിനിരത്തൽ സമരവും നിരവധി രാഷ്ട്രീയ ഇടപെടലുകളും. ഇടമലയാർ, പാമോലിൻ പോലുള്ള കേസുകൾ ഇക്കാലത്താണ്. 1996ൽ വിഎസ് മുഖ്യമന്ത്രിയാകും എന്ന് കരുതിയ തെരഞ്ഞെടുപ്പിൽ മാരാരിക്കുളത്തുതോൽവി. 2001ൽ പ്രതിപക്ഷ നേതാവ്.

2006 – മുഖ്യമന്ത്രി

2006ൽ വിഎസിന് സീറ്റ് നൽകാനും പിന്നീട് മുഖ്യമന്ത്രിയാക്കാനും കേരളം മുഴുവൻ ഉയർന്ന പ്രതിഷേധങ്ങൾ. ഒരു നേതാവിനു വേണ്ടി പാർട്ടി നടത്തിയ ആദ്യ തിരുത്തായിരുന്നു ആ സീറ്റുനൽകൽ. 2011ൽ വെറും മൂന്നു സീറ്റു കൂടി കിട്ടിയിരുന്നെങ്കിൽ കേരളത്തിലെ ആദ്യ ഭരണത്തുടർച്ച അതാകുമായിരുന്നു.

2023 – ജന്മശതാബ്ദി

വിഎസിന്റെ നൂറ്റാണ്ട് കേരളത്തിൻറെ ചരിത്രമാണ്. അത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ജീവചരിത്രവുമാണ്. വിഎസിലൂടെയാണ് പാർട്ടിയും കേരളവും അടയാളപ്പെടുന്നത്. ഒരു തർക്കവുമില്ലാത്ത ഒറ്റക്കാര്യമുണ്ട് – അത് വിഎസ് വിമതനായിരുന്നു എന്നതാണ്. പാർട്ടിയിൽ കേരളത്തിൽ രാജ്യത്തു തന്നെ ഇങ്ങനെ നട്ടെ ല്ലുറപ്പോടെ സംസാരിച്ച മറ്റൊരു നേതാവില്ല. 1988ൽ പാർട്ടി അച്ചടക്ക നടപടി എടുത്തത് അതിരപ്പിള്ളി പദ്ധതിക്ക് എതിരേ സംസാരിച്ചതിനാണ്. അന്നു മുതൽ 2015വരെ അച്ചടക്ക നടപടികളുടെ ഘോഷയാത്ര കണ്ടു. പോളിറ്റ് ബ്യൂറോയിൽ നിന്നു വരെ പുറത്തുപോയിട്ടും വിഎസ് പാർട്ടിയിൽ നിന്നു പുറത്തുപോയില്ല.

വിഎസിന് ഈ പാർട്ടിയില്ലാതെ കഴിയുമായിരുന്നില്ല, പാർട്ടിക്കു വിഎസ് ഇല്ലാതെയും, നൂറ്റാണ്ടു തികയുന്ന ഈ ദിവസവും ആ പേരൊന്നുച്ചരിച്ചാൽ കണ്ണേ കരളേ വിളിച്ച് ആയിരങ്ങളിറങ്ങും കേരളത്തിന്റെ നഗരഗ്രാമാന്തരങ്ങളിൽ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more