1 GBP = 104.47

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 12 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 12 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

അനുഭവക്കനലുകളുടെ ആഴങ്ങള്‍ ( തുടർച്ച )

മറ്റൊന്ന് ആത്മകഥയ്ക്ക് ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രത്യേകതയാണ്. ആ ഭാഷയ്ക്ക് മുന്നൊരുക്കങ്ങളോ ഉടുത്തുകെട്ടോ ഇല്ല. അത് കാര്യകാരണ ബന്ധങ്ങളിലൂടെയുള്ള, സുതാര്യമായ ഒരു വെളിപ്പെടലാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഭാവനാസിദ്ധിയോടുള്ള വെല്ലുവിളിയാണ്. അതിന് ഒരേകാലം അന്യതാബോധവും അതിനു സമശീര്‍ഷ മായ സ്വാതന്ത്ര്യബോധവുമുണ്ട്. ഇതു രണ്ടും സമ്യക്കായിത്തീര്‍ന്ന ഭൗതിക പ്രപഞ്ചത്തെയാണ് കാരൂര്‍ ഭാഷയിലൂടെ സൃഷ്ടിന്മുഖമാക്കിത്തീര്‍ക്കുന്നത്. ഈ അര്‍ത്ഥത്തില്‍ ദാര്‍ശനികമായ ഒരു ഭാവതലത്തിലേക്ക് അനുഭവങ്ങള്‍ ഒഴുകിപ്പരക്കുന്നുണ്ട്. ഇത്തരം അനുഭവത്തിന്‍റെ അടിസ്ഥാന സ്വഭാവം ഏറെക്കുറെ കാരൂര്‍ ഉപയോഗിച്ചിട്ടുള്ള ഭാഷയില്‍ നിന്ന് വ്യക്തമാണ്. ഇതിനനുബന്ധമായി ചര്‍ച്ച ചെയ്യാവുന്ന ഒരനുഭവതലം, ആത്മകഥയിലെ നായകസ്ഥാനത്തു നില്‍ക്കുന്നത് കാരൂര്‍സോമനാണെങ്കിലും അദ്ദേഹം ഒരായിരം മനുഷ്യരുടെ പ്രതിനിധിയാണ് പലപ്പോഴും അനുഭവപ്പെടുന്നത് എന്നാണ്. അങ്ങനെ സംഭവിക്കുന്നതിനു പിന്നില്‍ ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ‘ഞാന്‍’ എന്നത് ഇല്ലാത്തതുകൊണ്ടാണ് ‘ഞാന്‍’ ഇല്ലാതാവുന്നതോടെ ‘ഞാനു’മായി ബന്ധപ്പെട്ട ‘അവനവനിസം’ ഉള്‍പ്പെടെയുള്ള എല്ലാം റദ്ദ് ചെയ്യപ്പെടുന്നു. ഇത് വീരവ്യാമോഹങ്ങളില്ലാത്ത, ഒരു നാട്ടുമ്പുറത്തു ജനിച്ചുവളര്‍ന്ന ഒരു സംസ്കാരത്തിന്‍റെ ശേഷിപ്പാണ്. അതുകൊണ്ട് തന്നെ ‘കഥാകാരന്‍റെ കനല്‍വഴികള്‍’ വായിച്ചുമടുക്കുമ്പോള്‍ പിന്നിട്ടവഴികളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഉജ്ജ്വലമുഹൂര്‍ത്തങ്ങളെ തന്നെ മനസില്‍ ചിരപ്രതിഷ്ഠ നേടുന്നത്.

പലപ്പോഴും ആത്മകഥാ രചനാവേളയില്‍ ഒരു പ്രതിസന്ധി തീര്‍ക്കുന്നത് എന്തെഴുതണം എന്തെഴുതണ്ട എന്നതിനെ സംബന്ധിച്ചാണ്. സത്യം പറയേണ്ട സന്ദര്‍ഭങ്ങളില്‍ പരമാവധി ഒഴിഞ്ഞു നില്‍ക്കുക. അസത്യം പറയേണ്ടിടങ്ങളില്‍ ധാരാളമായി അതു പറയുക. അതിനപ്പുറത്തേക്ക് പല ആത്മകഥകള്‍ക്കും കടക്കാനാകാതെ വരുന്നത് നിത്യപാരായണങ്ങളില്‍ നാം കാണുന്നുണ്ട്. എന്നാല്‍ തുല്യദുഃഖിതരും, നിസ്സഹായരുമായ ഒരു കൂട്ടംപേരുടെ പ്രതിനിധിയായി നിന്നുകൊണ്ട് ജീവിതം പകര്‍ത്തി വയ്ക്കുക എന്നത് വര്‍ത്തമാനകാലത്ത് അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല. എന്നാല്‍ ഇതിനെയാണ് കാരൂര്‍സോമന്‍ സധൈര്യം മറികടക്കുന്നത്. എന്നാല്‍ ഈ ജീവിതമെഴുത്തില്‍ അസാധാരണത്വമൊന്നുമില്ല. എന്നാലിതില്‍ ജീവിതം വെറുതെ പറഞ്ഞുപോകുകയുമല്ല. വില്‍സണ്‍ നെറ്റ്സ് പറഞ്ഞതു പോലെ ‘വായനക്കാരന്‍റെ മനസ്സിനെ വിമലീകരിക്കുന്ന ഒരനുഭവമാകണം സ്വജീവിതം പകര്‍ത്തിവയ്ക്കുമ്പോള്‍ സംഭവിക്കേണ്ടത്.’ വില്‍സണ്‍ നൈറ്റ്സിന്‍റെ വാക്കുകള്‍ സഹൃദയ സാര്‍ത്ഥകമായ ഒരനുഭവത്തിലേക്കുള്ള ഒരു ദിശാസൂചിയാണ്. ഇത്തരമൊരു വിമലീകരണ പദ്ധതിയുടെ പ്രത്യക്ഷ സാക്ഷ്യമാണ് ഈ ആത്മകഥ. ആ അര്‍ത്ഥത്തില്‍ ഇതിനെ സത്യത്തിന്‍റെ പ്രകാശനമായി കാണാം. ആ പ്രകാശസാഫല്യമാണ് ആത്മകഥ മുന്നോട്ടു വയ്ക്കുന്ന മൗലികമായ അനുഭവപ്രപഞ്ചം.

ഇവിടെ സ്വന്തം ജീവിതം പറഞ്ഞു പോകുന്നതിനൊപ്പം സാംസ്കാ രിക രംഗത്തിന്‍റെ ഒരു പരിശ്ചേദം കൂടി വിശദമായ ചര്‍ച്ചയ്ക്ക് കാരണമാക്കിത്തീര്‍ക്കുന്നുണ്ട്. അത് പലരും ശുഭമോ അശുഭമോ ആയി തോന്നാമെങ്കിലും അനുഭവിച്ചത് തുറന്നു പറയുക എന്ന സുമര്യാദ പാലിച്ചുകൊണ്ടാണ് കാരൂര്‍ ഇത്തരം അനുഭവങ്ങളെ അടയാളപ്പെടുത്തുന്നത്. ‘ദൈവഭൂതങ്ങള്‍’ എന്ന നാടകത്തെ പരാമര്‍ശിക്കുന്ന അദ്ധ്യായത്തില്‍ തന്നെ ഈ തുറന്നു പറച്ചില്‍ ആഴത്തില്‍ വേരോടിക്കിടപ്പുണ്ട്. അത് സാമൂഹിക സാംസ്കാരിക മേഖലകളില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ക്ക് ഇന്നും കാലികമായ പ്രസക്തി ഉള്ളതുപോലെ തോന്നുന്നു. നാടകത്തിലെ പുരോഹിതനും ഭരണാധികാരിയും യുദ്ധക്കൊതിയനും മന്ത്രവാദിയും വേശ്യകളും ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷം വേണമെങ്കിലും ഇവര്‍ക്ക് ഈശ്വരന്‍ ദാനമായി നല്‍കിയ ഈ മനോഹരമായ ഭൂമിയെ ചാരമാക്കിത്തീര്‍ക്കാനാകും. ആ തീര്‍പ്പിന്‍റെ കാലികമായ സാമൂഹിക മനസ്സാണ് കാരൂര്‍ ‘ദൈവഭൂതങ്ങളി’ലൂടെ ഉയര്‍ത്തിക്കാട്ടുന്നത്. ഇതൊരു ധൈര്യപ്പെടലാണ്. അവിടെ അഭിപ്രായഭിന്നതയെ, അതിന്‍റെ നിലവാരത്തില്‍ സ്വീകരിച്ചുകൊണ്ട് സാമൂഹ്യജീവിതത്തിന്‍റെ ഒരു പുതിയ അദ്ധ്യായം തുടങ്ങിവയ്ക്കുന്നു.

കാരൂര്‍ എഴുതുന്നു ‘മഹര്‍ഷിവര്യന്‍റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ഠിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസിവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെപ്പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ ഒരു കിളിയുടെ മധുരനാദവും അവര്‍ ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് “ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.’

ആത്മകഥയിലെ അനവധി ഉജ്ജ്വമുഹൂര്‍ത്തങ്ങളിലെ ഒന്നു മാത്രമാണ് മേലുദ്ധരിച്ചത്. അക്കാലത്ത് സമാരാംഭിച്ച എഴുത്തിലെ ആര്‍ജ്ജിതവ്യക്തിത്വത്തിന്‍റെ തുടര്‍ച്ചകളാണ് പില്‍ക്കാലത്ത് കാരൂര്‍ എഴുതിയ പ്രമുഖങ്ങളായ പല കൃതികളും. ആ കൃതികളില്‍ പലേടങ്ങളിലും കാരൂരിലെ മനുഷ്യന്‍ വിവിധ സുമുഹൂര്‍ത്തങ്ങളിലായി പരകായപ്രവേശം ചെയ്തിട്ടുണ്ട്. അത്തരം പ്രവേശങ്ങളിലെല്ലാം കാരൂര്‍ മുന്നോട്ടു വയ്ക്കുന്ന ജീവിതദര്‍ശനം (ഢശശെീി ീള ഘശളല) അതിന്‍റെ മൂലസ്രോതസ്സായി വര്‍ത്തിക്കുന്ന പുസ്തകമാണ് ‘കഥാകാരന്‍റെ കനല്‍ വഴികള്‍’. ഒറ്റവാക്കില്‍~പറഞ്ഞാല്‍ കാരൂരിന്‍റെ കൃതികളിലേക്കുള്ള ഒരു ‘ഗേറ്റ് വേ’ ആയി ഈ ആത്മകഥയെ കാണാനാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more