1 GBP = 108.47
breaking news

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 11– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 11– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

അനുഭവക്കനലുകളുടെ ആഴങ്ങള്‍


‘നല്ല പുസ്തകങ്ങള്‍ വായിച്ചു അറിവ് നേടണം. അറിവില്ലെങ്കില്‍ ആത്മാവില്ലാത്ത ശരീരമായി ഈ മണ്ണില്‍ പുഴുക്കളെപ്പോലെ വലിഞ്ഞു വലിഞ്ഞു മരണത്തിലെത്താം’ ഈ വാക്കുകള്‍ കാരൂര്‍ സോമന്‍റെ ആത്മകഥയായ ‘കഥാകാരന്‍റെ കനല്‍ വഴികളി’ലുള്ളതാണ്. ഈ വാക്കുകള്‍ക്ക് കാലഗന്ധിയായ അനുഭവസാക്ഷ്യങ്ങളുടെ ചൂടും ചൂരുമുണ്ട്. ഇത് ഒഴുകുവാനാകാതെ തളം കെട്ടിക്കിടക്കുന്ന പുതിയ കാലത്ത് ഉണര്‍വ്വിന്‍റെ വായ്ത്താരി മുഴക്കുന്ന അനുഭവപ്പൊരുളാണ്. ഇങ്ങനെ സമഗ്രസമ്പന്നമായ അനുഭവപരമ്പരകള്‍ കൊണ്ട് തുന്നിച്ചേര്‍ത്ത ആത്മകഥയാണിത്. ഞാനതിന്‍റെ അകവിതാനങ്ങളിലേക്ക് കടക്കുന്നില്ല. അതിലെ നേരിന്‍റെ ചൂട് വായിച്ചു തന്നെ അനുഭവിക്കേണ്ടതാണ്. ഈ ആത്മകഥ വായിച്ചു മടുക്കുമ്പോള്‍ ഒരനുഭവം നമുക്ക് പിന്നാലെ വരും. അത് ‘ഞാനി’ല്ലാത്ത ഒരാത്മകഥയാണിത്. അതിലളിതമായി നിര്‍വ്വചിച്ചാല്‍ ഒരു തരം ആത്മഭാഷണം. കാരൂര്‍ ആത്മഭാഷയില്‍ എഴുതിയ ഈ ജീവിതം നമ്മോട് നേരിട്ടു തന്നെയാണ് സംവദിക്കുന്നത്. ഈ സംവാദത്തിന്‍റെ ആഴപ്പരപ്പിലാണ് ചെറിയ ചെറിയ ദ്വീപുകള്‍ കൂടിയാണ്. ജീവിതസമുദ്രത്തില്‍ ഒഴുകി നടക്കുന്ന ദ്വീപുകള്‍ കൂടിയാണ്. ജീവിതസമുദ്രത്തില്‍ ഒഴുകി നടക്കുന്ന അനുഭവദ്വീപുകള്‍ എന്നു വേണമെങ്കിലും വിലയിരുത്താം. ഇങ്ങനെയെല്ലാം പതിവ് സാമ്പ്രദായിക ആത്മകഥാ സ്വരൂപങ്ങളെയെല്ലാം നിഷേധിച്ചുകൊണ്ട് ജീവിതത്തെ അതിന്‍റെ സമഗ്രതയില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് കാരൂര്‍ നടത്തുന്നത്. ഇത് അപകടകരമായി ജീവിക്കുംപോലൊരു (ഠീ ഹശ്ല റമിഴലൃീൗഹ്യെ) നിയോഗമാണ്. ഈ നിയോഗത്തെ ആത്മകഥാകാരന്‍ പുസ്തകാരംഭത്തിലെ ‘രണ്ടുവാക്കി’ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതൊരു ഒറ്റവരിയില്‍പൂര്‍ത്തിയാകുന്ന ഒരു കവിതപോലെ ഹൃദ്യമാണ്. ‘ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളാണ് ഈ രചനയിലുള്ളത്.’ ഇത് നേരിന്‍റെ ശിരസ്സുയര്‍ത്തിപ്പിടിച്ച വാക്കുകളാണ്. കാരൂരിന്‍റെ രചനകളിലെല്ലാം ഈ നേരിന്‍റെ മുഴക്കങ്ങളുണ്ട്. ആ മുഴക്കങ്ങളുടെ തുടര്‍ച്ചകളാണ് കാരൂരിന്‍റെ കൃതികള്‍; ഇപ്പോള്‍ ആത്മകഥയും.

‘കുടുംബപുരാണ’ത്തില്‍ നിന്നാരംഭിച്ച് ‘പാപമില്ലാത്തവര്‍ കല്ലെറിയട്ടെ’യില്‍ അവസാനിക്കുന്ന ആത്മകഥയാണിത്. ഇതില്‍ പച്ചയായ മനുഷ്യാവസ്ഥയുടെ കതിര്‍ക്കനമുള്ള നേരുകളും കാലവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളുമുണ്ട്. ഈ പാരസ്പര്യം ആഴത്തില്‍ വേരോട്ടമുള്ള എഴുത്തുജീവിതത്തിന്‍റെ ആകെത്തുകയാണ്. ജീവിതവുമായി ബന്ധപ്പെട്ടതു മാത്രമല്ല, ജീവിതത്തെ ചേര്‍ത്തുപിടിക്കുന്നതെന്തും അത് സാംസ്കാരിക ജീവിതവുമായി അനുഭവവേദ്യമായതെല്ലാം കാരൂര്‍ ഈ ആത്മകഥയിലേക്ക് കൊണ്ടു വരുന്നുണ്ട്. ഇത് നാം മറന്നുവച്ച ഒരു കാലഘട്ടത്തെ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമാണ്. ലാറ്റിനമേരിക്കന്‍ ഇതിഹാസ എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയമാര്‍ക്വേസ് എഴുത്തുകാരന്‍റെ ഭൂതകാല സംസ്കാരത്തെ ആധികാരികമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പത്ര പ്രവര്‍ത്തകനും സുഹൃത്തുമായ ജെറാള്‍ഡ് മാര്‍ട്ടിനോട് മാര്‍ക്വേസ് മനസ്സു തുറക്കുമ്പോള്‍ നമുക്കിത് അനുഭവപ്പെടുക തന്നെ ചെയ്യും. മാര്‍ക്വേസ് പറയുന്നത് ഭൂതകാലം ചവുട്ടിക്കുഴച്ച മണ്ണില്‍ നിന്നാണ് ഒരെഴു ത്തുകാരന്‍ രൂപം കൊള്ളുന്നത് എന്നാണ്. അവിടെ ഒരേ മണ്ണുകൊണ്ടും ഒരേ നിശ്വാസം കൊണ്ടും എന്നുള്ള അനുഭവത്തെ സ്വീകരിക്കേണ്ടതില്ല. ഇതിനര്‍ത്ഥം എല്ലാവരെയും സൃഷ്ടിച്ച ദൈവത്തിന്‍റെ സൃഷ്ടിയല്ല എഴുത്തുകാരന്‍ എന്നാണ്. അവന്‍റെ ഭൂതകാലമാണ് അതിനു മണ്ണൊരുക്കുന്നത്. അവന്‍ ജീവിച്ചുവന്ന കാലമാണ് അവന് ശ്വാസം നല്‍കുന്നത്. അങ്ങനെ എഴുത്തുകാരന്‍ ഈ മണ്ണില്‍ നിന്ന് ഉയര്‍ന്നു വരികയാണ്. മാര്‍ക്വേസിന്‍റെ വാദം പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാരവത്താര്‍ന്ന ഒരനുഭവമാണ്. അത് കാരൂര്‍സോമനും ബാധകമാണ്. കാരൂരിന്‍റെ ആത്മകഥ വായിക്കുമ്പോള്‍ മാര്‍ക്വേസ് പറഞ്ഞ അനുഭവം ആര്‍ജ്ജിതവ്യക്തിത്വത്തോടെ പ്രകാശിക്കുന്നതുകാണാം. സ്വന്തം ജീവിതാനുഭവങ്ങള്‍ ക്ഷതമേല്പിച്ച നേരുകളില്‍ നിന്നാണ് ഈ എഴുത്തുകാരന്‍ സാഹിത്യത്തിലേക്ക് കടന്നുവരുന്നത്. ഇതദ്ദേഹം കാച്ചിക്കുറുക്കിയ കവിതയിലെന്നപോലെ ആത്മകഥയില്‍ കുറഞ്ഞവാക്കുകളില്‍ അവതരിപ്പിക്കുന്നുണ്ട്. അതു ബാല്യകാലം മുതലുള്ള ഓര്‍മ്മകളില്‍ അതിന്‍റെ സഞ്ചിത സംസ്കാരമുണ്ട്. അതെല്ലാം ഒരര്‍ത്ഥത്തില്‍ തുറന്നെഴുത്തുകളാണ്. അവിടെ മറച്ചു വയ്ക്കാന്‍ കാരൂരിലെ എഴുത്തുകാരന്‍ സാഹസപ്പെടുന്നില്ലെന്ന് കാണാം. അതിനുകാരണം കാരൂര്‍ സോമന്‍ സ്വതന്ത്രനായൊരു എഴുത്തുകാരനാണ്. മനുഷ്യ പക്ഷത്തു നിലയുറപ്പിച്ച എഴുത്തുകാരന്‍ അങ്ങനെയുള്ള ഓര്‍മ്മകളില്‍ സ്വാതന്ത്ര്യത്തിന്‍റെ പരമമായ അനുഭവകാണ്ഡങ്ങളും മനുഷ്യസംസ്കാരത്തിനോട് ഉള്‍ച്ചേര്‍ന്ന വൈകാരികബോധവും ഉണ്ടാവുക സ്വാഭാവികമാണ്.

ഏഴാം കാസ്സില്‍ പഠിക്കുമ്പോഴാണ് കാരൂര്‍ സ്വന്തം നൊമ്പരങ്ങള്‍ ഒരു നോട്ടുബുക്കില്‍ പകര്‍ത്താന്‍ തുടങ്ങുന്നത്. കാരൂര്‍ എഴുതുന്നു “അന്ന് കുത്തിക്കുറിച്ചതെല്ലാം കവിതയല്ലാത്ത, കവിയുടെ വരികളാണ്. ഇന്നും ഓര്‍മ്മയിലുള്ള വരികള്‍ ‘ജനിച്ചുപോയി മനുഷ്യനായി എനിക്കുമിവിടെ ജീവിക്കേണം.’ രണ്ടാമത്തെ വരിയിലെ ആശയദാര്‍ഢ്യമാണ് ഒരേഴാം ക്ലാസ്സില്‍ നിന്ന് ഇന്നത്തെ കാരൂര്‍സോമനിലേക്കുള്ള വളര്‍ച്ച യുടെ ഔന്നിത്യം. അത് ഒറ്റവാക്കില്‍ അളെന്നെടുക്കാനാവില്ല. ആ ദൂര ത്തിന്‍റെ നാഴികക്കല്ലുകളാണ് ജ്വാലാമുഖങ്ങളായി ഓരോ അദ്ധ്യായങ്ങളിലായി കടന്നു വരുന്നത്. മറ്റൊന്ന് ആത്മകഥയെഴുത്തില്‍ കാരൂര്‍ പാലിക്കുന്ന മിതത്വമാണ്. പല മുഹൂര്‍ത്തങ്ങളും അല്പം അതിശയോക്തിയും ഭാവനയും കലര്‍ത്തി വിശദീകരിക്കാമായിരുന്നിട്ടു കൂടി കാരൂരിലെ എഴുത്തു കാരന്‍റെ സത്യസന്ധത അതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. അവിടെ ഒരു നിഷ്കാമകര്‍മ്മിയുടെ ചുവടുറപ്പിച്ച തീരുമാന ത്തിന്‍റെ മനോബലമാണ് കാരൂരിന്‍റെ കരുത്ത്. എന്നാല്‍ എഴുത്തില്‍ കാണുന്ന ഭിന്നവൈകാരികപ്രകൃതിയുടെ തെളിഞ്ഞ ശേഷിപ്പ് ഈ ആത്മകഥയില്‍ കണ്ടെത്താനാവില്ല. മാര്‍ക്വേസ് പറഞ്ഞതുപോലെ ‘നിങ്ങള്‍ എത്രത്തോളം സത്യസന്ധനായിത്തീരുന്നോ അത്രത്തോളം കുറച്ചു വാക്കുകളെ നിങ്ങളെക്കുറിച്ച് നിങ്ങള്‍ എഴുതുമ്പോള്‍ ഉപയോഗിക്കാനാവുകയുള്ളൂ. മാര്‍ക്വേസിന്‍റെ വാക്കുകള്‍ അക്ഷരംപ്രതി ശരിവയ്ക്കുന്ന സമീപനമാണ് കാരൂരിന്‍റെ ആത്മകഥ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more