1 GBP = 107.62
breaking news

കാലത്തിന്‍റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ എഴുത്തകങ്ങള്‍10 – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

യാത്രകളുടെ ശേഷിപ്പുകൾ- തുടർച്ച

ഫിന്‍ലാന്‍ഡ് യാത്രയുടെ അവസാനം യാത്രികന്‍ ഹെല്‍സിങ്കിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒരിന്ത്യന്‍ റസ്റ്റാറന്‍റ് കണ്ട അനുഭവം പങ്കുവയ്ക്കുന്നുണ്ട്. അത് പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്‍റെ പേര് തന്നെ പ്രത്യേകം ശ്രദ്ധ ആകര്‍ഷി ക്കുന്ന ഒരനുഭവമാണ്. ആ റസ്റ്റാറന്‍റിന്‍റെ പേര് തന്നെ പ്രത്യേകതയുള്ളതാണ്. ‘ഗാന്ധി റസ്റ്റോറന്‍റ്.’ ഇതുപോലെ സ്പെയിന്‍ റിയല്‍ മാഡ്രിഡ് സ്റ്റേഡിയത്തിനടുത്തും ആംസ്റ്റര്‍ഡാം ഹാര്‍ലിമിയിലും ഗാന്ധി ഹോട്ടലു കള്‍ കണ്ടതായി കാരൂര്‍ രേഖപ്പെടുത്തുന്നുണ്ട്. ഇതെല്ലാം സംസ്കാരത്തിന്‍റെ തന്നെ സവിശേഷമുദ്രകളായി തന്നെ തിരിച്ചറിയാവുന്നവയാണ്. കാലം കഴിഞ്ഞും നമ്മുടെ മനസ്സിന്‍റെ ഉള്‍പ്പിരിവുകളില്‍ ചേര്‍ത്തു വയ്ക്കാവുന്ന ഓര്‍ത്തെടുക്കാവുന്ന മുഹൂര്‍ത്തങ്ങള്‍. ഇത്തരം മുഹൂര്‍ത്തങ്ങളെ കണ്ടെടുത്ത് അത് സംസ്കാരത്തിന്‍റെയും കാലത്തിന്‍റെയും ഒപ്പം നിര്‍ത്തി വിചിന്തനം ചെയ്യുമ്പോഴാണ് പലപ്പോഴും അത് കാലഗന്ധിയായ ഒരനുഭവമായിത്തീരുന്നത്. ഫിന്‍ലന്‍ഡ് യാത്രാവിവരണത്തിലെ മണക്കും മുഹൂര്‍ത്തങ്ങള്‍ അതാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇതൊന്നും വെറും യാത്രകളല്ല. സംസ്കാരത്തിലേക്ക് തുറന്നു പിടിച്ച സാംസ്കാരിക യാത്രകളാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും ഈ യാത്രാപുസ്തകങ്ങളിലൂടെ കടന്നുപോകാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

കാരൂരിന്‍റെ സഞ്ചാരസാഹിത്യകൃതികളില്‍ ശ്രദ്ധേയമായ ഒരു പുസ്തകമാണ് ‘കന്യാസ്ത്രീ കാക്കളുടെ നാട്’. ലോക സഞ്ചാരിയായ കാരൂരിന്‍റെ അനഭവങ്ങളുടെ കയ്യൊപ്പ് ചാര്‍ത്തിയ പുസ്തകമാണിത്. ആഫ്രിക്കന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യമാകെ ഒരു ചിപ്പിയിലെന്നപോലെ ഒതുക്കിപ്പറയുക സാഹസിതകതയാണ്. ഈ സാഹസികതയെയാണ് വളരെ മികച്ച രീതിയില്‍ വായനയുടെ രസച്ചരട് പൊട്ടാതെ കാരൂരിലെ യാത്രികന്‍ അനുഭവിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ഈ എഴുത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു ഫിക്ഷന്‍റെ ലാവണ്യ നിയമങ്ങള്‍ക്കനുസൃതമായാണ് യാത്രികന്‍ ഈ പുസ്തകം തയ്യാര്‍ ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ ആഫ്രിക്കന്‍ ഭൂപ്രദേശം പോലെ, വായനയില്‍ ഹൃദ്യമായ ഒരനുഭൂതി എന്നതിനപ്പുറം കാലത്തിന്‍റെയും ജീവിതത്തിന്‍റെയും സമ്മിശ്രമായ ഒരനുഭവതലം കൂടി യാത്രികന്‍ ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘രാജധാനി വിട്ടിറങ്ങിയ രാജകുമാരന്‍’ എന്ന ആദ്യ അദ്ധ്യായത്തില്‍ തന്നെ അതിന്‍റെ കതിര്‍ക്കനമുള്ള അനുഭവസത്തയുണ്ട്. ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ആവാസ വ്യവസ്ഥയാല്‍ അനുഗ്രഹീതമായ ബോട്സ്വാനയുടെ വിരിമാറിലൂടെ സമാരംഭിക്കുന്ന യാത്ര ആനന്ദപ്രദവും ഉല്ലാസപ്രദവുമാണ് അതിന് പരിഭ്രാന്തി യുടെ ഒരു സുഖവും കൂടിയുണ്ട്. സിംബാബ്വേയിലെ ഏറ്റവും ഉയരമുള്ള ന്യൂഗാനി പര്‍വത നിരകളിലേക്കുള്ള യാത്ര ഉദ്വേഗജനകമാണ്. ഇരുണ്ട രഹസ്യങ്ങളുടെ താവളമായ ആഫ്രിക്കന്‍ യാത്രകളുടെ ഉത്തുംഗ ഗിരിമകുടമാണ് ന്യൂഗാനി പര്‍വ്വതം. ആരിലും ഭയം ജനിപ്പിക്കുമാറുതകുന്ന ഗിരിമസ്തകം. അതിന്‍റെ വന്യതയ്ക്ക് ഇത്തിരി അയവു വരുത്താനെന്ന വണ്ണം യാത്രികന്‍റെ മനസ്സിലൂടെ അല്പാല്പമായി ചില ഭാഷാ പ്രയോഗങ്ങള്‍ കാവ്യാത്മകമായി അനുഭവപ്പെട്ടതായി തോന്നി. ‘ആകാശം പ്രളയ കാലമേഘങ്ങളെപ്പോലെ ഗര്‍ജ്ജിക്കുന്നു’ എന്നും ‘സൂര്യകിരണങ്ങളെ പര്‍വ്വത നിരകള്‍ വിഴുങ്ങിയതായി തോന്നി’ എന്നും യാത്രികനായ കാരൂര്‍ എഴുതുമ്പോള്‍ അതെല്ലാം സ്വരസുഗന്ധം പേറുന്ന കാല്പനികതയുടെ അമൃതവര്‍ഷമായി വായനക്കാര്‍ക്ക് തോന്നും. ഇത്തരമൊരു പാട് കല്പനകള്‍ പുസ്തകത്തില്‍ അങ്ങിങ്ങായി ഈ യാത്രികന്‍ കൊരുത്തിട്ടുണ്ട്. പ്രധാനമായും പതിനാറ് അദ്ധ്യായങ്ങളാണ് ഈ യാത്രാപുസ്തകത്തിലുള്ളത്. ഈ അദ്ധ്യായങ്ങളില്‍ പലതും ഉദ്വേഗഭരിതവും ഭീതിജനകവുമായ ഒരനുഭവം പങ്കിടുന്നവയാണ്.

ഭീമന്‍ കുന്നിലുറങ്ങുന്ന ദേവാലയം, അഗ്നികുണ്ഡത്തിലെരിയുന്ന രോഗങ്ങള്‍, കണ്ണുകള്‍ കണ്ട് ഭയക്കുന്ന വന്യമൃഗങ്ങള്‍ തുടങ്ങി വ്യത്യസ്തമായ അനുഭവരാശികളിലൂടെ മുന്നേറുന്ന കഥാകഥനരീതിയാണ് കാരൂരിലെ യാത്രികന്‍ ഈ പുസ്തകത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ അവതരണം മലയാള ത്തില്‍ ഏറെ പുതുമയുള്ള ഒരു രീതിയാണ്. ആ അര്‍ത്ഥത്തില്‍ ഒരുത്തമ കലാസൃഷ്ടിയുടെ അനുപമമായ ലാവണ്യ സംസ്കാരം വിളക്കിച്ചേര്‍ക്കാന്‍ കാരൂരിലെ യാത്രികന് കഴിഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമായൊരു നേട്ടമാണ്. ഒരു കലാസൃഷ്ടിയുടെ സാരവത്തായ അനുഭവതലം കാരൂരിന്‍റെ ഇതര സഞ്ചാരകൃതികളില്‍ കണ്ടെത്താനും അനുഭവിക്കാനും കഴിയും. ഇത്തരം സത്താപരമായ അനുഭവ പ്രപഞ്ചത്തെ കാലികമായ സാമൂഹിക ജീവിതത്തിനോട് ചേര്‍ത്തു വയ്ക്കുമ്പോഴാണ് ഏതൊരു സാഹിത്യകൃതിയും അതിന്‍റെ ഉന്നതവും ഉദാത്തവുമായ സാംസ്കാരിക നിര്‍മ്മിതിക്ക് കാരണ ഭൂതമാകുകയുള്ളൂ. ഇത്തരം അനുഭവങ്ങളുടെ ഒരു പരിച്ഛേദമാണ് കാരൂരിന്‍റെ യാത്രാപുസ്തകങ്ങള്‍. ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ എന്ന യാത്രാ പുസ്തകത്തിന് പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ എഴുതിയ ആമുഖം വായിച്ചാല്‍ ഇതിന്‍റെ ആഴവും പരപ്പും ആധികാരികതയും തിരിച്ചറിയാനാകും. ശ്രീ. സി. രാധാകൃഷ്ണന്‍ എഴുതുന്നു. ‘ചരിത്രസുരഭിലവും ബഹുതല സ്പര്‍ശിയുമായ കഴിവുകള്‍ കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതുമായ ഒരു നാടിനെ വെറും തൊണ്ണൂറ് പേജുകളില്‍ പരിചയപ്പെടുത്തുക എന്നത് വലിയ സാഹസം. പരക്കെ കാണാനും ചുരുക്കി പറയാനും കഴിയുന്ന ഒരാള്‍ക്ക് മാത്രമേ ഇതു സാധിക്കൂ. സര്‍ഗ്ഗധനനായ കാരൂര്‍ സോമന്‍ ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തിരിക്കുന്നു. കഥാകൃത്തായ ഇദ്ദേഹം ചരിത്രം പറയുന്നത് കഥപോലെയാണ്. ചരിത്രത്തിന്‍റെയും ഭൂമിശാസ്ത്രത്തിന്‍റെയും വിരസത തീര്‍ത്തും ഒഴിവാകുന്നു. ദേശീയത എന്നത് എങ്ങനെ ഉറവെടുക്കുന്നു, നിലനില്‍ക്കുന്നു, വളരുന്നു എന്ന കാര്യം നമുക്ക് ഈ പുസ്തകത്തില്‍ നിന്ന് സ്പഷ്ടമായി മനസ്സിലാകും. മാനവരാശിയുടെ മൊത്തം ഭാവി രൂപ പ്പെടുത്തുന്നതില്‍ വിവിധദേശിയതകള്‍ എത്രത്തോളം എങ്ങനെ പങ്കു പറ്റണം എന്ന് നമുക്ക് വ്യക്തമായി കിട്ടുകയും ചെയ്യു’ കാരൂരിന്‍റെ എഴുത്തു ജീവിത ദര്‍ശനം കൂടി വെളിപ്പെടുത്തുന്ന നിരീക്ഷണമാണ് ശ്രീ. സി. രാധാകൃഷ്ണന്‍ ഈ കുറിപ്പിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ദീര്‍ഘമായ പ്രവാസജീവിതത്തിന്‍റെ ആഴമുള്ള അനുഭവ പ്രപഞ്ചമാണ് കാരൂരിന്‍റെ എഴുത്തുലോകം. അതില്‍ തന്നെ സമഗ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന അതിവിശാലമായ ലോകക്കാഴ്ചയാണ് അദ്ദേഹത്തിന്‍റെ യാത്രാ പുസ്തകങ്ങള്‍. ഓരോ നിമിഷവും തിടം വച്ചുണരുന്ന അന്വേഷണതൃഷ്ണയാണ് ഈ യാത്രാ പുസ്തകങ്ങളുടെയെല്ലാം കരുത്തും സൗന്ദര്യവും. എത്തുന്ന ദേശത്തിന്‍റെ സാംസ്കാരിക സാമൂഹിക പശ്ചാത്തലങ്ങളും ജനജീവിതവും ചരിത്രബോധവും കാരൂരിന്‍റെ കാഴ്ചകളില്‍ സക്രീയമായി കടന്നുവരുന്നുണ്ട്.
ലോകത്തിലെ ഏഴുകലകളുടെയും തലസ്ഥാനനഗരിയായ ‘വിയന്ന’ യിലേക്ക് യാത്രികന്‍ നടത്തുന്ന സഞ്ചാരം (കനകനക്ഷത്രങ്ങളുടെ നാട്ടില്‍) ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും സംഗീതത്തിലേക്കും തുറന്നു വച്ച ഒരനുഭവമാണ്. മനോഹരമായ ഈ യാത്രാ പുസ്തകത്തില്‍ മൊസാര്‍ട്ടിനെയും ബീഥോവനെയും പരാമര്‍ശിക്കുന്നൊരദ്ധ്യായമുണ്ട്. തീക്ഷ്ണവ്യക്തിത്വം പേറിയ, പ്രതിഭാധനരായ രണ്ടു നക്ഷത്രങ്ങളെ കാരൂര്‍ കുറഞ്ഞ വാക്കുള്‍ കൊണ്ട് അടയാളപ്പെടുത്തുമ്പോള്‍ അവരുടെ ജീവിതകഥകളില്‍ ഒരിക്കലും നാം കണ്ടിട്ടില്ലാത്ത ഒരു അത്ഭുതലോകം പിറന്നുവീഴുന്നത് കാണാം.

നമുക്കറിയാവുന്ന മൊസാര്‍ട്ടും ബീഥോവനും സംഗീതജ്ഞരാണ്. എന്നാല്‍ അവരുടെ ജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് ഒരിക്കലും നാം കടന്നു ചെന്നിട്ടില്ല. ആ ജീവിതങ്ങളെ, ആരും ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ലാത്ത നേരുകള്‍ കൊണ്ട് കാരൂര്‍ വരച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ എഴുത്തിന് ഒരു സാംസ്കാരിക വായനയുടെ അനുഭവതലം കൂടിയുണ്ട്. കാരൂര്‍ എഴുതുന്നു ‘ലൂഡ്വിഗ് ബീഥോവന്‍’ എന്ന വയലിന്‍ മാന്ത്രികന്‍റെ സിംഫണി എക്കാലത്തെയും ലോകക്ലാസിക്. ജര്‍മ്മന്‍ കമ്പോസറും പിയാനിസ്റ്റുമായ കാലത്തിന്‍റെയും ഒരേ സമയം സഹചാരിയായിരുന്നു. പാശ്ചാത്യക്ലാസിക്കല്‍ മ്യൂസിക്കിന്‍റെ ഭ്രാന്തമായ ആവേശം തലയ്ക്കുപിടിച്ചു സംഗീതത്തിനു സ്വന്തം രൂപവും ഭാവവും നല്‍കിയ മഹാനുഭാവന്‍. താന്‍ ചിട്ടപ്പെടുത്തിയത് കേള്‍ക്കാനുള്ളഭാഗ്യം ബീഥോവനുണ്ടായില്ല. പൂര്‍ണമായി ശ്രവണസുഖം നഷ്ടപ്പെട്ട പ്പോഴേക്കും അദ്ദേഹം എക്കാലത്തെയും വലിയ സിംഫണി ചിട്ടപ്പെടുത്തി. ഇങ്ങനെ കാര്യമാത്ര പ്രസക്തമായി കാഴ്ചപ്പുറങ്ങളെ അതിന്‍റെ ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ത്തുവച്ച് പുതിയൊരു ആസ്വാദന സംസ്കാരം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നത് ഉത്കൃഷ്ടമായ ഒരനുഭവ സംസ്കാരമാണ്. ഇതേ അനുഭവത്തിന്‍റെ മറുപുറത്താണ് ‘ഹിറ്റ്ലര്‍ സമം ഏകാധിപത്യം’ എന്ന അദ്ധ്യായം കടന്നുവരുന്നത്. കാരൂര്‍ എഴുതുന്നത് ശ്രദ്ധിക്കുക. “ഹിറ്റ്ലറിന്‍റെ അനുയായികള്‍ക്ക് വിശുദ്ധപുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മ്മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. പക്ഷേ, ഈ ആധുനിക കാലത്ത്, എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമന്യേ വായനക്കാര്‍ കുതിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയെല്ലാം ആഴത്തില്‍ ഒഴുകിക്കിടക്കുന്ന നിരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന കാലത്തിന്‍റെ അനുഭവപ്രപഞ്ചം മലയാളത്തിന്‍റെ യാത്രാവിവരണശാഖയ്ക്ക് നല്‍കുന്ന പുത്തനുണര്‍വ് അഭിനന്ദനാര്‍ഹമായ ഒന്നാണ്.

കാരൂരിലെ എഴുത്തുകാരന്‍ (യാത്രികന്‍) ,സ്വയം നവീകരിക്കുകയും അത്തരം നവീകരണപദ്ധതിയിലൂടെ ഭാഷയെയും നവീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മഹത്തായ ഈ യാത്രാപുസ്തകങ്ങള്‍ ഒരു കാലഘട്ടത്തിന്‍റെ ചരിത്ര സാംസ്കാരിക സാമൂഹ്യ ജീവിതത്തിലേക്കു തുറന്നു വച്ച ഒരു മൂന്നാം കണ്ണുകൂടിയാണ്.”

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more