ഡെർന: വടക്കൻ ലിബിയയിലെ പ്രളയത്തിൽ 3958 പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭ. യു.എൻ ഓഫീസ് ഫോർ ദ കോർഡിനേഷൻ ഓഫ് ഹുമാനിറ്റേറിയൻ അഫേഴ്സ് (ഒ.സി.എച്ച്.എ) ആണ് പുതുക്കിയ കണക്ക് പുറത്തുവിട്ടത്. 9000 പേരെയാണ് പ്രളയത്തിൽ കാണാതായത്.
പ്രളയത്തിൽ 11,300 പേർ മരിച്ചുണ്ടാകാമെന്നാണ് നേരത്തെ യു.എൻ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണക്ക് യു.എൻ പുറത്തുവിട്ടത്. രണ്ടായിരത്തോളം പേർ കടലിലേക്ക് ഒഴുകിപ്പോയിട്ടുണ്ട്. ഏഴ് ദിവസം കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനവും പുനരധിവാസവും ഫലപ്രദമായി ഏകോപിപ്പിക്കാൻ കഴിയാത്തത് ജനങ്ങൾ അമർഷത്തിലാണ്.
ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ 71 ദശലക്ഷം ഡോളറിന്റെ സഹായം വേണമെന്നാണ് യു.എൻ മാനുഷികകാര്യ ഓഫീസ് അറിയിച്ചത്. അവശ്യ മരുന്നുകൾ, ശസ്ത്രക്രിയാ സാമഗ്രികൾ അടക്കം കിഴക്കൻ ലിബിയയിലെ ഏകദേശം 2,50,000 ആളുകൾക്ക് അടിയന്തര സഹായം എത്തിക്കാൻ ലോകാരോഗ്യ സംഘടന നടപടി സ്വീകരിച്ചിട്ടുണ്ട്.
ഡാനിയൽ ചുഴലിക്കാറ്റും പേമാരിയും ലിബിയൻ തീരം തൊട്ട സെപ്റ്റംബർ ഒമ്പത് രാത്രിയാണ് 120,000 ജനസംഖ്യയുള്ള ഡെർന നഗരത്തിന് പുറത്തെ രണ്ട് ഡാമുകൾ ഒന്നിച്ച് തകർന്നത്. ഡെർനയിൽ നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർന പുഴ കരകവിഞ്ഞത് പ്രളയത്തിന് കാരണമായി.
നീണ്ടകാലം രാജ്യം ഭരിച്ച മുഅമ്മർ ഖദ്ദാഫിയെ 2011ൽ നാറ്റോ സേന കൊലപ്പെടുത്തിയ ശേഷം കെട്ടുറപ്പുള്ള ഭരണകൂടം പോലുമില്ലാത്ത അവസ്ഥയിലാണ് ലിബിയ.
click on malayalam character to switch languages