1 GBP = 106.59
breaking news

പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.

പതിനാലാമത് യുക്മ ദേശീയ കലാമേള മാനുവൽ പ്രകാശനം ചെയ്തു. റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു.

അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുകെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന യുക്മ റീജിയണൽ, ദേശീയ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുകയാണ്. കലാമേള മത്സരങ്ങൾക്കുള്ള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” ന്റെ ആദ്യ കോപ്പി സുപ്രസിദ്ധ വ്ളോഗർ ശ്രീ. സുജിത് ഭക്തൻ, യുക്‌മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറക്ക് നൽകി പ്രകാശനം ചെയ്തു. യുക്മ കേരളപൂരം വള്ളംകളിയുടെ സമാപന സമ്മേളന വേദിയിൽ വെച്ച് നടന്ന പ്രകാശന ചടങ്ങിൽ, വിശിഷ്ടാതിഥി കേംബ്രിഡ്ജ് ഡപ്യൂട്ടി മേയർ ബൈജു വർക്കി തിട്ടാല, കലാമേള മാനുവൽ തയ്യാറാക്കിയ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവരും സന്നിഹിതരായിരുന്നു. കാലോചിതമായി പരിഷ്കരിച്ച കലാമേള മാനുവലിലെ മാർഗ്ഗരേഖകളെ മുൻനിർത്തിയായിരിക്കും യുക്മ റീജിയണൽ, ദേശീയ കലാമേളകൾ നടത്തപ്പെടുക. 

യുക്മ കലാമേള മാനുവൽ 2023 റീജിയണുകൾ വഴി അംഗ അസ്സോസ്സിയേഷനുകളിലേക്ക് ഇതിനോടകം എത്തിച്ച്‌ കഴിഞ്ഞതായി യുക്‌മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ അറിയിച്ചു. മലയാളി പ്രവാസി സമൂഹത്തിൻറെ ഏറ്റവും വലിയ കലാ മാമാങ്കമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ ദേശീയ കലാമേളയിൽ നൂറ്റി മുപ്പത്തിയാറ് അംഗ അസ്സോസ്സിയേഷനുകളിൽ നിന്നുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഒൻപത് റീജിയണുകളിലായി നടക്കുന്ന മേഖലാ കലാമേളകളിൽ പങ്കെടുത്ത് യോഗ്യത നേടിയവരാണ് ദേശീയ കലാമേളയിൽ മികവ് തെളിയിക്കുവാൻ എത്തുന്നത്.

കലാകാരന്റെ ആശയാവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ക്രിയാപരമായ കഴിവുകൾക്കും മുൻതൂക്കം നൽകുകയെന്ന ആഗ്രഹത്തോടെ, കലാമേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ കലാപരമായ ഉന്നമനത്തിന് വേദിയൊരുക്കുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് കലാമേള മാനുവൽ തയ്യാറാക്കിയതെന്ന് കലാമേള മാനുവൽ സമിതിയിലെ അംഗങ്ങളായ ജയകുമാർ നായർ, സണ്ണിമോൻ മത്തായി, ലിറ്റി ജിജോ എന്നിവർ പറഞ്ഞു. ലോക പ്രവാസി മലയാളികൾക്കിടയിലെ ഏറ്റവും വലിയ സാംസ്കാരിക വേദിയായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്‌മ ദേശീയ കലാമേള ഏറ്റവും ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ ദേശീയ നേതൃത്വം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more