1 GBP = 106.84
breaking news

72-ാം വയസിലും നിത്യയൗവനം; വള്ളത്തിൽ പങ്കായം പിടിച്ചയാളിന്ന് മലയാള സിനിമയുടെ അമരക്കാരൻ; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

72-ാം വയസിലും നിത്യയൗവനം; വള്ളത്തിൽ പങ്കായം പിടിച്ചയാളിന്ന് മലയാള സിനിമയുടെ അമരക്കാരൻ; മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. 72-ാം വയസിലും മലയാള സിനിമയിലെ നിത്യ യൗവ്വനം എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. താരരാജാവിന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ.രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും നാല് വയസ്സുള്ള കുട്ടി മുതൽ നാൽപ്പതു വയസ്സുള്ള ആളുകൾ വരെ ഒരേ മനസ്സോടെ മമ്മുക്കയെ വിഷ് ചെയ്യാൻ ആ വീട്ടു പടിക്കൽ കാത്തുനിന്നു.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്.പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് മമ്മുക്കയെ ആരാധകരും സുഹൃത്തുക്കളും വിശേഷിപ്പിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബർ ഏഴിന് മലയാള സിനിമകണ്ട എക്കാലത്തെയും മികച്ച നടൻ ജനിക്കുന്നത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം ജനിച്ചു വളർന്നത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി.

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറി. ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്‍റെ തുടക്കം. അഞ്ഞൂറിലേറെ സിനിമകളിൽ ഇതിനകം അദ്ദേഹം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്.

എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മുക്ക ശ്രദ്ധേയനായത്. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്.

അതേസമയം മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും.നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറർ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.ഭ്രമയുഗത്തിൽ മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നത്.അതേസമയം ഭ്രമയുഗം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി വൈശാഖ് ചിത്രത്തിൽ ജോയിൻ ചെയ്യും.അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ റിലീസിന് ഒരുങ്ങുന്നു.മമ്മൂട്ടിയുടെ നായിക ജ്യോതികയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more