ചില യാത്രകള്‍ ആത്മാവിലേക്ക് തിരിയുന്നു എന്ന് എഴുതിയത് വിഖ്യാതനായ എഴുത്തുകാരന് കസന്ദ് സാക്കീസാണ്. അദ്ദേഹത്തിന്റെ ‘ജേര്‍ണി ടു ദി മോറിയ’ (Journey To The Morea) എന്ന വരിഷ്ഠ കൃതി ഭൂമിയിലുണ്ടായിട്ടുള്ള എല്ലാ യാത്രകളുടെയും പിതൃസ്ഥാനത്തു നില്ക്കുന്ന ഒന്നാണ്. ആദി പിതാവ്, ആദി യാത്രികന് എന്നീ അര്‍ത്ഥങ്ങളില്‍ നമുക്കിതിനെ നെഞ്ചോടുചേര്‍ത്തു പിടിക്കാം. ആല്‍ബര്‍ട്ട് ഷെറ്റ്സര്‍ രേഖപ്പെടുത്തിയതുപോലെ സമുദ്രത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു ദ്വീപായിരുന്നു കസന്ദ് സാക്കീസ്. എന്നാല്‍ ആ ദ്വീപ് ഒഴുകുന്ന ഒരു സംസ്കാരം കൂടിയായിരുന്നു. സ്വന്തം പ്രലോഭനങ്ങളോട് നിരന്തരം യുദ്ധം ചെയ്ത ഒരെഴുത്തുകാരനായിരുന്നു സാക്കീസ്. ആ യുദ്ധങ്ങളിലേറ്റ കനത്ത മുറിവുകളാണ് അദ്ദേഹത്തിന്റെ കൃതികള്‍. അതില്‍ വിശ്വാസത്തിന്റെയും സന്ദേഹത്തിന്റെയും സമവായത്തിന്റെയും എരിഞ്ഞടങ്ങലിന്റെയും സദൃശ്യവാക്യങ്ങളുണ്ട്. അത് ഗ്രീസിന്റെ വെന്തുമലര്‍ന്ന മണ്ണിലൂടെ ഒരന്വേഷകന് നടന്ന കാല്പാടുകളായിരുന്നു. ‘ജേര്‍ണി ടു ദി മോറിയ’ അതിന്റെ സാഫല്യമായിരുന്നു.
സാക്കീസിനെ ഞാനിപ്പോഴും എന്നപോലെ എപ്പോഴും ഉള്ളില്‍ കൊണ്ടു നടക്കുന്ന ഒരെഴുത്തുകാരനാണ്. ഗ്രീസിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ സാക്കീസിനെയും സാക്കീസിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഗ്രീസിനെയും ഞാനറിയാതെ പിന്തുടരാറുണ്ട്. ‘ജേര്‍ണി ടു ദി മോറിയ’ ഒരു സഞ്ചാരിയല്ലാത്ത എന്നെ നിരന്തരം സഞ്ചരിക്കാന്‍ പ്രലോഭിപ്പിച്ച പുസ്തകമാണ്. സാക്കീസിലൂടെ നടന്നാണ് ഞാന്‍ ഗ്രീസ് കണ്ടത്. സാക്കീസാണ് എനിക്ക് അമ്മയുടെ മുലപ്പാലിനൊപ്പം കുതിര്‍ന്നു കിടന്ന ആ മണ്ണില്‍ നിന്ന് പിതൃക്കളുടെ വേരുകള്‍ കാട്ടിത്തന്നത്. കണ്ണീരും ചോരയും കുതിര്‍ന്ന വിലാപങ്ങളുടെ ഇരുണ്ട സ്ഥലികള്‍ കാട്ടിത്തന്നത്. ആ അര്‍ത്ഥങ്ങളിലെല്ലാം ‘ജേര്‍ണി ടു ദി മോറിയ’ എന്നെ നവീകരിച്ച പുസ്തകമായിരുന്നു. അതെന്നെ മെഴുക്കിയെടുക്കുകയായിരുന്നു, എനിക്ക് ഇന്ദ്രീയങ്ങള്‍ തരുകയായിരുന്നു.
ഞാനോര്‍ക്കുന്നു. അതൊരു യാത്രയുടെ പുസ്തകമായിരുന്നില്ല എന്ന്. അത് ജീവിതത്തിന്റെ പുസ്തകം കൂടിയായിരുന്നു. അതിലെ അദ്ധ്യായങ്ങളില്‍ പകര്‍ന്നാടിക്കിടക്കുന്ന സാക്കീസിന്റെ യാനമുദ്രകളുണ്ട്. ഗ്രീസിന്റെ ചരിത്രം, വംശാവലി, തത്വചിന്തയുടെയും ഇതിഹാസനാടകങ്ങളുടെ അരങ്ങുകള്‍, സംസ്കാരത്തിന്റെ ഉയര്‍ന്ന ശിരസ്സുകള്‍ എല്ലാം സാക്കീസ് സ്വന്തം ജീവിതത്തിന്റെ അനുഭവരാശിയുമായി ചേര്‍ത്തുവച്ച് വിശദീകരിക്കുന്നു. അതില്‍ ഏറെ ഹൃദ്യമായി തോന്നി യത് ഗ്രീസിന്റെ ക്ലാസ്സിക്കല്‍ കാലഘട്ടവുമായി ബന്ധപ്പെട്ട സാക്കീസിന്റെ അനുഭവങ്ങളാണ്. ഇവിടെയെല്ലാം ഓര്‍മ്മകള്‍ ഭൂതബാധിതരെപ്പോലെയാണ്. ഓരോ യാത്രയും ഇവിടെ ശിരസ്സു താഴ്ത്തി നില്ക്കുന്നു. കടുത്ത വേനലിലും കൊഴിയാ ശിഖരദളം പോലെ, അല്ലെങ്കില്‍ ഒരു കൊടു ങ്കാറ്റിലും ഉലയാ പായ്മരം പോലെ.
ആമുഖമായി ഇത്രയും എഴുതിയതിനു പിന്നില്‍ പലകാലങ്ങളിലായി ഞാന്‍ നടത്തിയ ‘പുസ്തകയാത്രകളെ’ക്കുറിച്ച് വീശദീകരിക്കാനാണ്. അവ കേവലം പുസ്തകങ്ങള്ക്കുള്ളില് ഒതുങ്ങിയിരിക്കുന്ന യാത്രകളായിരുന്നില്ല. ആ യാത്രകള്‍ക്കെല്ലാം അതു വായിക്കുന്നവരെക്കൂടി ലോകത്തിന്റെ അതിര്‍ത്തി കടത്തി കൊണ്ടുപോകാനുള്ള തൃഷ്ണാ വ്യഗ്രമാം അനുഭൂതി ഉള്ളവയായിരുന്നു. ഞാന്‍ പറഞ്ഞു വരുന്നത് കാരൂര്‍ സോമന് പലകാലങ്ങളിലായി രചിച്ച യാത്രകളുടെ പുസ്തകങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ്. കാരൂര്‍ ഇനി കാണാത്ത നാടേതാണ് എന്ന് ഞാന്‍ സ്വയം ചോദിക്കാറുണ്ട്. പലരും കണ്ട കാഴ്ചകളല്ല സാഹിത്യമെഴുതുമ്പോള്‍ രേഖപ്പെടുത്തുന്നത്. നമ്മുടെയിടയില്‍ പ്രചുര പ്രചാരം നേടിയ ഹിമാലയന്‍ യാത്രാപുസ്തകങ്ങളിലധികവും ഭാവനയുടെ മാത്രം ഉത്തുംഗഗിരി വര്‍ണ്ണനകളാണ്. തപോവന സ്വാമികളുടെ ‘ഹിമഹിരിവിഹാര’ത്തെ അപനിര്‍മ്മിച്ച് എഴുതിയ എത്രയെത്ര ഹിമാലയന്‍ യാത്രവിവരണങ്ങളുണ്ടാകും. അത്തരം ചോദ്യങ്ങള്‍ക്ക് വിരാമമിടുന്നതാണ് ഉചിതം. കാരണം ആ പുസ്തകങ്ങള്‍ തരുന്ന അനുഭവം കാരൂരിനെപ്പോലുള്ള യാത്രികര്‍ എഴുതിയ അനുഭവവും ആ സേതുഹിമാചലം പോലെ ഏറെ അന്തരമുള്ളതാണ്. ഈ മനുഷ്യന് നടന്നുകയറിയ, കണ്ട കാഴ്ചകളെത്ര, ദൂരങ്ങളെത്ര, അനുഭവിച്ച രാപ്പകലുളെത്ര. ഒരത്ഭുതമാണ്. ആര്‍ക്കും ഇതെല്ലാം കണ്ടുകണ്ടു നടക്കാം. എന്നാല്‍ അതെല്ലാം രേഖപ്പെടുത്തുക, അതു വായനക്കാര്‍ക്ക് കൂടി ദൃശ്യമാകും വിധം അതിനു സമയം കണ്ടെത്തുക. ഇതെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ അത്ഭുതം എന്നല്ലാതെ അധികമൊന്നും പറയാനാവില്ല.
കാരൂരിന്റെ യാത്രാ പുസ്തകങ്ങള്‍ക്ക് ഏറെ വ്യത്യസ്തമായ ഒരനുഭവതലമാണുള്ളത്. പ്രധാന സവിശേഷത അത് സ്വയം സംസാരിക്കുകയും സഹൃദയനെ ഒപ്പം കൂട്ടുകയും ചെയ്യുന്ന പുസ്തകങ്ങളാണ് എന്നുള്ളതാണ്. സ്വയം സംസാരിക്കുന്ന യാത്രാ പുസ്തകങ്ങള്‍ മലയാളത്തില്‍ തീരെ കുറവാണ്. ഞാനാരംഭത്തില്‍ സൂചിപ്പിച്ച സാക്കീസിന്റെ പുസ്തകം സ്വയം സംസാരിക്കുന്ന ഒന്നാണ്. പലപ്പോഴും അത് ആത്മഭാഷണം പോലെ മന്ത്രമധുരമായ കവിതയായിത്തീരാറുമുണ്ട്. കാരൂരിന്റെ യാത്രാപുസ്തകങ്ങള്‍ക്ക് അത്തരമൊരു അഭിജാത ഭംഗിയാണുള്ളത്. സ്വയം സംസാരിക്കുകയും യാത്രയ്ക്കൊപ്പം കൂടുന്നവരെ കണ്ടു നടക്കുന്ന സ്ഥലരാശികള്‍ സൂക്ഷ്മദര്‍ശിനി ഉപയോഗിച്ചാലെന്നവണ്ണം കാട്ടി ത്തരികയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ഒരു ‘ട്രാവലോഗ്’ എന്നതിനപ്പുറത്തേക്ക് കടക്കുവാന്‍ കഴിയുന്നൊരു ആര്‍ജ്ജിത വ്യക്തിത്വം ഈ യാത്രാ പുസ്തകങ്ങള്‍ക്കെല്ലാമുണ്ട്. മറ്റൊന്ന് വൈജ്ഞാനികമായ ലോകങ്ങളിലേക്ക് ഈ യാത്രാപുസ്തകങ്ങള് ജാലകങ്ങള്‍ തുറന്നിടുന്നു എന്നുള്ളതാണ്. കേവലം പാഠപുസ്തകങ്ങളില്‍ മാത്രം പരിചിതമായ ലോകങ്ങളെ, അതിന്റെ അതിര്‍ത്തികള്‍ ഇല്ലാതെ തന്നെ അനുഭവിക്കാന്‍ കഴയുന്നു എന്നുള്ളത് പുതിയൊരനുഭവമാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages