1 GBP = 106.18
breaking news

രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി

രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്; പ്രധാനമന്ത്രി

ലോക സിംഹ ദിനത്തില്‍ വന്യജീവികളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് സിംഹങ്ങളുടെ എണ്ണത്തില്‍ ഇപ്പോള്‍ ക്രമാനുഗതമായ വര്‍ദ്ധനവുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസ കേന്ദ്രമായി ഇന്ത്യ മാറിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നമ്മുടെ ഹൃദയങ്ങളെ ശക്തിയും മഹത്വവും കൊണ്ട് ആകര്‍ഷിക്കുന്ന രാജകീയ പ്രൗഢിയുള്ള സിംഹങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ന്. ഏഷ്യാറ്റിക് സിംഹങ്ങളുടെ ആവാസകേന്ദ്രമെന്ന നിലയില്‍ ഇന്ത്യ അഭിമാനിക്കുന്നു, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്’ – അദ്ദേഹം ട്വീറ്റ് ചെയ്തു.

‘‘സിംഹങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. വരും തലമുറകളിലേക്ക് അവ കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്ന് ഉറപ്പാക്കിക്കൊണ്ട് നമുക്ക് അവരെ സംരക്ഷിക്കുകയും ചെയ്യാമെ’ന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം സിംഹങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ആഗസ്റ്റ് 10 ന് ലോക സിംഹ ദിനം ആചരിക്കുന്നു. ‘കാട്ടിലെ രാജാവ്’ എന്നറിയപ്പെടുന്ന സിംഹങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകമാണ്. ആവാസവ്യവസ്ഥ ഇല്ലാതാകുന്നത്, വേട്ടയാടൽ തുടങ്ങി നിരവധി ഭീഷണികൾ സിംഹങ്ങൾ നേരിടുന്നു.

സിംഹങ്ങളുടെ ഇന്നത്തെ ദുരവസ്ഥയെക്കുറിച്ചും അടുത്ത കാലത്തായി സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ​ഗോളതലത്തിൽ സിംഹ ദിനം ആചരിക്കുന്നത്. സിംഹങ്ങൾ നേരിടുന്ന ഭീഷണിയുടെ കാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കേണ്ടത് പ്രധാനമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more