സ്വന്തം ലേഖകൻ
നനീട്ടൻ: യുക്മ ദേശീയ കായികമേളയ്ക്ക് നാളെ നനീട്ടണിൽ തുടക്കമാകും. കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടുമെത്തിയ കായികമേളയ്ക്ക് വിവിധ റീജിയണുകളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. റീജിയനുകളിൽ നിന്ന് വിജയിച്ച ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരാണ് ദേശീയ കായികമേളയിൽ മാറ്റുരയ്ക്കുന്നത്. കായികമേളക്കായുള്ള ഒരുക്കങ്ങൾ യുക്മ മിഡ്ലാൻഡ്സ് റീജിയണിലെ നനീട്ടണിൽ പൂർത്തിയായതായി യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ് തുടങ്ങിയവർ അറിയിച്ചു.
നനീട്ടണിലെ ദി പിങ്കിൾസ് സ്റ്റേഡിയത്തിൽ പത്ത് മണിയോടെ ആരംഭിക്കുന്ന കായികമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് കായികമേളയുടെ ചുമതല വഹിക്കുന്ന യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിലും സ്മിതാ തോട്ടവും ദേശീയ കായികമേള കോർഡിനേറ്ററായ സലീന സജീവും അറിയിച്ചു. യുക്മ ദേശീയ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്‌ഘാടനം ചെയ്യുന്ന കായികമേളയിൽ മുൻ ദേശീയ വ്യക്തിഗത ചാമ്പ്യന്മാർ വഹിക്കുന്ന ദീപശിഖയോടൊപ്പം കായിക താരങ്ങളുടെ വർണ്ണാഭമായ മാർച്ച് പാസ്റ്റുമുണ്ടാകും.
അറുന്നൂറോളം കായികതാരങ്ങളെയും അതിലേറെ വരുന്ന കാണികളെയും പ്രതീക്ഷിക്കുന്ന സംഘാടകർ വിപുലമായ കാർ പാർക്കിംഗ് സൗകര്യങ്ങളും മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഭക്ഷണ ശാലയും ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കിൽ ദിവസം മുഴുവനും നാടൻ വിഭവങ്ങളുമായാണ് യുകെ മലയാളികൾക്ക് പ്രിയങ്കരയായ റെഡ് ചില്ലീസ് എത്തുന്നത്.
ഇക്കുറിയും കായികമേളയിൽ ശ്രദ്ധേയമാകുന്നത് വടംവലി തന്നെയായിരിക്കും. വിവിധ റീജിയനുകളിലായി നാല്പതോളം വടംവലി ടീമുകളാണ് പങ്കെടുത്തത്. വടംവലി മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ട്രോഫികൾ കൂടാതെ ആകർഷമായ സമ്മാനത്തുകയും സംഘാടകർ ഒരുക്കുന്നുണ്ട്.
നാളെ നടക്കുന്ന ദേശീയ കായികമേളയിൽ എല്ലാ അംഗ അസ്സോസിയേഷനുകളുടെയും സജീവ സാന്നിദ്ധ്യം ഉണ്ടാകണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.
കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം
THE PINGLES STADIUM, AVENUE ROAD, NUNEATON, CV11 4LX
click on malayalam character to switch languages