1 GBP = 110.31

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 4– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കാലത്തിന്‍റെ എഴുത്തകങ്ങള്‍ 4– (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

പൊതുവില്‍ കാരൂരിന്‍റെ സര്‍ഗാത്മരചനകള്‍ സംഭവിക്കുന്നത് ഗ്രാമനഗരങ്ങളിലാണ്. ഈ രണ്ടു സ്ഥലരാശികളിലുമായി ഒഴുകിക്കിടക്കുന്ന ജീവിതത്തിന്‍റെ തന്നെ ആകസ്മികതയാണ് കാരൂര്‍ എഴുത്തിലേക്ക് കൊണ്ടു വരുന്നത്. ഈ വരവ് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാക്കി തീര്‍ക്കുകയാണ് എഴുത്തുകാരനായ കാരൂര്‍. അതിനനുസൃതമായ അനുഭവ വിഷയങ്ങളാണ് കാരൂര്‍ കണ്ടെടുക്കുന്നത്. പ്രത്യക്ഷത്തില്‍ അത് നമ്മുടെ തന്നെ ജീവിതത്തിന്‍റെ പകര്‍ന്നാട്ടമാണ്. എന്നാലത് വ്യവസ്ഥാപിതമായ ചട്ടക്കൂട്ടുകളില്‍ അഭയം തേടുന്ന ഒരാശയോ ആശയത്തെ പിന്‍പറ്റിനില്‍ക്കുന്ന ഒരവതരണമോ അല്ല. പകരം ഉരുകിയൊലിക്കുന്ന ജീവിതത്തിന്‍റെ തന്നെ ഒരു മൂല്യബോധം സൃഷ്ടിച്ചെടുക്കാ നുള്ള അദമ്യമായ വാഞ്ച ഈ രചനകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രചനകള്‍ മുന്നോട്ട് വയ്ക്കുന്ന ആശയതലത്തില്‍ രണ്ടു വ്യത്യസ്ത സരണികളുണ്ടെന്ന് വരുന്നു. അതിലാദ്യത്തേത് സ്വാതന്ത്ര്യം എന്നതാണ്. അത് പ്രത്യക്ഷത്തില്‍ മനുഷ്യനുമായി ബന്ധപ്പെട്ട ഒരടിസ്ഥാനവിഷയമായിക്കാണാമെങ്കിലും കാരൂരിന്‍റെ രചനകളില്‍ അതില്‍ ‘മനുഷ്യന്‍’ എന്ന ഒറ്റപദത്തിനു താഴെ ഒരുക്കിവച്ച് വിലയിരുത്താവുന്ന ഒന്നല്ല എന്നു വരുന്നു. സ്വാതന്ത്ര്യത്തെ ബഹുസ്വരതയാര്‍ന്ന അനുഭവപരമ്പരകളുമായി ചേര്‍ത്തു വിലയിരുത്തുന്ന ഒന്നാണത്. ഇത്തരം തീക്ഷ്ണവ്യക്തിത്വം പേറുന്ന ജീവിതാനുഭവത്തെ കാലഗന്ധിയായ നിലപാടുകള്‍ കൊണ്ടു പൂരിപ്പിക്കുകയുമാണ് ഈ എഴുത്തുകാരന്‍. ഇത് സത്യസന്ധമായ എഴുത്തിന്‍റെ കരുതല്‍ കൂടിയാണ്.

സ്വാതന്ത്ര്യം പോലെ തന്നെ കാരൂരിന്‍റെ രചനകളില്‍ ആവര്‍ ത്തിച്ചു പ്രത്യക്ഷപ്പെടുന്ന അനുഭവരാശികളിലൊന്ന് അതിനുള്ളിലെ സമകാലികതയാണ്. അത് കേവലം പൊള്ളയായ മാനവികമൂല്യങ്ങളെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമായിട്ടല്ല കാരൂര്‍ ഇതിനെ കാണുന്നത്. പകരം കൃതിയെ അതിന്‍റെ ഭാവിയിലേക്ക് തുറന്നു വിടുന്ന മാതിരി ഒരു ക്രാഫ്റ്റും ഘടനയുമാണ് അവതരണമായ് കാരൂര്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇത് ‘പഴഞ്ചന്‍ പാരമ്പര്യം’ എന്നു വിളിച്ചു പരിമിതപ്പെടുത്തിയേക്കാമെങ്കിലും ഈ പഴഞ്ചനിലെ ‘പുതുമ’ ദാര്‍ശനികമായൊരു അനുഭവസീമയിലേക്ക് കൃതിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് നാം കാണേണ്ടതായുണ്ട്. മറ്റൊന്ന് ‘പാരമ്പര്യം’ എന്നതിനെക്കുറിച്ചാണ്. കാരൂരിന്‍റെ സര്‍ഗ്ഗാത്മക രചനകളിലധികം കടുത്ത പാരമ്പര്യനിഷ്ഠമായ അനുഭവത്തില്‍ നിന്ന് പിറവികൊണ്ടുള്ളവയാണ്. അത് ഐന്ദ്രീയാനുഭൂതിയുടെയും അതിഭൗതികാനുഭൂതിയുടെയും സാംസ്കാരികതലം ബോധപൂര്‍വ്വം സൃഷ്ടിക്കുന്നില്ല. എങ്കില്‍ കൂടിയും ഈ രചനകള്‍ ആസുര മായ കാലത്തിന്‍റെ അടയാളങ്ങളായി മാറുന്നു. ഈ മാറ്റം മലയാളത്തില്‍ പുതിയ അനുഭവത്തിന്‍റെ ജ്വലനമാര്‍ന്ന മാതൃക കൂടിയായി വായിക്കപ്പെടേണ്ടതിന്‍റെ അനിവാര്യതയിലേക്കാണ് വെളിച്ചം വീഴ്ത്തുന്നത്. ഇങ്ങനെയെല്ലാം ഒരു രചന അതിന്‍റെ മൂല്യനിര്‍ണ്ണയ രീതിയെ നിര്‍ദ്ധാരണം ചെയ്യുകയാണ്.

എഴുതാനിരിക്കുന്ന കാരൂരിനെ ഞാന്‍ സങ്കല്പനം ചെയ്യാറുണ്ട്. ആ മനുഷ്യന്‍റെ നിമ്ന്നോന്നതകളെക്കുറിച്ച് അജ്ഞാതനായൊരു സങ്കല്പനത്തിലെ പലപ്പോഴും എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. വളരെ സ്വാഭാ വികമായി ജീവിതത്തെ നോക്കിക്കാണുന്ന ഒരെഴുത്തുകാരനാണ് കാരൂര്‍. ഈ സ്വഭാവികത കാരൂരിന്‍റെ എഴുത്തിലുമുണ്ട്. ഇത് സാഹിത്യ പഠനത്തിന്‍റെയോ വിലയിരുത്തലിന്‍റെയോ പരിധിയില്‍ വരാത്തതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. ആരംഭത്തില്‍ സൂചിപ്പിച്ചതു പോലെ കൃതി കാലാതീതമായി നിലകൊള്ളുന്നതിന് പിന്നില്‍ സൗന്ദര്യപരമായ സംഘര്‍ഷങ്ങള്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടു കൂടിയാണ്. എല്ലാ ആന്തരിക സംഘര്‍ഷങ്ങളും സൗന്ദര്യശാസ്ത്ര നിര്‍വചനത്തിന്‍റെ പരിധിയില്‍ വരുന്നില്ല. അത്തരം സംഘര്‍ഷങ്ങള്‍ മാത്രമേ പാരമ്പര്യം സൃഷ്ടിക്കുകയുള്ളൂ. എന്നാല്‍ മലയാളത്തിലെ അപൂര്‍വ്വം ചില എഴുത്തുകാര്‍ അനുഭവത്തെ ആന്തരിക സംഘര്‍ഷങ്ങളായി അവതരിപ്പിക്കുന്നത് കാണാം. അക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒരു എഴുത്തുകാരനാണ് കാരൂര്‍.

ആരംഭത്തില്‍ ചോദിച്ച ചോദ്യങ്ങളിലൊന്നിന്‍റെ താത്ത്വികമായ ഒരടിത്തറ തന്നെ ഇത്തരം സൗന്ദര്യപരമായ സംഘര്‍ഷങ്ങളില്‍ നിന്ന് രൂപപ്പെട്ടതാണ്. കാരൂരിലെ എഴുത്തുകാരന്‍റെ സംഘര്‍ഷങ്ങള്‍ ഒരിക്കലും ദിവ്യമാക്കപ്പെട്ട സംഘര്‍ഷങ്ങളല്ല. അത് എഴുത്തുകാരനും കാലവും തമ്മില്‍ നടത്തുന്ന സംഘട്ടനമാണ്. അത് കലാപമാണ്. അത് മനുഷ്യ സ്വാതന്ത്ര്യത്തെ ലക്ഷ്യം വച്ചുകൊണ്ട് നടത്തുന്ന ഉന്നതമായ പോരാട്ട മാണ്. ആത്മസംഘര്‍ഷം എന്നത് ഇവിടെ ആശയങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി മാറുന്നു. ആ പ്രഖ്യാപനത്തിന്‍റെ ചലനാത്മകതയിലാണ് കാരൂരിലെ എഴുത്തുകാരന്‍ അടിയുറച്ച് വിശ്വസിക്കുന്നത്. ഇത് കാരൂരിന്‍റെ പ്രതിഭയെ അടിമുടി നവീകരിക്കുന്ന പരിപക്വമാര്‍ന്ന നിലപാടുകൂടിയാണ്. അതിന്‍റെ പരിധിയില്‍ വരാത്ത ഒന്നിനോടും ഈ എഴുത്തുകാരന്‍ കൂറ് പ്രഖ്യാപിക്കുന്നില്ല എന്നു കാണാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാരൂരിന്‍റെ രചനാരീതി തികച്ചും വൈയക്തികമായിരിക്കുമ്പോള്‍ തന്നെ അത് കഥാപാത്രങ്ങളുടെ സ്വഭാവഘടനയിലും ബുദ്ധിപരമായ തീരുമാനങ്ങളിലും ജീവിതത്തിന്‍റെ മൂല്യവത്തായ സംസ്കാരം തിരിച്ചറിയാന്‍ ശ്രമിക്കുന്നു എന്നുള്ളതാണ്. ഇതിന് കൃത്യമായൊരു സാസ്കാരിക പശ്ചാത്തലം കൂടിയുണ്ട്. ഇത്തരം അനുഭവങ്ങള്‍ പങ്കിടേണ്ടി വരുന്ന വിശാലമായ ക്യാന്‍വാസ് നോവലിന്‍റേതാണ്. ദസ്തയവസ്കിയെപ്പോലുള്ള വലിയ എഴുത്തുകാരില്‍ അനുഭവപ്പെടാറുള്ള ഭാവാത്മകമായ ധ്യാനത്തെ സമകാലിക ജീവിത പരിസരത്തേക്ക് കൊണ്ടുവന്ന് അതില്‍ നിന്ന് കഥാപാത്രത്തിന്‍റെ മനസ്സിനെയും ശരീരത്തെയും വേര്‍തിരിക്കുകയായ് കാരൂര്‍ ചെയ്യുന്നത്. ഇങ്ങനെ അനുഭവങ്ങളുടെ തടവറയില്‍പ്പെട്ട് ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെട്ട് വിലപിക്കുന്ന ജീവിതസ്വത്വത്തെ കാരൂരിലെ എഴുത്തുകാരന്‍ ഒരു വ്യക്തിയിലൂടെ സംഭവമുഹൂര്‍ത്തങ്ങളിലേക്ക് പരകായ പ്രവേശനം ചെയ്യിപ്പിക്കുന്നു. അങ്ങനെ വരുമ്പോള്‍ കൃതി, ആരുടെയും ആപ്തവചനങ്ങളില്ലാതെ തന്നെ സ്വയം നവീകരിക്കുകയും, ആ നവീകരണത്തിലൂടെ വൈയക്തികമായ സ്വാതന്ത്ര്യത്തിന്‍റെ പരകോടിയില്‍ പ്രകാശിതമാക്കുകയും ചെയ്യും. ഇതൊരുതരം തീപ്പൊരിയാണ്. കാരൂരിന്‍റെ പ്രതിഭയില്‍ ഇത്തരമൊരുപാട് ജ്വാലാമുഖങ്ങളുണ്ട്. എന്നാല്‍ പ്രബുദ്ധമായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ഈ എഴുത്തുകാരന്‍ പാലിക്കുന്ന സുദൃഢമായൊരു ജീവിതചര്യയുണ്ട്. അത് കെട്ടകാലത്തിന്‍റെ സുവിശേഷമാണ്. ആ അര്‍ത്ഥത്തില്‍ അതൊരു തുറന്നു പറച്ചിലാണ്. അതുകൊണ്ടാണ് സമകാലിക സംഭവങ്ങള്‍ പലപ്പോഴും കാരൂരിന്‍റെ രചനകളില്‍ വളരെ പരുഷമായിത്തന്നെ ഇടംപിടിക്കുന്നത്. മറ്റൊന്ന് അത്തരം സമകാലികാനുഭവങ്ങളെ രചനകളിലേക്ക് കൂട്ടിക്കൊണ്ടു വരുമ്പോള്‍ കാരൂര്‍ ലക്ഷ്യം വയ്ക്കുന്നൊരു രീതിശാസ്ത്രമുണ്ട്. അത് എഴുത്തുകാരന്‍റെ കാലദര്‍ശനത്തിന്‍റെ തുടര്‍ച്ചയായി സംഭവിക്കുന്ന ഒരനുഭവമാണ്. ആ അനുഭവത്തെ തീഷ്ണവ്യക്തിത്വം പേറുന്ന ചിന്തകളുമായി ഇടകലര്‍ത്തി അനുഭവത്തിന്‍റെ തന്നെ മറ്റൊരരങ്ങ് സൃഷ്ടിക്കുകയാണ് കാരൂര്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more