1 GBP = 106.09
breaking news

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ

നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ഒപ്പുവയ്ക്കാതെ ഗവർണർ. ബില്ലിൽ കൂടുതൽ വിശദീകരണം തേടി ആരിഫ് മുഹമ്മദ് ഖാൻ ആരോഗ്യവകുപ്പിന് കത്തയച്ചു. ആയുഷ് വിഭാഗം ബില്ലിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കത്തിന് മറുപടി നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 

1939 ലെ മദ്രാസ് പബ്ളിക് ഹെൽത്ത് ആക്ടും 1955 ലെ തിരുകൊച്ചി പബ്ളിക് ഹെൽത്ത് ആക്ടും സംയോജിപ്പിച്ചാണ് ഏകീകൃത പൊതുജനാരോഗ്യ ബിൽ കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയത്. പകർച്ചപ്പനി പ്രതിരോധത്തിന് ഉൾപ്പടെ പൊതുജനാരോഗ്യ നിയമം നിലവിൽ വരേണ്ടത് സംസ്ഥാനത്ത് അനിവാര്യമാണ്. അടിയന്തര സാഹചര്യം ഉണ്ടായിട്ടുപോലും ബില്ലിൽ ഒപ്പുവയ്ക്കാത്ത ഗവർണറുടെ നടപടിയിൽ കടുത്ത അതൃപ്തിയാണ് സർക്കാരിന് ഉള്ളത്. ഇതിന് പിന്നാലെയാണ് ബില്ലിൽ കൂടുതൽ വ്യക്തത തേടി ഗവർണർ ആരോഗ്യവകുപ്പിന് കത്തയച്ചത്. ആയുഷ് വിഭാഗത്തെ അപ്രസക്തമാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് ഒരു വിഭാഗം ഡോക്ടർമാർ ഗവർണർക്ക് പരാതി നൽകിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഗവർണർ സർക്കാരിൽ നിന്ന് കൂടുതൽ വിശദീകരണം തേടിയത്. റൂൾസ് ഒഫ് ബിസിനസ് പ്രകാരം ഇത് ഗവർണറുടെ അധികാര പരിധിയിൽ പെടുന്നതല്ലെന്നാണ് സർക്കാർ വാദം. എന്നാൽ നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഉന്നയിച്ച സംശങ്ങളിൽ വ്യക്തത വരുത്തി ആരോഗ്യ വകുപ്പ് മറുപടി നൽകിയിട്ടുണ്ട്

നിയമ വകുപ്പുമായി കൂടി ആലോചിച്ചാണ് ആരോഗ്യ വകുപ്പ് ഗവർണർക്ക് മറുപടി നൽകിയത്. ആരോഗ്യമേഖലയിലെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പൊതുജനാരോഗ്യ ബിൽ അനിവാര്യമാണെന്നിരിക്കെ ഗവർണറിൽ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more