1 GBP = 109.62

സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി പതിനൊന്നാം വയസ്സിൽ ആദ്യ പുസ്തകം പുറത്തിറക്കി ലണ്ടനിലെ മലയാളി ബാലൻ സ്റ്റീവ് ലൂബി മാത്യൂസ് ശ്രദ്ധേയനാവുന്നു.

സ്കൂൾ ജീവിതത്തിലെ അനുഭവങ്ങൾ കോർത്തിണക്കി പതിനൊന്നാം വയസ്സിൽ ആദ്യ പുസ്തകം പുറത്തിറക്കി ലണ്ടനിലെ മലയാളി ബാലൻ സ്റ്റീവ് ലൂബി മാത്യൂസ് ശ്രദ്ധേയനാവുന്നു.

കൊന്നപ്പൂക്കൾ വിരിഞ്ഞ് നിൽക്കുന്നതും, തുമ്പികൾ പറക്കുന്നതും, പുഴയൊഴുകുന്നതുമൊക്കെ ഒരാളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമ്മയേകുന്ന കാഴ്ച്ചയാണ്. പക്ഷെ താൻ കണ്ടതും ആസ്വദിച്ചതുമായ കാഴ്ചകളൊക്കെ തനിക്ക് മാത്രമാക്കാതെ മറ്റുള്ളവർക്കും അവയെന്നും ആസ്വദിയ്ക്കാനായി കാൻവാസിൽ വരകളായും കടലാസിൽ വാക്കുകളായും കോറിയിടുന്നവർ അനുഗ്രഹീതരാണ്. നോവിന്റെ തീക്കനലിൽ വെന്തുരുകിയും, അനുഭവങ്ങളുടെ കാണാക്കയത്തിൽ നീന്തിത്തളർന്നുമാണ് എഴുതാനുള്ള പ്രചോദനം പലർക്കും ലഭിയ്ക്കുന്നത്. അതിൽ നിന്നൊക്കെ വിഭിന്നമായി കുട്ടിത്തം മാറാത്ത പ്രായത്തിൽ, കളിച്ചുനടക്കേണ്ട പ്രായത്തിൽ, മനസ്സിലെ ആശയങ്ങൾ തഴുകിയും താലോലിച്ചും പിന്നെ കടലാസിലേക്ക് പകർത്തിയെഴുതിയും തുടങ്ങിയ രചന ആദ്യപുസ്തകത്തിന്റെ പ്രകാശനം വരെയെത്തിച്ച് മലയാളികളുടെ അഭിമാനമായി മാറിയിരിയ്ക്കുകയാണ് ഈസ്റ്റ് ലണ്ടനിലെ സ്റ്റീവ് ലൂബി മാത്യൂസ്.

പതിനൊന്ന് വയസ്സുമാത്രം പ്രായമുള്ള സ്കൂൾ വിദ്യാർത്ഥി തന്റെ സ്കൂൾ ജീവിതത്തിലെ ഓർമ്മകൾ കോർത്തിണക്കിയാണ് ആദ്യപുസ്തകം പുറത്തിറക്കിയത്. വളരെ ചെറു പ്രായത്തിൽ തന്നെ എഴുത്തുകാരനായി മാറിയ സ്റ്റീവ് ലൂബിക്ക് ഇനി താണ്ടാനേറെ വഴികളുണ്ട്, രചിയ്ക്കാനേറെ പുസ്തകങ്ങളുമുണ്ട്. ഇക്കഴിഞ്ഞ മെയ് 7ന് ലണ്ടനിലെ റോംഫോർഡ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ലണ്ടൻ ബറോ, ബാർക്കിംഗ്, ഹോവറിംഗ് ആൻഡ് ഡഗൻഹാം എം പി യുടെ ഓഫീസ് മാനേജരായ മാർഗ്ഗരറ്റ് മുള്ളൻ, സെൻറ് ആൽബൻസ് കാത്തലിക്ക് സ്കൂളിലെ മുൻ ഹെഡ്ടീച്ചർ മിസ്സിസ് ഷബെർഗ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. തന്റെ അദ്ധ്യാപകർക്കും ക്ലാസ്സിലെ മുഴുവൻ കൂട്ടുകാർക്കുമായി സമർപ്പിച്ചിരിക്കുന്ന പുസ്തകത്തിന്റെ കോപ്പികൾ ആമസോണിൽ ലഭ്യമാണ്. പിറവം സ്വദേശിയായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയുടെയും സോണിയ ലൂബിയുടെയും മകനാണ് സ്റ്റീവ്. സാമന്ത ലൂബി മാത്യൂസ് ഏക സഹോദരിയാണ്.

സ്റ്റീവ് എഴുതിയ 36 പേജുള്ള ‘മൈ പ്രൈമറി ഇയേഴ്സ് ഇൻ ഇങ്ക് : പ്രൈമറി സ്കൂൾ ക്രോണിക്ക്ൾസ്’ എന്ന പുസ്‌തകം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന ആമസോൺ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more