കൊല്ലം സുധിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ എട്ടരക്ക് പുതുപ്പള്ളി പൊങ്ങന്താനത്തെ വീട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് പത്തു മണിയോടെ പൊങ്ങന്താനം യുപി സ്കൂളിൽ പൊതുദർശനം നടക്കും. പതിനൊന്നു മണിയോടെ വാകത്താനം ഞാലിയാക്കുഴി സെൻ്റ് മാത്യൂസ് ക്നാനായ കത്തോലിക്ക ചർചിലും പൊതുദർശനമുണ്ടാകും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തും. രണ്ടു മണിക്ക് തോട്ടയ്ക്കാട് റിഫോമ്സ് ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെയാണ് കൊല്ലം സുധി വാഹനാപകടത്തിൽ മരണപ്പെട്ടത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. സുധി സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്. നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.
കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഫഌവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവർണകാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.
വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ല.
click on malayalam character to switch languages