1 GBP = 106.75
breaking news

സിനിമ നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണമടഞ്ഞു; ജീവനെടുത്തത് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ

സിനിമ നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരണമടഞ്ഞു; ജീവനെടുത്തത് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ

തൃശൂർ: സിനിമ നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ജീവനെടുത്തത് വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയുണ്ടായ അപകടം. കൊല്ലം സുധി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ, എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം.

വടകരയിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോൾ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കാർ ഓടിച്ചത് ഉല്ലാസാണെന്നാണ് വിവരം. കൊല്ലം സുധി കാറിന്‍റെ മുൻസീറ്റിലായിരുന്നു ഇരുന്നത്. വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. കാറിന്‍റെ മുൻഭാഗം പാടെ തകർന്നു.

പരിക്കേറ്റവരെ ഉടൻ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുധിയെ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയ്പമംഗലം പൊലീസും സ്ഥലത്തെത്തി.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സുധിയുടെ സിനിമാ പ്രവേശനം. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ബിഗ് ബ്രദർ, നിഴൽ, കേശു ഈ വീടിന്റെ നാഥന്‍, ചിൽഡ്രൻസ് പാർക്ക്, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങി വിവിധ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. രേണുവാണ് സുധിയുടെ ഭാര്യ. രാഹുൽ, ഋതുൽ എന്നിവർ മക്കളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more