ഭാഷാ പണ്ഡിതന്‍ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. രാവിലെ 9.15 ഓടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 90 വയസായിരുന്നു. സര്‍വവിജ്ഞാനകോശം, വിശ്വസാഹിത്യ വിജ്ഞാന കോശം മുതലായ പരമ്പരകള്‍ തയാറാക്കിയത് വെള്ളായണി അര്‍ജുനന്റെ നേതൃത്വത്തിലാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്‌കാര ജേതാവുമാണ്.
1933 ഫെബ്രുവരി 10നാണ് വെള്ളായണി അര്‍ജുനന്റെ ജനനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് എം എ മലയാളം എടുത്ത ശേഷമാണ് അദ്ദേഹം കൊല്ലം ശ്രീനാരായണ കോളജില്‍ മലയാള ഭാഷാ അധ്യാപകനായത്. ശൂരനാട് കുഞ്ഞന്‍പിള്ളയാണ് അധ്യാപകവൃത്തിയിലേക്ക് അര്‍ജുനനെ കൈപിടിച്ച് കയറ്റുന്നത്. പ്രൈവറ്റായി ഹിന്ദി പഠിച്ചാണ് അദ്ദേഹം ഹിന്ദി എം എ നേടിയെടുക്കുന്നത്.
ഇതിന് ശേഷമാണ് അദ്ദേഹം അലിഗഡ് സര്‍വകലാശാലയില്‍ മലയാളം അധ്യാപകനായി എത്തുന്നത്. അലിഗഡിലെ ആദ്യ മലയാള അധ്യാപകന്‍ എന്ന പ്രത്യേകത കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്‍പത് വര്‍ഷക്കാലമാണ് അദ്ദേഹം അലിഗഡില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചത്.
1964ലാണ് അദ്ദേഹം അലിഗഡില്‍ നിന്ന് പിഎച്ച്ഡി നേടുന്നത്. പിന്നീട് മൂന്ന് വിഷയങ്ങളില്‍ അദ്ദേഹം മൂന്ന് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഡി ലിറ്റ് നേടി. മൂന്ന് ഡി ലിറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍സൈക്ലോപീഡിക് പബ്ലിക്കേഷനില്‍ 1975 മുതല്‍ 1988 വരെ ചീഫ് എഡിറ്ററായും 2001 മുതല്‍ 2004 വരെ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് 12 വാല്യങ്ങളുള്ള മലയാളം എന്‍സൈക്ലോപീഡിയ, വിശ്വസാഹിത്യവിജ്ഞാനകോശത്തിന്റെ ഏഴ് വാല്യങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചത്.
2008ലാണ് രാജ്യം വെള്ളായണി അര്‍ജുനന് രാജ്യം പത്മശ്രീ നല്‍കി ആദരിക്കുന്നത്. നാല്‍പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇരുപതോളം പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. രാധാമണിയാണ് ഭാര്യ. മക്കള്‍: ഡോ സുപ്രിയ, ഡോ രാജശ്രീ, ജയശങ്കര്‍ പ്രസാദ്.
click on malayalam character to switch languages