1 GBP = 106.75
breaking news

ഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ

ഐപിഎൽ: അവസാന നാലിൽ പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളും; ‘അടിവാര’ത്തുനിന്ന് ബാക്ക് ബെഞ്ചേഴ്സ് ആയി മുംബൈ

ഐപിഎലിലെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസാന നാലിലെത്തിയത് പുതുമുഖങ്ങളും സൂപ്പർ സ്റ്റാറുകളുമാണ്. കഴിഞ്ഞ വർഷം ഐപിഎലിലേക്കെത്തിയ ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നിവർക്കൊപ്പം പഴയ പടക്കുതിരകളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും അവസാന നാലിലെത്തി. ഗുജറാത്തും ചെന്നൈയും ലക്നൗവും തുടക്കം മുതൽ പ്ലേ ഓഫ് റേസിൽ മുന്നിലുണ്ടായിരുന്നെങ്കിൽ തോറ്റുതുടങ്ങിയ മുംബൈ അടിവാരത്തുനിന്ന് ബക്ക് ബെഞ്ചേഴ്സ് ആയാണ് നാലാം സ്ഥാനം ഉറപ്പിച്ചത്.

ഗുജറാത്ത് ടൈറ്റൻസിൻ്റെ കരുത്ത് അവരുടെ ബൗളിംഗ് ആണ്. മുഹമ്മദ് ഷമി, മോഹിത് ശർമ, റാഷിദ് ഖാൻ, നൂർ അഹ്‌മദ് എന്നിവർക്കൊപ്പം ഹാർദിക് പാണ്ഡ്യ, ജോഷ്വ ലിറ്റിൽ, അൽസാരി ജോസഫ്, ആർ സായ് കിഷോർ തുടങ്ങി കളത്തിലും ബെഞ്ചിലും ക്വാളിറ്റിയുള്ള ബൗളർമാർ. കഴിഞ്ഞ സീസണിൽ ഗുജറാത്തിൻ്റെ കിരീടധാരണത്തിൽ നിർണായക പ്രകടനം നടത്തിയ സായ് കിഷോർ ഇത്തവണ ഒരു കളി പോലും കളിച്ചില്ലെന്നത് ടീമിൻ്റെ ബൗളിംഗ് കരുത്തിനെ തെളിയിക്കുന്നുണ്ട്.

ബാറ്റിംഗ് നിര നോക്കുമ്പോൾ ഒരു പിടി മിസ് ഫിറ്റ്, നോട്ട് സോ ഗ്രേറ്റ് പേരുകളാണുള്ളത്. 38 വയസുകാരനായ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, മുംബൈയിലെ പ്രകടനത്തിൻ്റെ നിഴലിൽ പോലുമല്ലാത്ത ഹാർദിക് പാണ്ഡ്യ, ത്രീഡി ട്രോളുകൾ ഏറ്റുവാങ്ങുകയും കളിച്ച എല്ലാ ഐപിഎൽ ടീമിലും അധികപ്പറ്റാവുകയും ചെയ്ത വിജയ് ശങ്കർ, കില്ലർ എന്ന വിളിപ്പേരുണ്ടെങ്കിലും സ്ഥിരതയില്ലാത്ത ഡേവിഡ് മില്ലർ, ഇനിയും ക്രിക്കറ്റ് പണ്ഡിറ്റുകൾ പൂർണമായി വിശ്വസിച്ചിട്ടില്ലാത്ത രാഹുൽ തെവാട്ടിയ, ടിഎൻപിഎൽ മേൽവിലാസം മാത്രമുള്ള സായ് സുദർശൻ, ടെസ്റ്റ് വിക്കറ്റ് കീപ്പർ ശ്രീകർ ഭരത്, കരിയർ അവസാനിക്കാറായ മാത്യു വെയ്ഡ് എന്നിങ്ങനെയാണ് ഗുജറാത്തിൻ്റെ ബാറ്റിംഗ് ഡെപ്ത്. എന്നാൽ, ഈ പേരുകളിൽ നിന്ന് ഒരു ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ മാനേജ്മെൻ്റിനു സാധിച്ചു. ടി-20യ്ക്ക് ചേരാത്ത ശുഭ്മൻ ഗിൽ ഈ സീസണിൽ 680 റൺസുമായി ഓറഞ്ച് ക്യാപ്പ് പോരിൽ രണ്ടാമത് നിൽക്കുന്നു. സ്ട്രൈക്ക് റേറ്റ് 150നു മുകളിൽ. ശുഭ്മൻ എന്ന റൺ മെഷീനെ മാറ്റിനിർത്തിയാൽ മറ്റൊരാളും സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിയിട്ടില്ല. എന്നാൽ, ശങ്കർ, സാഹ, മില്ലർ, സുദർശൻ തുടങ്ങിയവർ ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. ഇതാണ് ഗുജറാത്തിൻ്റെ വിജയഫോർമുല. ഓരോ കളിയിലും ഓരോ താരങ്ങൾ മാച്ച് വിന്നർമാരാവുന്നു. കഴിഞ്ഞ സീസണിലും ഗുജറാത്തിൻ്റെ വിജയം ഇതുതന്നെയായിരുന്നു. കപ്പടിക്കാൻ ഏറ്റവുമധികം സാധ്യത ഗുജറാത്തിനു തന്നെ.

14 സീസൺ, 12 പ്ലേ ഓഫ്, ഒരു നായകൻ. ചെന്നൈ സൂപ്പർ കിംഗ്സും എംഎസ് ധോണിയും ഐപിഎലിൽ കാണിച്ചുകൊണ്ടിരിക്കുന്ന മാസ് ഒരാളും ഒരിക്കലും കാണിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും സീസണുകളായി ഡാഡീസ് ആർമി എന്ന വിളിപ്പേര് ലഭിച്ച ചെന്നൈ ഈ സീസണിൽ മതീഷ പതിരന എന്ന ഗേം ചേഞ്ചിംഗ് ബൗളറെ അൺലീഷ് ചെയ്തത് മാസ്റ്റർ സ്ട്രോക്ക് ആയി. കഴിഞ്ഞ സീസണിൽ പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ച പതിരന ഈ സീസണിൽ 10 മത്സരങ്ങൾ കളിച്ച്, അവസാന ഓവറുകൾ മാത്രം എറിഞ്ഞ് നേടിയത് എണ്ണം പറഞ്ഞ 15 വിക്കറ്റ്. പല മത്സരങ്ങളിലും ചെന്നൈയുടെ വിജയത്തിൽ പതിരന നിർണായക പ്രകടനം നടത്തി. പതിരനയ്ക്കൊപ്പം ശ്രീലങ്കൻ സഹതാരം മഹീഷ് തീക്ഷണ, തല്ലുകിട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള തുഷാർ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ, ദീപക് ചഹാർ, മിച്ചൽ സാൻ്റ്നർ, ആകാശ് സിംഗ്, ഡ്വെയിൻ പ്രിട്ടോറിയസ് തുടങ്ങി തകർപ്പൻ എന്ന് പറയാനാവില്ലെങ്കിലും തരക്കേടില്ലാത്ത ബൗളിംഗ് നിര ചെന്നൈക്കുണ്ട്.

ബാറ്റിംഗിൽ ഡെവോൺ കോൺവേ, ഋതുരാജ് ഗെയ്ക്വാദ് എന്നീ ഓപ്പണർമാർ തന്നെയാണ് ചെന്നൈയുടെ കരുത്ത്. സ്ഥിരതയും വേഗതയും വേണ്ടുവോളമുള്ള സഖ്യം ഒട്ടുമിക്ക മത്സരങ്ങളിലും ചെന്നൈക്ക് അവിശ്വസനീയ തുടക്കം നൽകി. ശിവം ദുബെയെ സ്പിൻ കില്ലർ എന്ന തരത്തിലാണ് ചെന്നൈ ഉപയോഗിച്ചത്. സീറോ ഫുട്‌വർക്കിൽ കളിക്കുന്ന ദുബെ ഈ സീസണിൽ 33 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ഇതിൽ 20 എണ്ണവും സ്പിൻ ബൗളിംഗിനെതിരെ. ഓഫ് സ്പിൻ, ലെഗ് സ്പിൻ, ലെഫ്റ്റ് ആം ഓർത്തഡോക്സ്, ചൈനമാൻ. ഏതായാലും ശരി. ശരാശരി 63. ടൂർണമെൻ്റിലാകെ 160 സ്ട്രൈക്ക് റേറ്റിലും 38.5 ശരാശരിയിലും ദുബെ 385 റൺസ് നേടി. ആദ്യ ചില മത്സരങ്ങളിൽ രഹാനെയും നന്നായി കളിച്ചു. എംഎസ് ധോണിയുടെ ഫിനിഷിംഗിന് സാരമായ പരുക്കുകൾ സംഭവിച്ചിട്ടില്ല എന്നും തെളിഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാൾ, ഐപിഎൽ ലേലത്തിൽ ഏറ്റവുമധികം തുക ലഭിച്ചവരിൽ ഒരാൾ. ബെൻ സ്റ്റോക്സ് ചെന്നൈക്കായി കളിച്ചത് ആകെ രണ്ട് മത്സരങ്ങൾ മാത്രം. എന്നിട്ടും അവർ ആധികാരികമായി രണ്ടാം സ്ഥാനത്തെത്തി.

ടീം നായകനും ഏറ്റവും മികച്ച ബാറ്ററുമായ കെഎൽ രാഹുൽ സീസൺ പാതിയിൽ പുറത്തായെങ്കിലും ലക്നൗ പ്ലേ ഓഫിലെത്തിയത് അവരുടെ ടീം ബാലൻസിൻ്റെ മികവാണ്. ഒരുപക്ഷേ, സീസണിൽ ഏറ്റവും ബാലൻസ്ഡ് ആയ ബാറ്റിംഗ് നിരകളിൽ ഒന്നായിരുന്നു ലക്നൗ. കെയിൽ മയേഴ്സ്, ക്വിൻ്റൺ ഡികോക്ക്, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരാൻ എന്നിങ്ങനെ മികച്ച ബാറ്റിംഗ് കോർ. പ്രേരക് മങ്കദ്, കൃണാൽ പാണ്ഡ്യ, ആയുഷ് ബദോനി എന്നീ പേരുകളും ശ്രദ്ധേയം. ദീപക് ഹൂഡ എന്ന വീക്ക് പോയിൻ്റ് മാറ്റിനിർത്തിയാൽ ലക്നൗ ബാറ്റിംഗ് കരുത്തുറ്റതാണ്. ഡികോക്ക് പോലെ ഒരു ലോകോത്തര ഓപ്പണറിന് മയേഴ്സിനായി വഴിമാറിക്കൊടുക്കേണ്ടിവന്നു എന്നത് അവരുടെ കരുത്താണ്.

രവി ബിഷ്ണോയ്, അമിത് മിശ്ര, മാർക്ക് വുഡ്, മൊഹ്സിൻ ഖാൻ, നവീനുൽ ഹഖ്, കൃണാൽ പാണ്ഡ്യ, ആവേശ് ഖാൻ, യാഷ് താക്കൂർ തുടങ്ങിയവരടങ്ങിയ ബൗളിംഗ് നിര അത്ര കരുത്തരല്ലെങ്കിലും മികച്ച ഒരു സംഘം തന്നെയാണ്.

തിലക് വർമ, നേഹൽ വധേര, ആകാശ് മധ്വാൾ, അർഷദ് ഖാൻ, വിഷ്ണു വിനോദ്, കുമാർ കാർത്തികേയ, ഋതിക് ഷൊകീൻ, രാഘവ് ഗോയൽ, അർജുൻ തെണ്ടുൽക്കർ, ഡുവാൻ ജാൻസൻ. സീസണിൽ ഏറ്റവുമധികം അൺകാപ്പ്ഡ് താരങ്ങളെ കളിപ്പിച്ച ടീമായിരുന്നു മുംബൈ. തുടരെ രണ്ട് പരാജയങ്ങളുമായി ആരംഭിച്ച മുംബൈ പ്ലേ ഓഫിൽ അവസാന സ്ഥാനക്കാരായി കയറിയപ്പോൾ വിജയിച്ചത് മാനേജ്മെൻ്റിൻ്റെ തന്ത്രങ്ങളാണ്. ടൂർണമെൻ്റിൻ്റെ സിംഹഭാഗത്തും അടിവാരത്ത് ചെലവഴിച്ച മുംബൈ ഇന്ന് നാലാം സ്ഥാനത്ത് നിൽക്കുന്നെങ്കിൽ അവർക്ക് ഒരു സല്യൂട്ട് നൽകണം. ടൂർണമെൻ്റിലെ ഏറ്റവും മോശം ബൗളിംഗ് നിരയെ എക്സ്പ്ലോസിവ് ബാറ്റിംഗ് നിര വച്ച് കൗണ്ടർ ചെയ്ത മുംബൈ അൺകാപ്പ്ഡ് താരങ്ങളിൽ നിന്ന് മാച്ച് വിന്നർമാരെ ഉണ്ടാക്കിയെടുക്കുന്നത് തുടർന്നു.

ആകാശ് മധ്‌വാൾ, നേഹൽ വധേര എന്നിവരാണ് ഇത്തവണ മുംബൈ ഇന്ത്യക്ക് സമ്മാനിക്കുന്ന താരങ്ങൾ. മധ്‌വാളിൻ്റെ ഡെത്ത് ഓവറുകൾ പല മത്സരങ്ങളിലും മുംബൈയെ താങ്ങിനിർത്തി. കേളികേട്ട ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റുകളായ വിദേശ ബൗളർമാർ പോലും തല്ലുവാങ്ങിയപ്പോൾ മധ്‌വാൾ വേറിട്ടുനിന്നു. 10 ഫസ്റ്റ് ക്ലാസ്, 17 ലിസ്റ്റ് എ, 22 ടി-20 മത്സരങ്ങളുടെ പരിചയവുമായി എത്തിയ മധ്‌വാൾ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പേരുകളിൽ ഒന്നായി. 34ആം വയസിൽ, പർപ്പിൾ ക്യാപ്പ് പട്ടികയിൽ 20 വിക്കറ്റുകളുമായി നാലാമതുള്ള പീയുഷ് ചൗള മുംബൈയുടെ സർപ്രൈസ് പാക്കേജായി. ചൗളയുടെ ഏറ്റവും മികച്ച സീസൺ ആണിത്. 10 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകളുള്ള ജേസൻ ബെഹ്റൻഡോർഫ് ആണ് മുംബൈക്കായി നല്ല പ്രകടനം നടത്തിയ അടുത്ത ബൗളർ. ബെഹ്റൻഡോർഫിൻ്റെ എക്കണോമി പക്ഷേ, 10നടുത്താണ്. ഇവരല്ലാതെ ബൗളിംഗ് നിരയിൽ എടുത്തുപറയേണ്ട ഒരു പേരുപോലും ഇല്ല.

ഈ ബൗളിംഗ് നിരയെ മുംബൈ കൗണ്ടർ ചെയ്തത് എക്സ്പ്ലോസീവായ ഒരു ഇന്ത്യൻ ബാറ്റിംഗ് കോർ വച്ചാണ്. ഇഷാൻ കിഷൻ ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. തിലക് വർമ ആദ്യ ചില മത്സരങ്ങളിൽ നന്നായി കളിച്ചു. പിന്നീട് പരുക്കേറ്റ് പുറത്തായപ്പോൾ എത്തിയ നേഹൽ വധേര തൻ്റെ ടാലൻ്റ് ലോകത്തിനു കാണിച്ചുകൊടുത്തു. 8 ഇന്നിംഗ്സ്, 30 ശരാശരി, 10 സ്ട്രൈക്ക് റേറ്റ്, രണ്ട് ഫിഫ്റ്റി. ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയ സൂര്യകുമാർ യാദവ് പിന്നീട് തൻ്റെ സ്ഥിരം ഫോമിലെത്തി. 14 ഇന്നിംഗ്സ്, 511 റൺസ്, 42 ശരാശരി, 185 സ്ട്രൈക്ക് റേറ്റ്, ഓറഞ്ച് ക്യാപ്പ് പട്ടികയിൽ ഏഴാമത്. കാമറൂൺ ഗ്രീൻ ആദ്യ മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റികൾ നേടിയെങ്കിലും തൻ്റെ ടാലൻ്റിനനുസരിച്ച് കളിച്ചിരുന്നില്ല. എന്നാൽ, നിർണായകമായ അവസാന ലീഗ് മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 47 പന്തിൽ 100 നോട്ടൗട്ട്. സ്ട്രൈക്ക് റേറ്റ് 212. 14 ഇന്നിംഗ്സ്, 381 റൺസ്, 54 ശരാശരി, 159 സ്ട്രൈക്ക് റേറ്റ്. കേവലം രണ്ട് മത്സരങ്ങളിൽ മാത്രം കളിച്ച വിഷ്ണു വിനോദ് ഗുജറാത്തിനെതിരെ നടത്തിയ പ്രകടനവും മുംബൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് തെളിയിക്കുന്നു. ആദ്യ മത്സരങ്ങളിലൊക്കെ നിരാശപ്പെടുത്തിയ രോഹിത് ശർമ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നല്ല രണ്ട് ഇന്നിംഗ്സുകൾ കളിച്ചു. ടിം ഡേവിഡ് ചില മത്സരങ്ങൾ നന്നായി ഫിനിഷ് ചെയ്തു.

ഈ ബൗളിംഗ് നിര വച്ച് മുംബൈ കപ്പടിക്കില്ല എന്നതിനപ്പുറം എലിമിനേറ്റർ കടക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ, ഈ ബൗളിംഗ് നിര വച്ച് അവർ അവസാന നാലിലെത്തിയെന്നതാണ് ഈ സീസണിൻ്റെ ഹൈലൈറ്റ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more