1 GBP = 113.63
breaking news

വിരട്ടാനോ ചതിക്കാനോ ഇല്ല, പാര്‍ട്ടി അമ്മയാണ്, മകന് വേണ്ടത് അമ്മ തരും: ഡി കെ ശിവകുമാര്‍

വിരട്ടാനോ ചതിക്കാനോ ഇല്ല, പാര്‍ട്ടി അമ്മയാണ്, മകന് വേണ്ടത് അമ്മ തരും: ഡി കെ ശിവകുമാര്‍

സിദ്ധരാമയ്യ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് ഏകദേശം ഉറപ്പായിട്ടും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം തുടര്‍ന്ന് ഡി കെ ശിവകുമാര്‍. മുഖ്യമന്ത്രി പദം വീതം വയ്ക്കുകയാണെങ്കില്‍ ആദ്യ ടേം വേണമെന്നാണ് ഡി കെ ശിവകുമാറിന്റെ ആവശ്യം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണ തനിക്കാണെന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയില്‍ ഡി കെ അതൃപ്തി രേഖപ്പെടുത്തി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്കായി ഡി കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചര്‍ച്ചകള്‍ നടക്കുക.

പാര്‍ട്ടിയെ ചതിക്കാനോ പിന്നില്‍ നിന്ന് കുത്താനോ ഇല്ലെന്നാണ് എഎന്‍എയോട് ഡി കെ ശിവകുമാര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി തനിക്ക് മാതാവിനെപ്പോലെയാണ്. മകന് ആവശ്യമുള്ളത് മാതാവ് തരുമെന്നും ഡി കെ പറയുന്നു. ഒരു തരത്തിലും വിഭാഗീയത ഉണ്ടാക്കാനില്ലന്നും ഡി കെ ശിവകുമാര്‍ പറയുന്നു.

എഐസിസി നിയോഗിച്ച നിരീക്ഷകര്‍ ഇന്നലെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കര്‍ണാടകയുടെ ചുമതലയുള്ള ഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാര്‍ ഡല്‍ഹിയില്‍ എത്തിയാല്‍ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ.

അതേസമയം ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ നിര്‍ണായകമാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്തെ 85 കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. സിദ്ധരാമയ്യ ഡല്‍ഹിയില്‍ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോര്‍മുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്.

ഡി.കെ.ശിവകുമാര്‍ നിലപാട് കടുപ്പിച്ചതോടെ പ്രശ്‌ന പരിഹാരം ദേശീയ നേതൃത്വത്തിന് മുന്നില്‍ പ്രതിസന്ധി ആയി മാറിയിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇരു നേതാക്കളുമായും ആശയ വിനിമയം തുടരുന്നു. പരമവധി വേഗത്തില്‍ ഒരു ധാരണ രൂപപ്പെടുത്താനാണ് ശ്രമം. സിദ്ധരാമയ്യയ്ക്ക് ആദ്യ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദം എന്ന നിര്‍ദ്ധേശത്തിനാണ് ദേശിയ നേതൃത്വം ഇപ്പോഴും മുന്‍ തൂക്കം നല്‍കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more