ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും ജയം നേടിയ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകൾ. ഒരു സീസണിൽ 200ലധികം വിജയലക്ഷ്യം ഏറ്റവുമധികം തവണ പിന്തുടർന്ന് വിജയിച്ച ടീം, 200 ലധികമുള്ള സ്കോറുകൾ ഏറ്റവും കുറഞ്ഞ പന്തിൽ പിന്തുടർന്ന ടീം എന്നീ റെക്കോർഡുകളാണ് മുംബൈ തിരുത്തിയെഴുതിയത്.
സീസണിൽ ഇതുവരെ മൂന്ന് തവണയാണ് മുംബൈ 200+ സ്കോർ പിന്തുടർന്ന് വിജയിച്ചത്. ഏപ്രിൽ 30ന് രാജസ്ഥാൻ റോയൽസിനെതിരെ 213 റൺസ് പിന്തുടർന്ന് വിജയിച്ച മുംബൈ തൊട്ടടുത്ത മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 215 പിന്തുടർന്ന് വിജയിച്ചു. ഈ രണ്ട് മത്സരങ്ങളും അവസാന ഓവറിലാണ് മുംബൈ വിജയിച്ചത്. കഴിഞ്ഞ കളി 200 ചേസ് ചെയ്ത മുംബൈ 17ആം ഓവറിൽ വിജയം കുറിച്ചു. 2018, 2014 സീസണിൽ രണ്ട് തവണ 200ലധികമുള്ള വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിൻ്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ് ഉണ്ടായിരുന്നത്.
ആർസിബിക്കെതിരെ 21 പന്തുകൾ ബാക്കിനിൽക്കെയാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്. ഇതോടെ 200ലധികം വിജയലക്ഷ്യം ഏറ്റവും കുറഞ്ഞ പന്തുകളിൽ മറികടക്കുന്ന ടീമെന്ന റെക്കോർഡും മുംബൈ സ്ഥാപിച്ചു. 2017 സീസണി ഗുജറാത്ത് ലയൺസ് മുന്നോട്ടുവച്ച 208 റൺസ് വിജയലക്ഷ്യം 15 പന്തുകൾ ബാക്കിനിർത്തി ഡൽഹി ക്യാപിറ്റൽസ് പിന്തുടർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ഇന്നലെ കളിയിൽ മുംബൈക്ക് വേണ്ടി സൂര്യകുമാർ യാദവ് 83(35), നെഹാൽ വഡേര 52(34), ഇഷാൻ കിഷൻ 42 (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആർസിബിക്ക് വിരാട് കോലി (1), അനുജ് റാവത്ത് (6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് ഫാഫ്- മാക്‌സി സഖ്യമാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഗ്ലെൻ മാക്‌സ്‌വെൽ (33 പന്തിൽ 68), ഫാഫ് ഡു പ്ലെസിസ് (41 പന്തിൽ 65) എന്നിവർക്കൊപ്പം വാലറ്റത്ത് ദിനേശ് കാർത്തികിന്റെ (18 പന്തിൽ 30) ഇന്നിംഗ്‌സും ആർസിബിക്ക് കരുത്തായി.
click on malayalam character to switch languages