കിയവ്/വാഴ്സോ: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ സന്ദർശനം പൂർത്തിയാക്കി കിയവ് വിട്ടതിനു പിന്നാലെ ബുധനാഴ്ച യുക്രെയ്നിൽ രണ്ടിടത്ത് റഷ്യൻ ആക്രമണങ്ങളിൽ അഞ്ചു മരണം. കിയവിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കിയവിന്റെ തെക്കു ഭാഗത്തുള്ള റിഴിഷ്ചിവ് നഗരത്തിലെ ഒരു ഹൈസ്കൂളും രണ്ടു ഡോർമിറ്ററികളുമാണ് ഡ്രോൺ ആക്രമണത്തിൽ തകർന്നത്. തെക്കുകിഴക്കൻ യുക്രേനിയൻ നഗരമായ സപോറിഷ്യയിൽ റഷ്യൻ മിസൈൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമാണ്.
കിഷിദ ബുധനാഴ്ച രാവിലെ പോളണ്ടിൽ തിരിച്ചെത്തിയതായി ജപ്പാനിലെ ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ജപ്പാനിലേക്കു മടങ്ങുമെന്നാണ് പ്രതീക്ഷ. അയൽരാജ്യമായ യുക്രെയ്നിനെ സഹായിക്കാൻ പോളണ്ടിന് വികസന പിന്തുണയും പോളണ്ടിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ജപ്പാനും പോളണ്ടും പോലുള്ള സമാന ചിന്താഗതിക്കാരായ രാജ്യങ്ങൾ യുക്രെയ്നിന് പിന്തുണ നൽകുന്നതിലും റഷ്യക്കെതിരായ ഉപരോധം തുടരുന്നതിലും ഒറ്റക്കെട്ടായി തുടരേണ്ടത് നിർണായകമാണെന്ന് കിഷിദ പറഞ്ഞു.
പോളണ്ട് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ വാഴ്സയിൽ സ്വീകരിച്ചു. യുദ്ധത്തിൽ പോളണ്ട് യുക്രെയ്നിന് സൈനികവും മാനുഷികവും രാഷ്ട്രീയവുമായ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ, റഷ്യയുടെ അധിനിവേശം മൂലം കടുത്ത പ്രതിസന്ധിയിലായ യുക്രെയ്നിന് 1560 കോടി യു.എസ് ഡോളറിന്റെ വായ്പാ പാക്കേജിന് അന്താരാഷ്ട്ര നാണയനിധി അംഗീകാരം നൽകി.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടെ യുക്രേനിയൻ തലസ്ഥാനത്തേക്കുള്ള കിഷിദയുടെ അപ്രതീക്ഷിത സന്ദർശനം ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ചൈനീസ് നേതാവ് ഷി ജിൻപിങ്ങിന്റെ റഷ്യൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് കിഷിദ കിയവിലെത്തിയത്. അതിനിടെ, പാശ്ചാത്യ രാജ്യങ്ങൾ തള്ളിക്കളഞ്ഞ യുദ്ധം അവസാനിപ്പിക്കാനുള്ള ചൈനയുടെ യുക്രെയ്ൻ സമാധാന നിർദേശം പുടിനുമായി ചർച്ചചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബുധനാഴ്ച പുലർച്ചെ മോസ്കോ വിട്ടു. സംഘർഷം പരിഹരിക്കുന്നതിന് എല്ലാ രാജ്യങ്ങളുടെയും നിയമാനുസൃതമായ സുരക്ഷാ ആശങ്കകളെ മാനിക്കേണ്ടതിന്റെ ആവശ്യകത റഷ്യയും ചൈനയും സംയുക്ത പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
click on malayalam character to switch languages