1 GBP = 106.75
breaking news

കളത്തിൽ കവിത വിരിയിച്ച കാനറി മായാജാലം; ഡീന്യോയ്ക്ക് ഇന്ന് 43ൻ്റെ ചെറുപ്പം.

കളത്തിൽ കവിത വിരിയിച്ച കാനറി മായാജാലം; ഡീന്യോയ്ക്ക് ഇന്ന് 43ൻ്റെ ചെറുപ്പം.

റൊണാൾഡീഞ്ഞോ വരവറിയിച്ചത് 2002 ലോകകപ്പിലാണ്. ഷിസുവോക്ക സ്റ്റേഡിയത്തിലെ ബ്രസീൽ–ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനൽ മൽസരം. മൈക്കൽ ഓവൻ നേടിയ ഗോളിൽ ഇംഗ്ലണ്ട് മുന്നിലാണ്. ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ റൊണാൾഡീഞ്ഞോയുടെ പാസിൽ നിന്നും റിവാൾഡോ നേടിയ ഗോളിൽ ബ്രസീൽ ഒപ്പം പിടിച്ചു. രണ്ടാം പകുതിയിലായിരുന്നു അത്ഭുതം പിറന്നത്. (ronaldinho 43rd birthday today)

ബ്രസീലിനനുകൂലമായി ഒരു ഫ്രീ കിക്ക്. പോസ്റ്റിലേക്ക് ഏതാണ്ട് 40 വാര ദൂരമുണ്ട്. കിക്കെടുക്കാൻ വന്ന റൊണാൾഡീഞ്ഞോ പോസ്റ്റിലേക്കൊന്നു നോക്കി. ഗോൾ കീപ്പർ ഡേവിഡ് സീമാൻ അഡ്വാൻസ് ചെയ്ത് നിൽക്കുന്നു. മൈതാനത്തിൽ നൃത്തച്ചുവടുകളുമായി സകലരെയും വശീകരിച്ച നീളൻ മുടിക്കാരൻ കിക്ക് പോസ്റ്റിലേക്ക് പായിച്ചു. തന്റെ തലയ്ക്ക് മുകളിലൂടെ നിരുപദ്രവകരമായ കടന്നു പോകുന്ന പന്തിനെ നോക്കി സീമാൻ നിന്നു. പോസ്റ്റിനടുത്തെത്തിയ പന്ത് കൂടോത്രം ആവേശിച്ചതു പോലെ പോസ്റ്റിലേക്ക് ചാഞ്ഞിറങ്ങി. കാറ്റത്ത് കരിയില പൊഴിയും പോലെ പോസ്റ്റിലേക്ക് വീണ ആ ഗോളോടെ ബ്രസീൽ മുന്നിൽ. പതിനൊന്നാം നമ്പർ ജേഴ്സിയണിച്ച് മെല്ലിച്ച ആ ചെറുപ്പക്കാരൻ തന്റെ പല്ലുകൾ മുഴുവനും പ്രദർശിപ്പിച്ചു കൊണ്ട് ഗ്രൗണ്ടിലൂടെ ഓടി. പിന്നാലെ ഓടിയെത്തിയ കഫു അയാളെ വാരിപ്പുണർന്നു. അയാളിൽ നിന്നും കുതറി മാറി ഗാലറിയിലേക്ക് തിരിഞ്ഞ് അയാൾ ഇരു കരങ്ങളും വിടർത്തി നിന്നു. അറിയാച്ചുവടുകളിൽ അയാൾ നൃത്തമാടി. ഗാലറി ഏറ്റു വിളിച്ചു, “ഡീന്യോ”.

ആ വിളി 2015 സെപ്തംബർ 28 വരെ തുടർന്നു. അന്നായിരുന്നു ബ്രസീലിലെ പോർട്ടോ അലെഗ്രെയിൽ ജനിച്ച് ലോകത്തിന്റെ നെറുകയിലെത്തിയ റൊണാൾഡീഞ്ഞോ എന്ന കാൽപ്പന്തു കളിയിലെ മാന്ത്രികന്റെ അവസാന മത്സരം. ഫ്ലുമിനെൻസിനു വേണ്ടി വെറും ഒൻപത് കളികൾ മാത്രം ബൂട്ടണിഞ്ഞ ഡീന്യോ ഇനി ഓടാൻ കരുത്തില്ലെന്നു തിരിച്ചറിഞ്ഞ് തന്റെ ബൂട്ടഴിച്ചു. ദുരന്തങ്ങളിലൂടെ തുടങ്ങിയ ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഫുട്സാൽ കളിച്ചു നടന്ന റൊണാൾഡീഞ്ഞോ ആദ്യം അണ്ടർ–17 ലോകകപ്പ് നേടിയ ബ്രസീൽ ടീമിലും തൊട്ടടുത്ത വർഷം ഗ്രെമിയോയുടെ സീനിയർ ടീമിലുമെത്തി. യൂറോപ്യൻ ക്ലബുകൾ അവനെ നോട്ടമിട്ടു. എത്തിയത് പിഎസ്ജിയിൽ. 2003 ൽ ബാഴ്‌സ ജേഴ്‌സിയിൽ ഡീന്യോ സ്പെയിനിലെത്തി. ഉജ്ജ്വലമായ ഒരു കാലഘട്ടമായിരുന്നു അത്. റൊണാൾഡീഞ്ഞോ കത്തി നിന്ന 5 വർഷങ്ങൾ. ലാ മാസിയ അക്കാദമിയിൽ ലിയോ മെസ്സി എന്ന ഈ നൂറ്റാണ്ടിന്റെ ഫുട്‍ബോൾ മിശിഹാ രൂപം കൊള്ളുന്ന കാലം. 2005 മെയ് ഒന്നിന് മെസ്സി ബാഴ്‌സ സീനിയർ ജേഴ്‌സിയിൽ തന്റെ ആദ്യ ഗോൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡിഫൻഡർമാരുടെ തലക്ക് മുകളിലൂടെ റൊണാൾഡീഞ്ഞോ ഉയർത്തി നൽകിയ പന്ത് ചിപ്പ് ഷോട്ടിലൂടെ മെസ്സി ഗോളിലേക്ക് വഴി തിരിച്ചു വിട്ടു. ഗോൾ നേടിയ ആവേശപൂർവം ഓടിയടുത്ത പതിനേഴുകാരൻ മെസ്സിയെ റൊണാൾഡീഞ്ഞോ തന്റെ ചുമലിലുയർത്തി ലോകത്തിനു കാണിച്ചു കൊടുത്തു. അതൊരു പ്രഖ്യാപനമായിരുന്നു, ‘ഇതാ, എനിക്കൊരു പിൻഗാമി!’ അന്നത്തെ മെസ്സി വളർന്ന് ഒരുപാടുയരത്തിൽ എത്തിയിരിക്കുന്നു. ഡീന്യോയുടെ ആ വിളംബരം കാലം അടയാളപ്പെടുത്തി വെച്ചു.

ഡീന്യോയോടൊപ്പം രണ്ടു വട്ടം ബാർസ സ്പാനിഷ് ലീഗ് കിരീടം ചൂടി. അതിന്റെ തുടർച്ചയായി 2006ലെ യുവേഫ ചാംപ്യൻസ് ലീഗും. ബ്രസീൽ ടീമിനെ 2005 കോൺഫെഡറേഷൻ കപ്പിലും കിരീടത്തിലെത്തിച്ചു. റൊണാൾഡീഞ്ഞോയുടെ കരിയറിന്റെ ഉന്നതിയായിരുന്നു അത്. രണ്ടു വട്ടം ലോക ഫുട്ബോളർ പുരസ്കാരവും റൊണാൾഡീഞ്ഞോയെ തേടിയെത്തി. സാന്തിയാഗോ ബെർണബ്യൂവിലെ ഒരു എൽ ക്ലാസിക്കോയിൽ റയലിനെതിരെ രണ്ടു ഗോൾ നേടിയ റൊണാൾഡീഞ്ഞോയെ ഒന്നിച്ചു എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് റയൽ ആരാധകർ ബഹുമാനിച്ചത്. മറഡോണയ്ക്കും ശേഷം അപൂർവമായ ആ സ്നേഹം കിട്ടുന്ന താരമായി റൊണാൾഡീഞ്ഞോ.

ബാഴ്‌സയിൽ മെസ്സിയുടെ കരിയർ ഉയരുന്നതിനനുസരിച്ച് ഡീന്യോ അസ്തമിച്ചു കൊണ്ടിരുന്നു. അതിന്റെ തുടർച്ചയെന്നോണം 2008 ൽ ഡീന്യോ എസി മിലാനിലെത്തി. അവിടെയും തന്റെ ഗംഭീര പ്രകടനം റൊണാൾഡീഞ്ഞോ തുടർന്നു. പക്ഷേ, ദുംഗയുടെ 2010 ബ്രസീൽ ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ കഴിയാതെ വന്നതോടെ തന്റെ നൃത്തച്ചുവടുകൾ പിഴച്ചു തുടങ്ങിയിരിക്കുന്നുവെന്ന സത്യം റൊണാൾഡീഞ്ഞോ മനസ്സിലാക്കി. അദ്ദേഹം ബ്രസീലിലേക്ക് തിരികെ വന്നു. ഏറെയൊന്നും ഓർക്കാനില്ലാത്ത നാല് വർഷങ്ങൾ. നാല് ക്ളബുകളിലായി തന്റെ അവസാന കാലം ഡീന്യോ തീർത്തു. ഒന്നര വർഷത്തെ കരാറിന് ഫ്ലൂമിനെൻസിൽ എത്തിയെങ്കിലും വെറും രണ്ടു മാസങ്ങൾ നീണ്ട കരിയറിനൊടുവിൽ ഡീന്യോ സുല്ലിട്ടു. പരസ്പര ധാരണയിൽ ക്ലബുമായി അദ്ദേഹം പിരിഞ്ഞു. ഒരിക്കൽ ലോകമെമ്പാടുമുള്ള ഫുട്‍ബോൾ പ്രേമികളെ ത്രസിപ്പിച്ച കാൽച്ചുവടുകളിലെ മായാജാലം അവസാനിച്ചുവെന്ന് വേദനയോടെ മനസ്സിലാക്കിയ അദ്ദേഹം കളമൊഴിഞ്ഞു.

പ്രിയപ്പെട്ട ഡീന്യോ, ഗോളടിച്ചാലും ടാക്കിൾ ചെയ്യപ്പെട്ടാലും കാർഡ് കിട്ടിയാലും നിങ്ങളുടെ മുഖത്ത് വിരിയുന്ന ആ ചിരിയുണ്ടല്ലോ. നിഷ്കളങ്കമായ ആ ചിരി അതാണ് നിങ്ങൾക്ക് ഹേറ്റേഴ്‌സ് ഇല്ലാതിരിക്കുന്നതിനുള്ള. നിങ്ങളുടെ എതിരാളികൾ എപ്പോഴും കളിക്കളത്തിൽ മാത്രമായിരുന്നു. നിങ്ങൾക്ക് ചിരിക്കാനേ അറിയുമായിരുന്നുള്ളൂ. ജന്മദിനാശസകൾ!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more