ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനം ഇന്ന്. ബോർഡർ – ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ആത്‌മവിശ്വാസത്തിലാണ്. രോഹിത് ശർമയുടെ അഭാവത്തിൽ ഇന്നത്തെ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ ഇന്ത്യൻ ടീമിനെ നയിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30ന് മത്സരം ആരംഭിക്കും.
രോഹിതിൻ്റെ അഭാവത്തിൽ ശുഭ്മൻ ഗില്ലും ഇഷാൻ കിഷനും ചേർന്നാവും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ശ്രേയാസ് അയ്യർ പരുക്കേറ്റ് പുറത്തായതിനാൽ സൂര്യകുമാർ യാദവ് നാലാം നമ്പറിലും കെഎൽ രാഹുൽ അഞ്ചാം നമ്പറിലും കളിക്കും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവർക്കൊപ്പം ശാർദുൽ താക്കൂർ, ഉമ്രാൻ മാലിക്, ജയദേവ് ഉനദ്കട്ട് എന്നിവരിൽ ഒരാളാവും മൂന്നാം പേസർ. ബാറ്റിംഗ് കൂടി പരിഗണിച്ച് താക്കൂറിനാണ് സാധ്യത കൂടുതൽ. രവീന്ദ്ര ജഡേജയ്ക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരിൽ ഒരാൾക്ക് അവസരം ലഭിക്കും.
മറുവശത്ത് പാറ്റ് കമ്മിൻസിൻ്റെ അഭാവത്തിൽ സ്റ്റീവ് സ്‌മിത്താണ് ഓസ്ട്രേലിയയെ നയിക്കുക. ഷോൺ ആബട്ട്, മിച്ചൽ സ്റ്റാർക്ക് എന്നിവരാവും സ്പെഷ്യലിസ്റ്റ് പേസർമാർ, കാമറൂൺ ഗ്രീനൊപ്പം മിച്ചൽ മാർഷോ മാർക്കസ് സ്റ്റോയിനിസോ ഓൾറൗണ്ടറായി കളിക്കും. ആദം സാമ്പയാവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.
മാർച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് പരമ്പരയിലെ മറ്റ് മത്സരങ്ങൾ.
ഐപിഎലിനു മുൻപ് ഇന്ത്യ കളിക്കുന്ന അവസാന രാജ്യാന്തര പരമ്പരയാണ് ഇത്. പരമ്പരയ്ക്ക് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ അതാത് ടീമുകളിൽ ചേരും. മൂന്ന് സീസണുകൾക്ക് ശേഷം ഹോം, എവേ ഫോർമാറ്റിലേക്ക് മത്സരങ്ങൾ തിരികെയെത്തുന്ന ഐപിഎൽ സീസണാണ് ഇത്. ഈ മാസം 31നാണ് ഐപിഎൽ ആരംഭിക്കുക.
click on malayalam character to switch languages